സന്നിധാനം: കുട്ടികള്‍ക്ക് സുഗമമായ അയ്യപ്പദര്‍ശനം ഉറപ്പാക്കുന്നതിന് ദേവസ്വം ബോര്‍ഡ് കഴിഞ്ഞവര്‍ഷം ആരംഭിച്ച പ്രത്യേക ഗേറ്റ് സംവിധാനം മണികണ്ഠസ്വാമിമാര്‍ക്കും കൊച്ചുമാളികപ്പുറങ്ങള്‍ക്കും ഏറെ ഉപകാരപ്പെടുന്നു. ഇവിടെയും പോലീസ് എപ്പോഴും കര്‍മനിരതരാണ്.

പതിനെട്ടാം പടി കയറി മുകളിലെത്തിയശേഷം ഫ്ളൈഓവര്‍ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ അയ്യപ്പസന്നിധിയില്‍ നേരിട്ട് എത്താം. ദര്‍ശനത്തിനായുള്ള ആദ്യ നിരയിലാണ് കുട്ടികള്‍ക്ക് സ്ഥാനം ലഭിക്കുക. കുട്ടികളെയും അവര്‍ക്കൊപ്പമുള്ള ഒരു രക്ഷാകര്‍ത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്.

വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഈ സൗകര്യം പ്രയോജനകരമാകുന്നുണ്ട്. ഏറെനേരം ക്യു നില്‍ക്കാതെ ഇക്കൂട്ടര്‍ക്കും 'കുട്ടി' ഗേറ്റിലൂടെയെത്തി ദര്‍ശനം നടത്തുന്നതിന് പോലീസിന്റെ സാന്നിധ്യം ഉപകാരപ്പെടുന്നു.

നഷ്ടപ്പെട്ട മുതലുകള്‍ ഭക്തര്‍ കൈപ്പറ്റണം

തീര്‍ത്ഥാടനം തുടങ്ങി നാളിതുവരെ നിലക്കല്‍ വച്ച് ആയ്യപ്പഭക്തര്‍ക്ക് നഷ്ടപ്പെട്ട പണവും മറ്റ് സാധനങ്ങളും നിലക്കല്‍ പോലീസ് കണ്ട്രോള്‍ റൂമില്‍ സൂക്ഷിക്കുന്നുണ്ട്. ഉടമസ്ഥര്‍ വ്യക്തമായ രേഖകളുമായി കണ്ട്രോള്‍ റൂമിലെത്തി കൈപ്പറ്റേണ്ടതാണെന്ന് നിലക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ബിജു കെ സ്റ്റീഫന്‍ അറിയിച്ചു.