പത്തനംതിട്ട: സൗഹൃദം സ്ഥാപിച്ചശേഷം വാട്സാപ്പ് സന്ദേശങ്ങള്‍ അയച്ചു പ്രലോഭിപ്പിച്ച് ബൈക്കില്‍ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ചെന്നീര്‍ക്കര പ്രക്കാനം കൈതവന ജങ്ഷനില്‍ കല്ലേത്ത് വീട്ടില്‍ കെ.അജിത്ത് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ്, വാട്സാപ്പില്‍ സ്ഥിരമായി സന്ദേശങ്ങള്‍ അയച്ച് അടുപ്പത്തിലായി. തുടര്‍ന്ന്, അശ്ലീല വീഡിയോകള്‍ അയക്കട്ടെ എന്ന് ചോദിച്ച് നിര്‍ബന്ധിച്ചു. മാര്‍ച്ചില്‍ ഫൈനല്‍ പരീക്ഷ കഴിഞ്ഞ സമയത്ത് ഒരു ദിവസം ഉച്ചയോടെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്തി, പെണ്‍കുട്ടിയെ ബൈക്കില്‍ നിര്‍ബന്ധിച്ചു കയറ്റി കോഴഞ്ചേരി നാലുമണിക്കാറ്റ് എന്ന സ്ഥലത്ത് എത്തിച്ചു.

തുടര്‍ന്ന് ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. പിന്നീട് ഫോട്ടോ എടുക്കുകയും ചെയ്ത പ്രതി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ കവിളുകളില്‍ അടിക്കുകയും, പിടിച്ച് വേദനിപ്പിക്കുകയും ചെയ്തു. ഫോട്ടോ മോര്‍ഫ് ചെയ്തു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി, നാലരപവന്‍ തൂക്കം വരുന്ന മൂന്ന് സ്വര്‍ണമാലകളും, 15000 രൂപയും ഭയപ്പെടുത്തി അപഹരിച്ചു. കൂടാതെ,കുട്ടിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ സെപ്റ്റംബര്‍ 24 നും 25 നും ഷെയര്‍ ചാറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.

പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന്, ബന്ധുവിന്റെ സാന്നിധ്യത്തില്‍ പത്തനംതിട്ട പോലീസ് ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തി, കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിക്കൊണ്ടുപോകല്‍, മാനഹാനിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, മോഷണം, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍, ഐ ടി വകുപ്പ് എന്നിവ ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനെ തുടര്‍ന്ന്, ഇന്ന് പുലര്‍ച്ചെ ഇയാളെ പിടികൂടി. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കൂറ്റം സമ്മതിച്ചു. തുടര്‍ന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈല്‍ ഫോണും മറ്റും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ ഡി ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.