ന്യൂഡല്‍ഹി: മനുഷ്യന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ വേഗതയെറുകയാണ്. അപ്പോള്‍ ഒന്നിനും നിലവിലെ വേഗം പോരാതെ വരും.ഈ ആശയത്തെ മുന്‍ നിര്‍ത്തി തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ബുള്ളറ്റ് ട്രെയ്നിന്റെ വേരവോടെയാകും ഇന്ത്യന്‍ റെയില്‍വെയുടെ വേഗത കൂടുതല്‍ കരുത്താര്‍ജ്ജിക്കുക. ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ വൈകാതെ സാധ്യമാവും. ഇ വര്‍ഷം ആദ്യമാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബുള്ളറ്റ് ട്രെയിന്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.2026 ഓടെ ട്രെയിന്‍ ഓടിത്തുടങ്ങും. ബുള്ളറ്റ് ട്രെയിന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

വേഗത മണിക്കൂറില്‍ 280 കിലോമീറ്റര്‍; ഭിന്നശേഷിസൗഹൃദ കോച്ചുകളും ഇരിപ്പിടങ്ങളും

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ മാസങ്ങള്‍ക്കുള്ളില്‍ ഓടിത്തുടങ്ങും.മുംബയ് - അഹമ്മദാബാദ് റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. അതിനിടെ, ഇന്ത്യ നിര്‍മിക്കുന്ന ഹൈസ്പീഡ് ട്രെയിന്‍ വൈകാതെ ട്രാക്കിലേക്ക് എത്തുമെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ശേഷിയുള്ള ഹൈസ്പീഡ് ട്രെയിന്‍ ആണ് ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്നത്.പരമാവധി വേഗത മണിക്കൂറില്‍ 280 കിലോമീറ്ററും പ്രവര്‍ത്തന വേഗത 250 കിലോമീറ്ററും ആയിരിക്കും.

ഒരു ട്രെയിനിന് 200-250 കോടി രൂപ വരെ നിര്‍മാണ ചെലവാണ് പ്രതീക്ഷിക്കുന്നത്.250 കിലോമീറ്റര്‍ പ്രവര്‍ത്തന വേഗതയുമുള്ള ആദ്യ ട്രെയിനില്‍ സ്റ്റാന്‍ഡേര്‍ഡ് 3+2 സീറ്റിംഗ് ക്രമീകരണമുള്ള ഏഴ് ട്രെയിന്‍ ബോഗികളും 2+2 സീറ്റുകളുള്ള ഒരു എക്സിക്യൂട്ടീവ് ബോഗിയും ഉണ്ടാകും.മൊത്തം സീറ്റിംഗ് കപ്പാസിറ്റി ഏകദേശം 174 ആയിരിക്കുമെന്നാണ് കരുതുന്നത്.യാത്രക്കാര്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ ബോഗികള്‍ ട്രെയിനില്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കും.ഭാവിയില്‍ ട്രെയിനില്‍ 12 അല്ലെങ്കില്‍ 16 ബോഗികള്‍ വരെ നീട്ടാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മാണം നടത്തുക.

മുംബയ് - അഹമ്മദാബാദ് റൂട്ടില്‍ തന്നെയാണ് ഇന്ത്യ നിര്‍മിക്കുന്ന ട്രെയിനും ഓടിത്തുടങ്ങുക.പൂര്‍ണമായും ശീതീകരിച്ച കോച്ചുകളാകും ഹൈസ്പീഡ് ട്രെയിനുകളില്‍ ഉപയോഗിക്കുന്നത്. പൂര്‍ണമായും ചെയര്‍ കാറുകളാണെങ്കിലും 360 ഡിഗ്രിയില്‍ തിരിയാനും അതോടൊപ്പം തന്നെ മുന്നിലേക്ക് മടക്കി വയ്ക്കാനും കഴിയുന്നതാകും സീറ്റുകള്‍. ഭിന്നശേഷിസൗഹൃദമായിട്ടായിരിക്കും കോച്ചുകളും ഇരിപ്പിടങ്ങളും രൂപകല്‍പ്പന ചെയ്യുക.

സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാണ് ഉദ്ഘാടന സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.ബുള്ളറ്റ് ട്രെയിന്‍ കടലിനടിയിലൂടെയും കടന്നുപോകും.കടല്‍ തുരങ്കത്തിലൂടെ താനെയില്‍ നിന്ന് മുംബൈയിലെത്തും.കടല്‍ തുരങ്കത്തിന്റെ പണി ആരംഭിച്ചുവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി നാഷ്ണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എന്‍ എച്ച് എസ് ആര്‍ സി ല്‍ ) നേതൃത്വത്തിലുള്ളതാണ്. 1.08 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഇത്.

2017 സെപ്റ്റംബറിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ 10,000 കോടി രൂപയും ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാരുകളില്‍ നിന്ന് 5,000 കോടി രൂപ വീതവുമാണ് പദ്ധതി ചെലവിനായി വകയിരുത്തിയിട്ടുള്ളത്.ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയില്‍ നിന്ന് ബാക്കി തുക വായ്പയായി സ്വീകരിക്കും.ജപ്പാനിലെ ഷിന്‍കാന്‍സെന്‍ സാങ്കേതികവിദ്യയാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസിന് ഉപയോഗിക്കുന്നത്.

നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ച് ബെമല്‍

പൊതുമേഖല സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് അഥവ ബെമല്‍ ആണ് ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മിക്കുക.1964ല്‍ ബംഗളൂരുവിലാണ് ബെമല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റെയില്‍വേ കോച്ചുകള്‍ മെട്രോ കോച്ചുകള്‍, വന്ദേഭാരത് സ്ലിപ്പര്‍ കോച്ചുകള്‍, പ്രതിരോധ വാഹനങ്ങള്‍ എന്നിവയ്ക്ക് പുറമെ മൈനിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വാഹനങ്ങളും ബെമലില്‍ നിര്‍മിക്കുന്നുണ്ട്. 20,000 പാസഞ്ചര്‍ കോച്ചുകള്‍ റെയില്‍വേയ്ക്ക് ബെമല്‍ യൂണിറ്റുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.

വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മ്മാണവും ഈ സ്ഥാപനത്തിന് തന്നെയായിരുന്നു.ഇതിന് പിന്നാലെയാണ് ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മാണത്തിലേക്ക് ബെമല്‍ കാലെടുത്ത് വയ്ക്കുന്നത്.ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നുമാണ് രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിനും പുറത്തിറക്കാനുമുള്ള കരാര്‍ ബെമലിന് ലഭിച്ചത്. രണ്ട് ട്രെയിനുകള്‍ക്കാണ് നിലവില്‍ കരാര്‍ നല്‍കിയിരിക്കുന്നത്.

രാജ്യത്തിന്റെ അതിവേഗക്കുതിപ്പിന് വന്‍ മുതല്‍ക്കൂട്ടാകും ട്രെയിനെന്നും റെയില്‍വേയുടെ മുഖച്ഛായ മാറുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കരാര്‍ ലഭിച്ച വിവരവും അതോടൊപ്പം കരാറിന്റെ വിശദാംശങ്ങളും ബെമല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.ബുള്ളറ്റ് ട്രെയിനിന്റെ സ്റ്റേഷന്‍ നിര്‍മ്മാണവും നേരത്തെ ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു.ഇത് സംബന്ധിച്ച ഒരു വീഡിയോയും വകുപ്പ് മന്ത്രി പങ്കുവച്ചിരുന്നു.

ആധുനിക വാസ്തുവിദ്യയും രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും ഒത്തിണക്കിയുള്ള നിര്‍മാണരീതിയാണ് റെയില്‍വെ സ്റ്റേഷന്റേത് അഭിപ്രായം.യാത്രക്കാര്‍ക്ക് സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം സമ്മാനിക്കുന്ന രീതിയിലുള്ളതാണ് സ്റ്റേഷന്റെ രൂപകല്‍പന. ദണ്ഡിയാത്രയുടെ സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ കൊത്തിയുണ്ടാക്കിയ മാതൃകയും സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്.