ലണ്ടൻ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ ആകാശത്ത് മറ്റൊരു അപകടവും. ഇക്കുറി ആകാശച്ചുഴിയിൽ പെട്ടത് ഖത്തർ എയർവേസ് വിമാനമാണ്. ദോഹയിൽ നിന്നും ഡബ്ലിനിലേക്ക് പറന്ന വിമാനം തുർക്കിക്ക് മുകളിൽ പറക്കവേയാമ് ആകാശച്ചുഴിയിൽ പെട്ടത്.

വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാരും കാബിൻ ക്രൂവും ഉൾപ്പെടെ 12പേർക്ക് പരിക്കേറ്റതായി ഡുബ്ലിൻ വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവത്തിനു പിന്നാലെ, ഖത്തർ എയർവേസ് ക്യൂ.ആർ 017 വിമാനം ഞായറാഴ്ച ഉച്ച ഒരു മണിയോടെ സുരക്ഷിതമായി ഡുബ്ലിൻ വിമാനത്താവളത്തിലിറങ്ങി. വിമാനം ലാൻഡിങ്ങിന് എല്ലാ അടിയന്തര സജ്ജീകരണങ്ങളും ഒരുക്കിയിരുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.

മെയ്‌ 21നായിരുന്നു ലണ്ടനിൽ നിന്നും 211 യാത്രക്കാരുമായി പറന്ന സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽ പെട്ടത്. 37000 അടി ഉയരത്തിൽ നിന്നും വിമാനം ആടിയുലഞ്ഞുണ്ടായി അപകടത്തിൽ ബ്രിട്ടീഷ് പൗരൻ മരിക്കുകയും 30ഓളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം ആകാശച്ചുഴിയിൽപെട്ട് യാത്രാ വിമാനം ആടിയുലഞ്ഞ് യാത്രക്കാരൻ മരിച്ച സംഭവത്തിന് പിന്നാലെ സീറ്റ് ബെൽറ്റ് പോളിസി കർശനമാക്കി സിംഗപ്പൂർ എയർലൈൻസ് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

അടിയന്തര ലാൻഡിങ് നടത്തിയ വിമാനത്തിലെ 43 യാത്രക്കാർ ഇപ്പോഴും ചികിത്സയിലാണ്. സുഷുമ്‌ന നാഡിക്ക് ഉൾപ്പടെ പരിക്കേറ്റവരാണ് ബാങ്കോക്കിലെ വിവിധ ആശുപത്രികളിൽ തുടരുന്നത്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇതിന് പിന്നാലെയാണ് യാത്രക്കാർക്കുള്ള സീറ്റ് ബെൽറ്റ് പോളിസി സിംഗപ്പൂർ എയർലൈൻസ് കർശനമാക്കി. മെയ് 21ന് ആണ്, ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽനിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് വിമാനം 10 മണിക്കൂർ പിന്നിട്ടപ്പോൾ ആകാശച്ചുഴിയിൽപ്പെട്ടത്.

അടിയന്തര ലാൻഡിങ് നടത്തിയ വിമാനത്തിൽ നിന്ന് 62 സെക്കന്റുകൊണ്ടാണ് ആളുകളെ പുറത്തെത്തിച്ചത്. എങ്കിലും ഹൃദയാഘാതത്തെ തുടർന്ന് ഒരാൾ മരിച്ചിരുന്നു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്ന വിമാനം, അടിയന്തിര സാഹചര്യത്തെ തുടർന്ന് ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറക്കിയത്. ബോയിങ് 777-300 ഇ.ആർ വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആകാശച്ചുഴിയിൽ അകപ്പെട്ട പാത മാറ്റിപ്പിടിക്കാനും എയർലൈൻസ് തീരുമാനം എടുത്തതായുമാണ് എയർലൈൻ വക്താക്കൾ വിശദമാക്കുന്നത്.