- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുട്ടിപ്പാറയിലെ 133 അടി ഉയരമുള്ള അയ്യപ്പശിൽപം വരുന്നു; അയ്യപ്പന്റെ ജനനം മുതൽ ശബരിമലയിൽ കുടികൊള്ളുന്നത് വരെയുള്ള ചരിതം ഉൾപ്പെടുത്തിയ മ്യൂസിയവും പദ്ധതിയിൽ; ചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചു; അയ്യപ്പഭക്തരുടെ മനസ്സ് നിറഞ്ഞ പിന്തുണ പദ്ധതിക്കുണ്ടാകുമെന്ന് മകം തിരുനാൾ കേരളവർമരാജ
പത്തനംതിട്ട: അയ്യപ്പസാന്നിധ്യം ചരിതം കൊണ്ട് ശ്രദ്ധേയമായ ജില്ലയാണ് പത്തനംതിട്ട. ഇവിടെ ചുട്ടിപ്പാറയിൽ വലിയ അയ്യപ്പ ശിൽപ്പവും നിർമ്മിക്കാനൊരുങ്ങുന്നു. 133 അടി ഉയരമുള്ള അയ്യപ്പശിൽപത്തിന്റെ ചിത്ര പ്രകാശനം പന്തളം രാജകുടുംബാംഗം മകം തിരുനാൾ കേരളവർമരാജ നിർവഹിച്ചു. ശിൽപത്തിന്റെ ചുറ്റളവ് 66 മീറ്ററാണ്. ചുട്ടിപ്പാറ മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായുള്ള സ്ഥലത്താണ് രാജ്യത്തെ ഏറ്റവും വലിയ അയ്യപ്പശിൽപം സ്ഥാപിക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്.
നാലര വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കാനാണ് ലക്ഷ്യം. അയ്യപ്പഭക്തരുടെ മനസ്സ് നിറഞ്ഞ പിന്തുണ പദ്ധതിക്കുണ്ടാകുമെന്ന് മകം തിരുനാൾ കേരളവർമരാജ പറഞ്ഞു. സ്വാമി അയ്യപ്പന്റെ ജനനം മുതൽ ശബരിമലയിൽ കുടികൊള്ളുന്നത് വരെയുള്ള ചരിതം ഉൾപ്പെടുത്തിയ മ്യൂസിയവും പദ്ധതിയിടെ ഭാഗമായുണ്ട്. ജടായുപ്പാറ മാതൃകയിൽ ശിൽപത്തിനുള്ളിലാണു മ്യൂസിയം നിർമ്മിക്കുക. പന്തളം കൊട്ടാരത്തിന്റെ മാതൃക, പൂങ്കാവനത്തിന്റെയും പമ്പ, അഴുതാ നദികളുടെയും വിവരണങ്ങൾ, വാവരുടെ പ്രതിമ തുടങ്ങിയവ പദ്ധതിയുടെ സവിശേഷതകളാണ്.
തിരുവനന്തപുരം ആഴിമലയിൽ ശിവ ശിൽപം തീർത്ത ദേവദത്തനാണ് ചുട്ടിപ്പാറയിൽ അയ്യപ്പശിൽപം നിർമ്മിക്കുന്നത്. ശിൽപം നിർമ്മിച്ചാൽ പട്ടിണി മാറുമോയെന്ന ചോദ്യം താൻ പലതവണ കേട്ടിട്ടുള്ളതാണെന്നും അതിനുള്ള മറുപടിയാണ് ആഴിമലയിലെ ശിവ ശിൽപമെന്നു ദേവദത്തൻ പറഞ്ഞു. ശിൽപം കാണാൻ ഒട്ടേറെപ്പേർ ആഴിമലയിലേക്കെത്തിയതോടെ നാടിനും ഗുണകരമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി മോക്ഷഗിരി മഠം ഡോ.രമേഷ് ശർമ അധ്യക്ഷത വഹിച്ചു. 25 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിടിപിസി സെക്രട്ടറി സതീഷ്, ചുട്ടിപ്പാറ മഹാദേവ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പി. അശോകൻ, സെക്രട്ടറി സി.ടി. രഞ്ജിത് കുമാർ, സലീം കുമാർ, സിനിമാ നിർമ്മാതാവ് ശോഭൻ എന്നിവർ പ്രസംഗിച്ചു. വനവാസ കാലത്ത് ശ്രീരാമനും സീതയും തങ്ങിയെന്ന ഐതിഹ്യമുള്ള സ്ഥലമാണ് ചുട്ടിപ്പാറ. തറനിരപ്പിൽ നിന്നു 400 അടിയാണ് ഉയരം.
മറുനാടന് മലയാളി ബ്യൂറോ