പന്തളം: തിരക്കേറിയ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച പിതാവിന്റെ കൈപിടിച്ച് ഒരു പതിനാലുകാരന്‍ സങ്കടം നിറഞ്ഞ മുഖത്തോടെ കയറിവന്നു. കുളനട ഗവണ്മെന്റ് ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയായ ആ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി തന്റെ വലിയൊരു സങ്കടത്തിനു പരിഹാരം തേടിയാണ് സ്റ്റേഷനിലേക്ക് എത്തിയത്. കുളനട സ്റ്റാന്‍ഡിലെ ടാക്സിഡ്രൈവറായ അച്ഛന്‍ രത്നാകരന്റെയൊപ്പം എത്തിയ അഭിജിത്ത് (14) സ്റ്റേഷനിലെ ജി ഡി ചാര്‍ജ് ഡ്യൂട്ടിയിലെയും പാറാവിലെയും പോലീസ് ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞു. തുടര്‍ന്ന്, ഇരുവരും പോലീസ് ഇന്‍സ്‌പെക്ടറുടെ മുന്നിലെത്തി.

ഇന്‍സ്‌പെക്ടര്‍ റ്റി ഡി പ്രജീഷിന് രത്നാകാരന്‍ നല്‍കിയ പരാതിയില്‍, തന്റെ മകന്റെ ഏറ്റവും പ്രിയപ്പെട്ട, ഒരു വര്‍ഷമായി ഒപ്പമുണ്ടായിരുന്ന സൈക്കിള്‍ കഴിഞ്ഞ 24 വെള്ളിയാഴ്ച മുതല്‍ കാണാനില്ല എന്ന പരാതിയായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു അവന് ആ സൈക്കിളുമായി. അതിലായിരുന്നു സ്‌കൂളില്‍ പോകുന്നതും വരുന്നതും. വീട്ടുമുറ്റത്ത് വച്ച സൈക്കിള്‍ ആരോ മോഷ്ടിച്ചുകൊണ്ടുപോയതായും, എങ്ങനെയെങ്കിലും കണ്ടെത്തി നല്‍കണമെന്നും ഇരുവരും ഇന്‍സ്‌പെക്ടറോട് അപേക്ഷിച്ചു. സ്‌കൂളില്‍ പോകാതെ, ഭക്ഷണം കഴിക്കാതെ കരഞ്ഞുകൊണ്ടിരിക്കുന്ന മകന്റെ അവസ്ഥ പിതാവ് അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

ഇരുവരെയും ആശ്വസിപ്പിച്ച പോലീസ്, സൈക്കിള്‍ കണ്ടെത്തി തന്നിരിക്കും എന്ന് അഭിജിത്തിന് ഉറപ്പുകൊടുത്താണ് യാത്രയാക്കിയത്. പോലീസിന്റെ വാക്കു വിശ്വസിച്ച് വീട്ടിലേക്ക് മടങ്ങിയ അവര്‍ക്കും വീട്ടുകാര്‍ക്കും, നഷ്ടപ്പെട്ട് മൂന്നാം ദിവസം രാവിലെ സ്റ്റേഷനില്‍ നിന്നും കിട്ടിയ ഫോണ്‍ സന്ദേശം സൃഷ്ടിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു. കൊച്ചുമിടുക്കന്റെ വിഷമം മനസ്സിലാക്കി, പരാതിക്ക് മുന്തിയ പരിഗണന നല്‍കിയ പോലീസ് ഇന്‍സ്‌പെക്ടര്‍ സൈക്കിള്‍ കണ്ടെത്താനുള്ള ദൗത്യം സി പി ഓമാരായ എസ് അന്‍വര്‍ഷായെയും കെ അമീഷിനെയുമാണ് ഏല്‍പ്പിച്ചത്.ഇരുവരും കുട്ടിയെ വീട്ടില്‍ പോയിക്കണ്ടു, വിവരങ്ങള്‍ തിരക്കി, അവന്റെ വേദനിക്കുന്ന മനസ്സ് അറിയുകയും അവസ്ഥ മനസ്സിലാക്കുകയും ചെയ്തു. പിന്നീട്, ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നിരവധി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല.

തുടര്‍ന്ന്, പഴയ സൈക്കിളുകള്‍ വാങ്ങുന്ന കടകളിലെത്തി വ്യാപകമായ പരിശോധന നടത്തി. ആറ്റുകടവുകള്‍, പൊന്തക്കാടുകള്‍ ഒക്കെ പോലീസ് സംഘം അരിച്ചുപെറുക്കി. സൈക്കിള്‍ എങ്ങനെയും കണ്ടെത്തുമെന്ന വാശിയുണ്ടായിരുന്നു നിരവധി സുപ്രധാന കേസുകളില്‍ പ്രതികളെയും തൊണ്ടിമുതലുകളും മറ്റും കണ്ടെത്തിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക്. ഒരു ദിവസം മുഴുവന്‍ പോലീസ് സംഘം കുട്ടിക്കുവേണ്ടി മാറ്റിവച്ചു എന്നുവേണം പറയാന്‍, അഥവാ അവന്റെ കലങ്ങിയ മനസ്സും സങ്കടം മുറ്റിയ മുഖവും അവരെ ദൗത്യം വിജയിപ്പിക്കാന്‍ ഏതറ്റം വരെയും പോകാന്‍ പ്രേരിപ്പിച്ചു. ഒടുവില്‍ അഭിജിത്തിന്റെ സങ്കടത്തിനും, പോലീസിന്റെ ജാഗ്രതയോടെയുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ക്കും ഫലം കണ്ടു. വ്യാപകമാക്കിയ തെരച്ചിലിനൊടുവില്‍ രാത്രി വൈകി പന്തളം വലിയ പാലത്തിനു സമീപമുള്ള കടവിന്റെ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ സൈക്കിള്‍ കണ്ടെത്തി. 27 ന് രാവിലെ അച്ചനെയും മകനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി സൈക്കിള്‍ തിരികെ പോലീസ് ഏല്‍പ്പിച്ചു. കുട്ടിയുടെ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തുന്നത് മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരുടെയും മനസ്സുകളെ സ്പര്‍ശിച്ചു.

സൈക്കിളിനോടുള്ള അദമ്യമായ ഇഷ്ടം, അത് നഷ്ടമായപ്പോള്‍ അവന്‍ അനുഭവിച്ച നഷ്ടബോധം, ഇതായിരുന്നു സൈക്കിളിന്റെ മൂല്യമായി പോലീസ് മനസ്സിലാക്കിയത്. അന്വേഷണം മുന്നേറിയപ്പോള്‍ സൈക്കിള്‍ കണ്ടെടുക്കാന്‍ സാധിക്കില്ലേ എന്നൊരു സന്ദേഹം അവര്‍ക്കുണ്ടാവുകയും ചെയ്തു. ഒരുവേള പുതിയ സൈക്കിള്‍ വാങ്ങി അഭിജിത്തിനു കൊടുത്താലോ എന്ന് വരെ ആലോചിച്ചു. കാരണം, അത്രത്തോളമായിരുന്നു കുട്ടിയുടെ സങ്കടമെന്ന് പോലീസിന് ബോധ്യപ്പെട്ടിരുന്നു. എന്തായാലും, തന്റെ പ്രിയപ്പെട്ട, കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച സൈക്കിള്‍ ചേര്‍ത്തുപിടിച്ച് എസ് പി സി കേഡറ്റ് കൂടിയായ അഭിജിത്ത് സ്റ്റേഷന്‍ മുറ്റം കടന്നുപോകുമ്പോള്‍ പോലീസിനോടുള്ള ഇഷ്ടം ഒരുപാട് കൂടിയിരുന്നു. പന്തളം പോലീസിന് അത് മറ്റൊരു അഭിമാനനിമിഷം കൂടി സമ്മാനിക്കുകയും ചെയ്തു.