ന്യൂഡൽഹി: സ്വർണക്കടത്ത് കേസിന്റെ പേരിൽ ഖജനാവിൽ നിനന് ചോരുന്നത് ലക്ഷങ്ങൾ. അതും സാമ്പത്തിക പ്രതിസന്ധിയുടെ ഈ നാളുകളിൽ. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകനും മുൻ കോൺഗ്രസ് നേതാവുമായ കപിൽ സിബലിന് ഫീസായി നൽകുന്നത് 15.5 ലക്ഷം രൂപയാണ്. ഒറ്റത്തവണ ഹാജരാകുന്നതിനുള്ള ഫീസാണിത്. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ട്രാൻസ്ഫർ ഹർജിയിൽ കപിൽ സിബലിന് നൽകുന്ന ഫീസാണിത്.

ഇഡിയുടെ ഹർജി പരിഗണിച്ച ഒക്ടോബർ പത്തിന് സുപ്രീംകോടതിയിൽ ഹാജരായ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി.ഹരി നായർ പുറത്തിറക്കി. 1978 ലെ കെജിഎൽഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ് നൽകാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി പുറത്തിറക്കിയത്. ഈ തുക സിബലിന് കൈമാറാനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവിൽ നിർദ്ദേശിച്ചു.

നവംബർ മൂന്നിനാണ് ഇഡിയുടെ ഹർജി സുപ്രീംകോടതി ഇനി പരിഗണിക്കുന്നത് . അന്നും സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത് സീനിയർ അഭിഭാഷകനായ കപിൽ സിബലാണ്. ഹർജി പരിഗണിച്ചതിന് പിന്നാലെ ഒക്ടോബർ പത്തിന് സംസ്ഥാന സർക്കാരിന് വേണ്ടി കപിൽ സിബൽ സുപ്രീം കോടതിയിൽ ഹാജരായിരുന്നു.

കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് സ്വർണക്കടത്ത് കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ ഡി കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിൽ കേസിന്റെ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിച്ച് അട്ടിമറിയുണ്ടാകുമെന്നാണ് ഇഡിയുടെ വാദം. സ്വപ്ന സുരേഷ്, സന്ദീപ് നായർ, ശിവശങ്കർ, സരിത്ത് എന്നിവരാണ് കേസിലെ പ്രതികൾ. അതേസമയം, കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹർജിക്കെതിരെ എം ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിധി പറയും മുൻപ് തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നായിരുന്നു ശിവശങ്കർ ഹർജിയിൽ ആവശ്യപ്പെട്ടത്.

എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള സെഷൻസ് കേസ് 610/2020 കേരളത്തിന് പുറത്തേക്കുള്ള കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിൽ നാല് പ്രതികളാണ് ഉള്ളത്. പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, എം ശിവശങ്കർ എന്നിങ്ങനെയാണ്.