ഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കു്ന്ന ഒരു വീഡിയോ ഉണ്ട്.. തലവന്റെ പ്രേക്ഷകപ്രതികരണത്തെക്കുറിച്ചുള്ള റിപ്പോർട്ടറുടെ ചോദ്യത്തിന് തന്റെ കാറിൽ ഇരുന്ന് മറുപടി പറയുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന നടൻ ആസിഫ് അലിയുടെ വീഡിയോ.നിരവധി വാട്സ് ആപ്പ് സ്റ്റാറ്റസുകളായും ഫേസ്‌ബുക്ക്, ഇൻസ്റ്റ സ്റ്റോറിയുമായൊക്കെ ആ വീഡിയോ തരംഗമാവുകയാണ്.. ഇതിലൂടെ ഒരു കാര്യം വീണ്ടും ഉറപ്പിക്കപ്പെടുകയാണ്.. യുവ നടന്മാരിൽ ഹേറ്റേഴ്സ് വളരെ കുറവുള്ള ഒരു താരമാണ് ആസിഫ് അലി എ്ന്നുള്ള യാഥാർത്ഥ്യം..

ജിസ് ജോയ് സംവിധാനം ചെയ്ത ആസിഫ് അലി- ബിജുമോനോൻ ചിത്രം തലവൻ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലറുകളുടെ കൂട്ടത്തിലേക്ക് പ്രേക്ഷകർ പരിഗണിക്കുന്ന ചിത്രം തുടർപരാജയങ്ങൾക്ക് ശേഷം ആസിഫ് അലിയുടെ അത്യുഗ്രൻ തിരിച്ചുവരവ് കൂടിയാണ്.തിരിച്ചു വരാൻ താൻ എവിടെയും പോയിട്ടില്ലെന്ന ആസിഫ് അലിയുടെ തന്നെ പരാമർശത്തെ മാനിച്ച് തിരിച്ചുവരവിന് പകരം നടൻ വീണ്ടും ട്രാക്കിലായി എന്നു വേണമെങ്കിൽ പറയാവുന്നതുമാണ്.പൊലീസ് വേഷം സമീപകാലത്ത് ആവർത്തിച്ച് ആസിഫിനെ തേടിയെത്തുന്നുണ്ടെങ്കിലും എല്ലാത്തിലും തന്റെതായ ഒരു വ്യത്യാസം കൃത്യമായി രേഖപ്പെടുത്താൻ അസിഫിന് കഴിയുന്നുണ്ട്.

തലവനിലെ എസ് ഐ കഥപാത്രത്തിന് കിട്ടുന്ന കൈയടി ആസിഫിന്റെ അഭിനയത്തിനുള്ള പ്രേക്ഷക അംഗീകാരം കൂടിയാണ്.തുടക്കകാലത്ത് ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമായ ആസിഫിന് ഇടയ്ക്ക് വച്ച് കാലിടറുകയായിരുന്നു.സിനിമ തെരഞ്ഞെടുപ്പിലെ പോരായ്മ തന്നെയാണ് ഇതിന് പ്രധാന കാരണവും.പക്ഷെ മികച്ച സിനിമയും കഥാപാത്രവും ലഭിക്കുമ്പോഴൊക്കെ സ്ലീവാച്ചനെപോലെയും, അമലിനെപ്പോലെയും,കാർത്തിക്കിനെപ്പോലെയുമൊക്കെ തന്റെ അഭിനയത്തെ അടയാളപ്പെടുത്താൻ നടന് കഴിയുന്നുണ്ട്.

മലയാള നവതരംഗത്തിനൊപ്പം വളർന്ന ആസിഫ് അലി

കഥപറച്ചിലുകളിലും വിഷയത്തിലുമൊക്കെ സമാനതകൾ ആവർത്തിച്ച് മലയാള സിനിമ കിതച്ചുകൊണ്ടിരിക്കുന്ന കാലം..വിഷയത്തിലെ പുതുമയുമായി ഒരു സിനിമ തിയേറ്ററുകളിലെത്തുന്നു.ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു.ഐ ്ടി സെക്ടറിന്റെ പശ്ചാത്തലത്തിൽ പുതിയ കാല സൗഹൃദങ്ങളുടെ വിവിധ തലങ്ങൾ അവതരിപ്പിച്ച സിനിമ ഇന്നും പലരുടെയും പേഴ്സണൽ ഫേവറേറ്റുകളിൽ ഒന്നാണ്. മുഴുവൻ കഥാപാത്രങ്ങളെയും പുതുമഖങ്ങളിലൂടെ പരീക്ഷിച്ച സിനിമയിൽ അന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ആസിഫിന്റെ സണ്ണി എന്ന കഥാപാത്രമായിരുന്നു.ഇ കഥാപാത്രം ആസിഫിന് വഴി തുറന്ന് ഏതൊരു തുടക്കക്കാരനും ആഗ്രഹിക്കുന്ന ടീമിന്റെ സിനിമയിലേക്കായിരുന്നു.സത്യൻ അന്തിക്കാട് ജയറാം ടീമിന്റെ കഥ തുടരുന്നു എന്ന ചിത്രം.ഇ സിനിമയിലെ ചെറുതാണെങ്കിലും പ്രധാന വേഷം ആസിഫിനെ സംവിധായകർക്കിടയിൽ കൂടുതൽ പരിചിതനാക്കി.

മൂന്നാമത്തെ ചിത്രമായി ആസിഫിനെ തേടിയെത്തിയത് സിബി മലയിലായിരുന്നു.അപൂർവ്വരാഗം എന്ന ചിത്രത്തിലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രവും പുതുമുഖ നടന്റെ പതർച്ചകളില്ലാതെ ആസിഫ് മികച്ചതാക്കി.തുടർന്നങ്ങോട്ട് ആസിഫിന് കൈ നിറയെ അവസരങ്ങളായിരുന്നു.മലയാള സിനിമയുടെ തന്നെ വഴിമാറ്റി വിട്ട ട്രാഫിക്കിലെ ആസിഫ് അവതരിപ്പിച്ച രാജീവ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്താം.മലയാള സിനിമയിലെ ന്യൂജെനറേഷൻ തരംഗത്തിലെ പ്രധാന സിനിമകളിലൊന്നായിരുന്ന ആഷിഖ് അബുവിന്റെ സാൾട്ട് ആൻഡ് പെപ്പർ എന്നിങ്ങളെ തുടക്കകാലത്ത് തന്നെ നിരവധി ഹിറ്റുകളുടെ ഭാഗമാകാനും ആസിഫിന് കഴിഞ്ഞു.

സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും ആസിഫിലെ നടനെ അടയാളപ്പെടുത്തുന്ന സിനിമകളും ഇക്കാലത്തുണ്ടായി. മധുപാൽ സംവിധാനം ചെയ്ത ഒഴിമുറി, മാധവ് രാംദാസ് സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം അപ്പോത്തിക്കിരി,ആസിഫിന്റെ കരിയറിലെ പ്രധാന സിനിമകളിലൊന്നായ വികെ പ്രകാശിന്റെ നിർണ്ണായകം,2019 ന്റെ അവസാനമിറങ്ങിയ കെട്ട്യോളാണെന്റെ മാലാഖ,വൈറസ്,കാറ്റ്, കുറ്റവും ശിക്ഷയും, കൂമൻ എന്നീ ചിത്രങ്ങളും ആസഫലി എന്ന നടനെക്കൂടി അടയാളപ്പെടുത്തിയ സിനിമകൾ ആയിരുന്നു.മലയാള സിനിമ അതിന്റെ പുതിയ വഴികളിലേക്ക് സഞ്ചരിക്കുമ്പോൾ അതിന്റെ ഒപ്പം തന്നെയായിരുന്നു ആസിഫിന്റെ വളർച്ചയും.

അഭിനയത്തോടുള്ള അഭിനിവേശം കൊണ്ട് നിരവധി പരീക്ഷണ ചിത്രങ്ങളുടെയും ഭാഗമാകാൻ ആസിഫ് തയ്യാറായിരുന്നു.അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ,ഇബ്ലീസ് തുടങ്ങിയ സിനിമകൾ അതിന്റെ നേർസാക്ഷ്യങ്ങളാണ്.നായക വേഷങ്ങൾ ചെയ്ത് വരുമ്പോൾ തന്നെ ഇതിഥി വേഷത്തിലും സഹനടനായും ഒക്കെ ആസിഫ് മലയാളത്തിൽ തന്റെ സാന്നിദ്ധ്യം നിലനിർത്തി.ഉയർച്ചകൾ മാത്രം ഉള്ള ഒരു കരിയർ ആയിരുന്നില്ല ആസിഫിന്റെത്.ഒരു വശത്ത് മികച്ച് ചിത്രങ്ങളുടെ ഭാഗമാകുമ്പോഴും മലയാളത്തിൽ മാത്രം സിനിമകൾ ചെയ്യുന്നതുകൊണ്ടോ.. സിനിമ തെരഞ്ഞെടുപ്പിലെ പാളിച്ചകൾ കൊണ്ടോ ആസിഫിന് തുടർ പരാജയങ്ങളുടെ കയ്‌പ്പുനീരും രുചിക്കേണ്ടി വന്നിട്ടുണ്ട്.അപ്പോഴും ചില മികച്ച ചിത്രങ്ങളിലുടെ ഗംഭീര തിരിച്ചുവരവ് നടത്തി ആസിഫ് അലി മലയാളത്തിലെ തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചുകൊണ്ടേയിരുന്നു.

ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായ ഹണി ബീ,മലയാള സിനിമയിലെത്തന്നെ പ്രക്ഷകപ്രീതി നേടിയ കൂട്ടുകെട്ടുകളിലൊന്നായ ബിജു മേനോൻ- ആസിഫ് അലി കോമ്പിനേഷൻ ചിത്രം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളം,ആസിഫ് അതുവരെയുണ്ടായിരുന്നു തന്റെ എല്ലാ പ്രകടനങ്ങളേയും കടത്തിവെട്ടിയ മനു അശോകൻ ചിത്രം ഉയരെ,കെട്ട്യോളാണ് എന്റെ മാലാഖ, സൺഡേ ഹോളിഡെ, ഇപ്പോൾ തലവൻ വരെ ഇങ്ങനെ തുടർ പരാജയങ്ങൾക്ക് ശേഷം ആസിഫ് ഉണ്ടാക്കിയെടുത്ത വമ്പൻ ഹിറ്റുകളാണ്.ഒപ്പം മലയാളത്തിലെ തന്നെ പണം വാരി ചിത്രങ്ങളിൽ മുൻപന്തിയിലുള്ള 2018 ലും ആസിഫ് ശ്രദ്ധേയ വേഷത്തിലെത്തി.

ഇതര ഭാഷയിൽ അവസരങ്ങൾ വന്നു.. പക്ഷെ

മലയാളത്തിൽ സജീവമാകുമ്പോഴും ഒരു അന്യഭാഷ ചിത്രത്തിൽ താരം ഇതുവരെ അഭിനയിച്ചിട്ടില്ല. ഒരുപാട് സിനിമകളിൽ നിന്ന് തനിക്ക് അവസരങ്ങൾ വന്നിരുന്നുവെന്നും അന്നൊക്കെ മലയാളത്തിൽ മികച്ച സിനിമകൾ ചെയ്യുകയായിരുന്നുവെന്നും ആസിഫ് അലി പറയുന്നു. ഒരു അന്യഭാഷ ചിത്രം ഉടനെ സംഭവിക്കുമെന്നുമാണ് ആസിഫ് അലി അഭിമുഖത്തിൽ വ്യക്തമാക്കിയത്.'എനിക്ക് തീർച്ചയായും ആഗ്രഹമുണ്ട്.ഞാൻ ഇതിന് മുമ്പ് പറഞ്ഞിട്ടുമുണ്ട്.എനിക്ക് അന്യഭാഷയിൽ നിന്ന് അവസരങ്ങൾ വന്ന സമയത്ത് അതിനേക്കാൾ നല്ല സിനിമകൾ ഞാൻ മലയാളത്തിൽ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അല്ലെങ്കിൽ അതിനേക്കാൾ നല്ല സിനിമകൾ എനിക്ക് മലയാളത്തിൽ ഉണ്ടായിരുന്നുവെന്നും താരം പറയുന്നു.

മോഹൻ ലാൽ വിളിച്ചിട്ടും ഫോൺ എടുക്കാത്ത ആസിഫ് അലി

വിവാദങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത മേഖലയാണ് സിനിമ.വിവാദത്തിന്റെ കാര്യത്തിൽ താരങ്ങളുടെ വലിപ്പ ചെറുപ്പം ഒന്നുമില്ല.. അത്തരത്തിൽ ആസിഫ് അലിക്കും ആദ്യകാലത്ത് വിവാദങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്.അതും സാക്ഷാൻ മോഹൻലാലുമായി ചേർത്ത്.ആ സംഭവത്തെക്കുറിച്ച് പിന്നീട് പല അഭിമുഖങ്ങളിലും ആസിഫ് തന്നെ വ്യക്തമാക്കിയതോടെ വിവാദങ്ങൾ അതിന്റെ പാട്ടിന് പോയി..

ആസിഫലിയും ഫോണും തമ്മിൽ ഒരിക്കലും ചേരാറില്ല.അത് തന്നെയാണ് ആദ്യ വിവാദത്തിന് വഴിവെച്ചതും..ആസിഫ് വിളിച്ചാൽ ഫോണെടുക്കാറില്ലെന്ന് പലരും പരസ്യമായി തന്നെ പരാതി പറഞ്ഞിട്ടുണ്ട്.ഫോണുമായി താൻ ചേർന്നുപോകാറില്ലെന്ന് ആസിഫും പല അഭിമുഖങ്ങളിൽ സമ്മതിച്ചിട്ടുണ്ട്. ഇ സംഭവത്തെക്കുറിച്ച് ഒരിക്കൽ ആസിഫ് അലി തന്നെ പറഞ്ഞത് ഇങ്ങനെയായിരുന്നു..സിനിമയിൽ വരുന്നതിന് മുൻപ് തന്നെ ഫോണിനോട് പ്രിയമില്ലാത്ത ആളാണ് താൻ..തന്റെ സിനിമാജീവിതത്തിലെ ആദ്യത്തെ വിവാദം തന്നെ ഫോൺ എടുക്കാത്തതുമായി ബന്ധപ്പെട്ടുള്ളതാണ്.

സെലിബ്രിറ്റി ക്രിക്കറ്റിൽ കളിക്കാമെന്ന് ഏറ്റിരുന്നെങ്കിലും ബാച്ചിലർ പാർട്ടിയുടെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് ഇടയ്ക്കുവെച്ച് നിർത്തി കളിക്കാൻ പോകാൻ പറ്റില്ലായിരുന്നു. ഇതുസംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങളുണ്ടായി. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ മോഹൻലാൽ വിളിച്ചു. പതിവ് പോലെ ഫോൺ ഞാൻ ഹോട്ടലിൽ വെച്ചിട്ടാണ് പോയത്. മോഹൻലാൽ വിളിച്ചിട്ട് ആസിഫ് അലി ഫോൺ എടുത്തില്ല എന്നുള്ളത് വലിയ വിവാദമായി. എന്നാൽ ആ ഒറ്റ പ്രശ്‌നം കൊണ്ട് പഴയ ഒരുപാട് സുഹൃത്തുക്കളെ തനിക്ക് തിരികെ കിട്ടിയെന്ന് ആസിഫ് കൂട്ടിച്ചേർത്തു.മോഹൻലാൽ വിളിച്ചിട്ട് നീ ഫോണെടുത്തില്ല, അപ്പോൾ ഞങ്ങൾക്ക് പ്രശ്‌നമില്ല എന്നായിരുന്നു അവർ തന്നോട് പറഞ്ഞുവെന്നും ആസിഫ് വ്യക്തമാക്കിയിരുന്നു.

നിരന്തരമായുള്ള ഇത്തരം തുറന്ന് പറച്ചിലുകളിലൂടെയാണ് തന്റെ നേർക്ക് വരുന്ന വിവാദങ്ങളെ നേരിട്ട് ആസിഫ് തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നത്.

സിനിമയിലെ പതിനഞ്ചുവർഷങ്ങൾ

ആസിഫ് അലി മലയാള സിനിമയുടെ ഭാഗമായിട്ട് 15 വർഷങ്ങൾ പൂർത്തിയാകുന്നു.വിജയങ്ങളും പരാജയങ്ങളും തിരിച്ചു വരവുമെല്ലാം ആസിഫ് അലിയുടെ കരിയറിലുണ്ടായി.മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പല സിനിമകളുടേയും ഭാഗമാകാനും മാറുന്ന മലയാള സിനിമയുടെ മുൻ നിരയിലേക്ക് കടന്നു വരാനും പതിനഞ്ച്് വർഷത്തിനിടെ ആസിഫ് അലിക്ക് സാധിച്ചിരിക്കുന്നു.ഇതിൽ 2019 എന്ന വർഷം ഒരു പക്ഷെ ആസിഫ് അലിയെന്ന താരത്തിനുള്ളിലെ നടനെ മലയാളികൾ അടുത്തറിഞ്ഞ വർഷമെന്ന നിലയിലായിരിക്കും അടയാളപ്പെടുത്താനാവുക.കാരണം നടന്റെ കരിയറിലെ ഏറ്റവും കൂടുതൽ ഹിറ്റ് സിനിമകൾ ഉണ്ടായത് ഇ വർഷമാണ്.

തന്റെ ഉയർച്ച താഴ്‌ച്ചകളെക്കുറിച്ച് തലവൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ആഭിമുഖത്തിൽ ആസിഫ് അലി തന്നെ മനസ്സ് തുറന്നിരുന്നു.ശരിക്കും 2018-നുശേഷമാണ് ആസിഫിന്റെ കരിയർ ഗ്രാഫിൽ ഉയർച്ചയുണ്ടാവുന്നത്.എന്നാൽ ബാങ്ക് അക്കൗണ്ടിലുണ്ടായ വ്യത്യാസമല്ലാതെ, വ്യക്തിപരമായി കാര്യമായ മാറ്റങ്ങളൊന്നും ഇക്കാലയളവിൽ എനിക്കുണ്ടായിട്ടില്ലെന്നാണ് താരം പറയുന്നത്.

ബാങ്ക് അക്കൗണ്ടിലുണ്ടായ വ്യത്യാസമല്ലാതെ, വ്യക്തിപരമായി കാര്യമായ മാറ്റങ്ങളൊന്നും ഇക്കാലയളവിൽ എനിക്കുണ്ടായിട്ടില്ലെന്ന് ഞാൻ തമാശയ്ക്ക് പറയാറുണ്ട്. ഒരു സിനിമ ഏറ്റെടുക്കുമ്പോൾ തുടക്കക്കാരന്റെ അതേ ആവേശവും ടെൻഷനും ഇന്നുമുണ്ട്. ഷൂട്ടിങ്ങിന്റെ തലേദിവസം ഉറങ്ങാൻ പറ്റാറില്ല. സിനിമകൾ ചെയ്യുമ്പോൾ അതേരീതിയിൽ ഞാൻ കൺഫ്യൂസ്ഡ് ആണ്. ഒരു നല്ല സിനിമ സെലക്ട് ചെയ്യാനുള്ള സമവാക്യം ആർക്കും അറിയില്ല എന്നാണ് തോന്നുന്നത്. നമ്മൾ ചെയ്യാനുള്ളത് വൃത്തിയായിട്ട് ചെയ്യുക. ഇതൊരു നല്ല സിനിമയാണെന്നോ, നൂറുദിവസം ഓടുമെന്നോ, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നോ ഒക്കെ പറഞ്ഞുകൊണ്ട് ഒരു സിനിമയും തിരഞ്ഞെടുക്കാനാവില്ല.

എന്റെ ഫിലിമോഗ്രഫി എടുത്തുനോക്കുകയാണെങ്കിൽ ഭൂരിപക്ഷം സിനിമകളും നിരാശയാണ് നൽകിയിട്ടുള്ളത്.പക്ഷേ, ചില സിനിമകൾ ചെയ്യുന്നത് ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെടുകയും അടുത്തവീട്ടിലെ പയ്യൻ എന്ന ഇമേജുള്ളതുകൊണ്ട് ഒരുപാട് അവസരങ്ങൾ ആളുകൾ തരുന്നതുപോലെയും എനിക്ക് തോന്നിയിട്ടുണ്ട്.- താരം തന്റെ പതിനഞ്ചു വർഷത്തെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്.

തലവനിലൂടെ വീണ്ടും ട്രാക്കിലേക്ക്.. പ്രതീക്ഷയുള്ള പ്രൊജക്ടുകളും പിന്നാലെ

തലവൻ 2024 ലെ ആസിഫിന്റെ ആദ്യത്തെ സിനിമയാണ്. ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രം ത്രില്ലർ ജോണറിൽ പെടുന്നതാണ്. മികച്ച അഭിപ്രായം നേടിയാണ് തലവന്റെ ഓരോ ഷോയും പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇതിനിടെയാണ് 'തലവൻ' പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതുകണ്ട് വികാരാധീനനായി കണ്ണുനിറഞ്ഞുള്ള ആസിഫ് അലിയുടെ വീഡിയോയും വൈറലായത്.

അർഫാസ് അയൂബ് സംവിധാനം ചെയ്ത ലെവൽ ക്രോസാണ് ഇനി റിലീസാവാനുള്ളത്.ആ ചിത്രം ജൂണിൽ പ്രേക്ഷകരിലേക്കെത്തും. ഞാനും സുരാജേട്ടനും കേന്ദ്രകഥാപാത്രങ്ങളായ അഡിയോസ് അമിഗോ എന്ന സിനിമയുടെ ഷൂട്ട് ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. പിന്നാലെ അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നി ചിത്രങ്ങൾ ആസിഫിന് സമ്മാനിച്ച രോഹിത് വി എസിന്റെ ആക്ഷൻ ചിത്രം ടിക്കി ടാക്ക എന്നിങ്ങനെ പ്രതീക്ഷയുള്ള പ്രൊജക്ടുകളും പിന്നാലെയുണ്ട്.

ഋതു പുറത്തിറങ്ങിയ ശേഷമാണ് ആസിഫിന്റെ വീട്ടുകാർ മകൻ സിനിമയിൽ അഭിനയിച്ച വിവരം അറിഞ്ഞത്. ഫിലീം ക്രിട്ടിക്സ് അവാർഡുകൾ ഉൾപ്പടെ നേടിക്കൊണ്ട് ആ നടൻ മലയാളത്തിൽ മാത്രം നിലയുറപ്പിച്ച് പതിനഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു.പ്രത്യേകിച്ച് മേൽവിലാസമൊന്നുമില്ലാതെ സിനിമയിലെത്തി..പരാജയത്തിന്റെ എല്ലാ കയ്‌പ്പൂനീരും കുടിക്കുമ്പോഴും തളർന്ന് പോകാതെ ഒരു പോരാളിയെപ്പോലെ വിജയങ്ങൾ സൃഷ്ടിച്ച് ആസിഫ് അലി തന്റെ സിനിമാ യാത്ര തുടരുകയാണ്.തലവനിലൂടെ കിട്ടിയ വിജയ വഴി ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആസിഫ് അലിയും അദ്ദേഹത്തിന്റെ ആരാധകരും.