ഗാങ്‌ടോക്: സിക്കിമിൽ, 16 സൈനികർ റോഡ് അപകടത്തിൽ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. നോർത്ത് സിക്കിമിലെ സെമയിലാണ് അപകടം. സൈനിക ട്രക്ക് കൊക്കയിലേക്ക് വീണാണ് അപകടം. ചാറ്റനിൽ നിന്ന് തംഗു വരെ പോകുകയായിരുന്ന വാഹന വ്യൂഹത്തിലെ ഒരു ട്രക്കാണ് അപകടത്തിൽ പെട്ടത്. വാഹന വ്യൂഹത്തിൽ മൂന്നുവാഹനങ്ങൾ ഉണ്ടായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

മലയിടുക്കിലെ ചെരിവിൽ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നും പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് വിവരം.

സൈനികരുടെ വിയോഗത്തിൽ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.