കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ.എറണാകുളം പറവൂരിൽ മജ്‌ലിസ് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചവരെയാണ് വിവിധ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച രണ്ടു കുട്ടികൾ ഉൾപ്പടെ 17 പേരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരാവസ്ഥയിലായ ഒരു യുവതിയെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഭക്ഷ്യവിഷബാധയേറ്റ 9 പേർ കുന്നുകര എംഇഎസ് കോളജിലെ വിദ്യാർത്ഥികളാണ്.

കൂടുതൽ പേർക്കു ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്നാണ് പുതിയതായി പുറത്ത് വരുന്ന വിവരം. ഇന്നലെ വൈകിട്ടു ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛർദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്കു പ്രശ്‌നമില്ല. മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്‌നമുണ്ടാക്കിയത് എന്നാണ് സൂചന.

മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തി മജ്‌ലിസ് ഹോട്ടൽ അടപ്പിച്ചു.ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധനയും നടത്തി.ഈ ഹോട്ടൽ ഉടമസ്ഥർക്കെതിരെ പരാതി ഉയരുന്നത് ഇതാദ്യമല്ല.കഴിഞ്ഞ ദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലിൽ നിന്നു പഴയ ചായപ്പൊടിയിൽ നിറം ചേർത്തതു പിടികൂടിയതിനെ തുടർന്ന് നടപടി സ്വീകരിച്ചിരുന്നു.

അതേസമയം സംസ്ഥാന വ്യാപകമായി ഒരാഴ്ചയ്ക്കിടെ 2,551 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാതിരുന്നതുമായ 102 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്‌പ്പിച്ചു. 564 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. പരിശോധന ശക്തമായി തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ജനുവരി 9 മുതൽ 15 വരെ നടത്തിയ പരിശോധനകൾ, പ്രവർത്തനം നിർത്തിവയ്‌പ്പിച്ചത്, നോട്ടിസ് നൽകിയത് എന്നിവ യഥാക്രമം:
ജനുവരി 09 461, 24, 119
ജനുവരി 10 491, 29, 119
ജനുവരി 11 461, 16, 98
ജനുവരി 12 484, 11, 85
ജനുവരി 13 333, 11, 86
ജനുവരി 14 123, 06, 24
ജനുവരി 15 198, 05, 33
ആകെ 2551 ,102, 564