- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോളേജിലെ വിടവാങ്ങല്‍ പരിപാടിയില്‍ ചിരിച്ചുല്ലസിച്ച് സംസാരം; എല്ലാവരും പൊട്ടിച്ചിരിക്കുന്നതിടെ സംസാരം പതുക്കെയായി കുഴഞ്ഞുവീണ് വര്‍ഷ; 20 കാരിയായ സഹപാഠിയുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ കുട്ടികളും അദ്ധ്യാപകരും
കോളേജിലെ ഫെയര്‍വെല്‍ പരിപാടിയില്‍ കുഴഞ്ഞുവീണ് വിദ്യാര്‍ഥിനി മരിച്ചു
മുംബൈ: കോളേജിലെ ഫെയര്‍വെല്‍ പരിപാടിയില്‍ ഉല്ലാസവതിയായി ചിരിച്ചുസംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ് വിദ്യാര്‍ഥിനി മരിച്ചു. 20 കാരി വര്‍ഷ ഘരാട്ടാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയില്‍, ആര്‍.ജി.ഷിന്‍ഡെ കോളേജിലാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണം.
സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും വര്‍ഷ മരിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏതുദിവസമാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല.
കോളേജ് പരിപാടിയില്‍, മറാത്തിയിലാണ് വര്‍ഷ പ്രസംഗിച്ചത്. സംസാരത്തിനിടെ വര്‍ഷയും കാണികളും ചിരിക്കുന്നത് കാണാം. പതിയെ വര്‍ഷയുടെ സംസാരം പതുക്കെയാവുന്നതും അവള്‍ കുഴഞ്ഞുവീഴുന്നതുമാണ് കാണുന്നത്. കാണികളില്‍ ചിലര്‍ വര്‍ഷയുടെ അടുത്തേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ ഉണ്ട്.
എട്ടുവയസ് പ്രായമുള്ളപ്പോള്‍ വര്‍ഷയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷമായി യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും മരുന്ന് കഴിച്ചിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. അതേസമയം, വര്‍ഷ മരുന്ന് കഴിച്ചിരുന്നുവെന്നും ഫെയര്‍വെല്‍ ദിവസം നേരത്തെ എത്തേണ്ട തിരക്കില്‍ മരുന്നെടുക്കാതെ ഓടിപ്പോവുകയായിരുന്നുവെന്നും അമ്മാവന്‍ പറയുന്നു. വലിയ സ്വപ്നങ്ങളുണ്ടായിരുന്ന മിടുക്കിയായ വിദ്യാര്‍ഥിയായിരുന്നു വര്‍ഷയെന്നും ഈ വേദന മാറുകയില്ലെന്നും കോളജ് അധികൃതര്‍ കുറിപ്പില്‍ പറഞ്ഞു.
സമാനമായ സംഭവം യുപിയിലെ ബറേലിയില്‍ അടുത്തിടെ നടന്നിരുന്നു. 25 ാം വിവാഹ വാര്‍ഷികാഘോഷ ചടങ്ങിനിടെ, ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമായിരുന്നു കാരണം. 50 കാരനായ വ്യവസായി വാസിം സര്‍വറാണ് മരിച്ചത്. ഭാര്യ ഫറയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെയായിരുന്നു ദുരന്തം.