തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നേക്കും. സംഭവത്തിൽ മരിച്ചവരിൽ ഏറെയും മലയാളികളാണ് എന്നതാണ് നടുക്കുന്ന വിവരം. ഇതിനോടകം 24 മലയാളികൾ മരിച്ചതായി നോർക്ക റൂട്ട്‌സ് സിഇഒ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിൽ കഴിയുന്നവരിലും ഭൂരിക്ഷപക്ഷവും മലയാളികളാണ്. ഇവരിൽ ഏഴു പേരുടെ നില ഗുരുതരമാണെന്നുമാണ് ലഭ്യമായ വിവരമെന്നും നോർക്ക വ്യക്തമാക്കി. തിരച്ചറിഞ്ഞ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ശ്രമം നടത്തുമെന്നും നോർക്ക സിഇഒ വ്യക്തമാക്കി.

കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരിച്ചു. ബിനോയ് തോമസ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബെൻ എന്ന സുഹൃത്ത് നാട്ടിൽ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചർച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റിൽ നിന്ന് സുഹൃത്ത് അറിയിച്ചത്. മരിച്ച മലയാളികളിൽ 16 പേരെ തിരിച്ചറിഞ്ഞു.

അതേസമയം വിദേശകാര്യമന്ത്രി സഹമന്ത്രി കീർത്തി വർധൻസിങ് കുവൈത്തിൽ എത്തിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി ആരോഗ്യമന്ത്രി വീണാ ജോർജ് കുവൈത്തിലേക്ക് പോകും. ഇന്ന് ചേർന്ന അടിയന്തരമന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നൽകും. പരിക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും ധനസഹായമായി നൽകാനാണ് തീരുമാനം.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കൽ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വേഗത്തിലാക്കുന്നതിനും കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, എംബസി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി ആവശ്യമായകാര്യങ്ങൾ ചെയ്യുന്നതിനുമായാണ് ആരോഗ്യമന്ത്രിയെ അയക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും മന്ത്രി സന്ദർശിക്കും. മന്ത്രി ഇന്നുതന്നെ യാത്രതിരിക്കും. വലിയ ദുരന്തമുണ്ടായ സാഹചര്യത്തിൽ ഏകോപന പ്രവർത്തനങ്ങൾ നടത്തുക, കേന്ദ്ര സർക്കാർ നൽകുന്ന നിർദേങ്ങൾ നടപ്പാക്കുക. കുടുംബങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുക എന്ന ലക്ഷ്യങ്ങളാണ് സർക്കാരിനുള്ളത്. മറ്റുകാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസും നോർക്കയും ഏകോപിപ്പിക്കും.

അൻപതിലേറെ പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കൽ നൂഹ് (40), മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എംപി ബാഹുലേയൻ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.

കാസർകോട് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു(29), പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ്.നായർ, കൊല്ലം സ്വദേശി ഷമീർ ഉമറുദ്ദീൻ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54 , കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു48), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സ്ഥിതിഗതി വിലയിരുത്തുന്നതിനായി അവിടെത്തിയശേഷം ആശുപത്രിയിൽ ചികിത്സയിലുള്ളവരെ മന്ത്രി സന്ദർശിക്കും. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും. കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അൽ യഹ്യയുമായി സംസാരിച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു.

കെട്ടിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി പേർ മരിച്ചത് അതീവ ദുഃഖകരമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അപകടത്തിൽ ജീവൻ നഷ്ടമായവരിൽ നിരവധി മലയാളികളുണ്ടെന്നതു നടുക്കം വർധിപ്പിക്കുന്നെന്നും ജോർജ് കുര്യൻ പറഞ്ഞു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവർക്കു എത്രയും വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെയെന്ന് ജോർജ് കുര്യൻ പറഞ്ഞു.

ഹെൽപ് ലൈൻ തുടങ്ങി

തീപിടിത്ത ദുരന്തത്തിൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസി എമർജൻസി ഹെൽപ് ലൈൻ ആരംഭിച്ചു. നമ്പർ: +965 65505246.

നോർക്ക ഹെൽപ് ഡെസ്‌ക്

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിന്റെ സാഹചര്യത്തിൽ നോർക്ക റൂട്‌സ് ഹെൽപ് ഡെസ്‌ക് തുടങ്ങി. നമ്പറുകൾ: അനൂപ് മങ്ങാട്ട് +965 90039594, ബിജോയ് +965 66893942, റിച്ചി കെ ജോർജ് +965 60615153, അനിൽ കുമാർ +965 66015200, തോമസ് ശെൽവൻ +965 51714124, രഞ്ജിത്ത് +965 55575492, നവീൻ +965 99861103, അൻസാരി +965 60311882, ജിൻസ് തോമസ് +965 65589453,സുഗതൻ - +96 555464554, ജെ. സജി - + 96599122984. പ്രവാസിൾക്ക് ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവിസ്) ബന്ധപ്പെടാവുന്നതാണ്.