കൊച്ചി: വാളയാറിലെ പെണ്‍കുട്ടികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ നിര്‍ണ്ണായക നിരീക്ഷണവുമായി സുപ്രീംകോടതി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ പെണ്‍കുട്ടിയുടെ അമ്മ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് നിര്‍ണ്ണായക നിരീക്ഷണങ്ങള്‍ കോടതി നടത്തുന്നത്. സോജന്റെ വിശദീകരണം അംഗീകരിക്കാനാകില്ല. അത് പ്രക്ഷേപണം ചെയ്ത ചാനലിനെതിരെ കേസെടുക്കണമെന്നും സുപ്രീംകോടതി നിരീക്ഷണം നടത്തി.

മരിച്ച വാളയാര്‍ പെണ്‍കുട്ടികളെക്കുറിച്ച് ഒരു ചാനല്‍ വഴി മോശം പരാമര്‍ശം നടത്തി എന്നായിരുന്നു കേസ്. 24 ന്യൂസ് ചാനല്‍ വഴിയായിരുന്നു ഉദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം. എന്നാല്‍ ഉദ്യോഗസ്ഥമെതിരെയല്ല, ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവിന്റെ പകര്‍പ്പ് ഡിജിപിക്ക് അയച്ചുകൊടുക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി മാധ്യമ സ്ഥാപനത്തിനെതിരെ തുടര്‍ നിയമ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസെടുത്തില്ലെന്നാണ് സൂചന. സുപ്രീംകോടതി നിര്‍ദ്ദേശത്തോടെ 24 ന്യൂസിനെതിരെ സര്‍ക്കാരിന് കേസെടുക്കേണ്ടി വരും.

വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരായ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എം ജെ സോജന്റെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു സുപ്രീംകോടതി. പരാമര്‍ശം ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള മതിയായ കാരണമാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വാക്കാല്‍ നിരീക്ഷിച്ചു. എം ജെ സോജന്‍ അറിഞ്ഞുകൊണ്ട് നടത്തിയ പരാമര്‍ശമെങ്കില്‍ ഗുരുതര കുറ്റമാണ്. അപകീര്‍ത്തികരമായ പരാമര്‍ശം പ്രക്ഷേപണം ചെയ്ത വാര്‍ത്താ ചാനലും ചെയ്തത് തെറ്റാണ്. എന്തുകൊണ്ട് ആ മാധ്യമത്തിനെതിരെ കേസ് എടുത്തില്ലെന്നും കോടതി ചോദിച്ചു. ഈ വാര്‍ത്ത ഇപ്പോഴും ഇന്റര്‍നെറ്റില്‍ ഉണ്ടോ എന്നും ബെഞ്ച് ആരാഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടി തേടിയ കോടതി എം ജെ സോജനും സര്‍ക്കാരിനും നോട്ടീസ് അയച്ചു. വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ക്കെതിരായ പരാമര്‍ശത്തില്‍ സോജനെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മയാണ് സുപ്രീംകോടതിയില്‍ എത്തിയത്. 24 ന്യൂസ് ചാനലാണ് സോജന്റെ പരാമര്‍ശം നല്‍കിയത്. ജനുവരിയില്‍ കേസ് വീണ്ടും പരിഗണിക്കും, പെണ്‍കുട്ടികളുടെ അമ്മയ്ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ദ് ബസന്ത്, അഭിഭാഷകന്‍ എം എഫ് ഫിലിപ്പ്, പൂര്‍ണ്ണിമ കൃഷ്ണ എന്നിവര്‍ ഹാജരായി.

വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ഹര്‍ജിയില്‍ പോലീസ് ഉദ്യോഗസ്ഥനെതിരായ സോജനും സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. രണ്ടു പേരും വിശദീകരണം നല്‍കണം. കേസ് വീണ്ടും ജനുവരിയില്‍ പരിഗണിക്കും. എന്നാല്‍ 24 ന്യൂസിനെതിരെ നിര്‍ണ്ണായക നിരീക്ഷണം വരുമ്പോള്‍ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരമാകും. അല്ലാത്ത പക്ഷം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ ഇതിന്റെ കാരണവും ബോധ്യപ്പെടുത്തേണ്ടി വരും. സ്വകാര്യ സംഭാഷണം പരസ്യമാക്കി ഇരയെ അപമാനിച്ചുവെന്നത് അതീവ ഗൗരവമുള്ള കുറ്റകൃത്യമാണ്.

വിഷയത്തില്‍ 24 ന്യൂസ് ചാനല്‍ വസ്തുതാ പരിശോധന നടത്താത്തത്തിനെയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ആധികാരികത ഉറപ്പു വരുത്താതെ ഇരകളെ താഴ്ത്തിക്കെട്ടുന്ന പരാമര്‍ശം പ്രചരിപ്പിച്ചതിലാണ് ഹൈകോടതിയുടെ ഇടപെടല്‍ ഉണ്ടായത്. ചാനലിനെതിരെ പോക്സോ കുറ്റം ചുമത്താം. ആവശ്യമെങ്കില്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ അന്വേഷണം നടത്തുന്നത് പരിഗണിക്കാമെന്നും കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് എ ബദറുദ്ദീന്റേതായിരുന്നു ഉത്തരവ്. 2017 ജനുവരി 7 നാണ് വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4 ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

2017 മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് 2019 നവംബര്‍ 19 ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു.

2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന്‍ കണ്ടെത്തി. 2020 നവംബര്‍ 4 മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. 2021 ജനുവരി ന് പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐക്ക് വിടുകയും ചെയ്തു.