തൃശൂര്‍: ചെറുതുരുത്തിയില്‍ കാറില്‍ രേഖകളില്ലാതെ റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടിയ 19 ലക്ഷത്തില്‍പ്പരം രൂപ ചേലക്കര തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എത്തിച്ച കള്ളപ്പണമെന്ന ആരോപണവുമായി സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും പരസ്പരം പഴിചാരി രംഗത്ത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വള്ളത്തോള്‍ നഗറില്‍നിന്നാണ് 19.70 ലക്ഷം പിടികൂടിയത്. തിരഞ്ഞെടുപ്പിനു കൊണ്ടുവന്ന പണമാണോയെന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്. ആദ്യം 25 ലക്ഷം രൂപ പിടിച്ചെടുത്തെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

പാലക്കാട് കുളപ്പുള്ളി സ്വദേശികളില്‍നിന്ന് റവന്യു ഉദ്യോഗസ്ഥരാണു പണം പിടിച്ചെടുത്തത്. കാറില്‍ പിന്നില്‍ സൂക്ഷിച്ച ബാഗില്‍നിന്നാണ് പണം പിടിച്ചെടുത്തത്. രേഖകളില്ലാത്തതിനാല്‍ പണം ആദായനികുതി വകുപ്പിനു കൈമാറും. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കും. വീടുപണിക്കു വേണ്ട ടൈല്‍സ് വാങ്ങാനായി എറണാകുളത്തേക്ക് പോകുകയാണെന്നാണ് കാര്‍ യാത്രക്കാരനായ കൊളപ്പുള്ളി സ്വദേശി ജയന്‍ നല്‍കിയ വിശദീകരണം.

ബാങ്കില്‍നിന്ന് 25 ലക്ഷം രൂപ പിന്‍വലിച്ചതിന്റെ രേഖയും ജയന്‍ കാണിച്ചു. എന്നാല്‍ 5.3 ലക്ഷം രൂപ ബാഗില്‍ കുറവാണല്ലോയെന്നും പണം എന്തു ചെയ്തുവെന്നും ഉദ്യോഗസ്ഥര്‍ ചോദിച്ചു. ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാലാണ് പണത്തോടൊപ്പം ജയനെയും കസ്റ്റഡിയില്‍ എടുത്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അതേ സമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി കടത്തിയ കുഴല്‍പ്പണമാണ് കുളപ്പുള്ളി സ്വദേശിയായ ബിഡിജെഎസ് നേതാവ് ജയനില്‍ നിന്നും പിടികൂടിയതെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. പിടിയിലായ ജയന്‍ സിപിഎംകാരനെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയും ആരോപണം ഉന്നയിച്ചു.

ചേലക്കര മണ്ഡലത്തിലെ വള്ളത്തോള്‍ നഗറില്‍ കലാമണ്ഡലം പരിസരത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ കിയ കാറില്‍ പുറകില്‍ സൂക്ഷിച്ച ബാഗില്‍ നിന്നാണ് പണം കണ്ടെത്തിയത്. വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുപോയെന്നാണ് ജയന്‍ പറഞ്ഞത്.

ചേലക്കരയില്‍ 19.7 ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ച സംഭവത്തില്‍ പിടിയിലായ ജയനുമായി പാലക്കട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബു ആരോപിച്ചു. പാലക്കാട് കൊണ്ടുവന്ന കള്ളപണത്തിന്റെ പങ്ക് ചേലക്കരയിലും കോണ്‍ഗ്രസ് എത്തിച്ചതാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ചേലക്കരയില്‍ എല്‍ഡിഎഫ് പണമൊഴുക്കുന്നു എന്ന ആരോപണവുമായി നിലമ്പൂര്‍ എംഎല്‍എയും ഡിഎംകെ നേതാവുമായ പി വി അന്‍വര്‍ രംഗത്തെത്തി. വോട്ടേഴ്സ് സ്ലിപ്പിനൊപ്പം പണവും കവറിലാക്കി കോളനികളില്‍ വിതരണം ചെയ്യുന്നു എന്ന ആരോപണമാണ് അന്‍വര്‍ ഉയര്‍ത്തിയിരിക്കുന്നത്. ചേലക്കര അതിര്‍ത്തിയില്‍ നിന്ന് പിടിച്ചെടുത്ത 25 ലക്ഷം രൂപ ആര്‍ക്കുവേണ്ടി കൊണ്ടുവന്നതാണ് എന്നും അദ്ദേഹം ചോദിച്ചു.

'ചെറുതുരുത്തിയില്‍ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആര്‍ക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? കവറില്‍ പണം കൂടി വെച്ചാണ് കോളനികളില്‍ സ്ലിപ് നല്‍കുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ്. ആ നിലയിലേക്ക് ഇടതുമുന്നണി എത്തി,' അന്‍വര്‍ ആരോപിച്ചു. ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപയാണ് പരമാവധി ചെലവഴിക്കാവുന്ന തുക എന്നിരിക്കെ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചെലവഴിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ബൂത്ത് തിരിച്ച് ഓരോ പാര്‍ട്ടിയും ചെലവാക്കിയ തുകയുടെ കണക്ക് തന്റെ കൈയ്യിലുണ്ടെന്നും ഈ മണ്ഡലത്തില്‍ ആരും ജയിക്കാന്‍ പോകുന്നില്ല എന്നും തങ്ങള്‍ കോടതിയില്‍ പോകും എന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പിവി അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങളും അരങ്ങേറി.