- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈജീരിയയിലെ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ കാത്തുകിടക്കുമ്പോൾ കപ്പൽ വളഞ്ഞ് ഗിനിയൻ നാവികസേന; തടവിലാക്കിയ 26 അംഗ സംഘത്തിൽ കൊല്ലത്തെ വിസ്മയയുടെ സഹോദരൻ അടക്കം മൂന്നുമലയാളികൾ; മോചന ദ്രവ്യം നൽകിയിട്ടും നൈജീരിയയ്ക്ക് കൈമാറാൻ നീക്കം
പ്രട്ടോറിയ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ മലയാളികൾ അടക്കം 16 ഇന്ത്യൻ കപ്പൽ ജീവനക്കാർ അടക്കം 26 പേർ നാവിക സേനയുടെ തടങ്കലിൽ. മലയാളികളുടെ കൂട്ടത്തിൽ, കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തും ഉണ്ട്. ഇവർ ഇപ്പോൾ മോചനത്തിന് വഴി കാണാതെ ദുരിതത്തിലാണ് എന്നാണ് റിപ്പോർട്ട്.
നൈജീരിയൻ നാവികസേനയുടെ നിർദ്ദേശപ്രകാരമാണ് കപ്പൽ ജീവനക്കാരെ ഗിനിയൻ നേവി കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പൽ കമ്പനി നൽകിയിട്ടും ഗിനിയ മോചിപ്പിച്ചില്ല. എല്ലാവരെയും നൈജീരിയക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. മർചന്റ് നേവി ഉദ്യോഗസ്ഥനായ വിജിത്തിന് പുറമെ സനു ജോസ്, മിൽട്ടൺ എന്നിവരാണ് കപ്പിലിലെ മറ്റ് മലയാളികൾ.
നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പൽ ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എകെപിഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയത്. ടെർമിനലിൽ ഊഴം കാത്ത് നിൽക്കുന്നതിനിടെ ഒരു ബോട്ട് കപ്പൽ ലക്ഷ്യമാക്കി വരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. കടൽകൊള്ളക്കാരാണെന്ന ധാരണയിൽ കപ്പൽ ഉടൻ മാറ്റി. ഗിനിയൻ നേവി കപ്പൽ വളഞ്ഞ് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് വന്നത് സൈന്യമാണെന്ന് അറിയുന്നത്.
ക്രൂഡ് ഓയിൽ മോഷണത്തിന് വന്ന കപ്പൽ എന്ന രീതിയിലായിരുന്നു അന്വേഷണം. കപ്പലിലെ പത്തുപേർ വിദേശികളാണ്. അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ഗിനിയൻ നേവി രണ്ടുലക്ഷം ഡോളർ മോചനദ്രവ്യം കപ്പൽ കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനി അത് നൽകിയതോടെ മോചനം സാധ്യമായെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജീവനക്കാരെയും കപ്പലിനെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. ഇനി കേന്ദ്രസർക്കാർ തലത്തിൽ നീക്കം ഉണ്ടായാൽ മാത്രമേ ഇവരുടെ മോചനകാര്യത്തിൽ പ്രതീക്ഷയുള്ളു.
മറുനാടന് മലയാളി ബ്യൂറോ