തിരുവനന്തപുരം: ഫെസ്റ്റിവൽ പക്ഷികൾ എല്ലാവരും പതിവ് പോലെ തലസ്ഥാനത്ത് എത്തി. 27 ാമത് ഐഎഫ്എഫ്‌കെയ്ക്ക് നിശാഗന്ധിയിൽ തുടക്കമായി.മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. പതിവിൽ നിന്ന് വ്യത്യസ്തമായി നിലവിളക്കിൽ ദീപങ്ങൾ തെളിക്കുന്നത് ഒഴിവാക്കി ആർച്ച് ലൈറ്റുകൾ കാണികൾക്ക് നേരെ തെളിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.

ചലച്ചിത്ര മേളകളെ ചിലർ സങ്കുചിത ചിന്തകൾ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭയരഹിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. അത് ഉറപ്പാക്കുന്ന വേദികളാകണം ചലച്ചിത്ര മേളകളെന്നും ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐഎഫ്എഫ്കെ വേദിയിലും പിന്തുണ കിട്ടി. ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയിൽ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചൽ സംഗാരിയാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഇറാനിലെ പ്രതിഷേധത്തിന് ഗ്രീക്ക് ചലച്ചിത്രകാരി പിന്തുണ നൽകിയത്.

ഉദ്ഘാടന ചടങ്ങിന് ശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരി അരങ്ങേറി. ടോറി ആൻഡ് ലോകിത ആണ് ഉദ്ഘാടന ചിത്രം. ഇന്ത്യയിൽ ആദ്യമായാണ് ടോറി ആൻഡ് ലോകിത പ്രദർശിപ്പിക്കുന്നത്. ആഫ്രിക്കയിൽ ജനിച്ച് ബെൽജിയം തെരുവുകളിൽ വളരുന്ന അഭയാർഥികളാണ് ഒരു ആൺകുട്ടിയുടേയും പെൺകുട്ടിയുടേയും ആത്മബന്ധത്തിന്റെ കഥയാണ് ടോറി ആന്റി ലോകിത.

70 രാജ്യങ്ങളിൽ നിന്നായുള്ള 186 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഡിസംബർ 9 മുതൽ 16 വരെയാണ് ചലച്ചിത്രമേള. ലോക സിനിമാ വിഭാഗത്തിൽ 78 സിനിമകളും രാജ്യാന്തര മത്സര വിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ 12 സിനിമകളുമാണ് പ്രദർശിപ്പിക്കുന്നത്. 50 വർഷത്തിലെത്തി നിൽക്കുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദർശനം ഉണ്ടാവും. 20 ലക്ഷം രൂപയാണ് സുവർ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് ലഭിക്കുക. രജത ചകോരം ലഭിക്കുന്ന സംവിധായകന് നാല് ലക്ഷം രൂപയും.

ഇനി ഏഴുനാൾ തിയേറ്ററുകളിൽ ചലച്ചിത്ര പ്രേമികളുടെ തിരക്കോട് തിരക്കായിരിക്കും. രാവിലെ 8 മണിക്ക് പിറ്റേന്നത്തെ ചിത്രങ്ങൾ ബുക്ക് ചെയ്യുന്നത് മുതൽ തുടങ്ങുന്നു കർമ പരിപാടി. വെറുതെ സിനിമ കാണൽ മാത്രമല്ല, ടാഗോറിലെയും, നിശാഗന്ധിയിലെയും, സൗഹൃദകൂട്ടായ്മകൾക്കും കലാ കൂട്ടായ്മകൾക്കും മേള വേദിയാകും. 26 ാമത് മേള ജനുവരിയിലാണ് നടന്നത്. അതുകൊണ്ട് തന്നെ ഈ വർഷം ചലച്ചിത്ര പ്രേമികൾക്ക് രണ്ടുമേളകളായി.