മഥുര: കൃഷി ചെയ്യുമ്പോൾ വളമായി കീടനാശിനികൾ അടിച്ചുനൽകുന്നത് സാധാരണ കാഴ്ചയാണ്. പക്ഷെ അത് ഉപയോഗിക്കുമ്പോൾ സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യേണ്ടത്. കാരണം അത്രയ്ക്കും അപകടകാരികളാണ് കീടനാശിനികൾ. അതിലെ ലേബലിൽ വരെ അത് എങ്ങനെ സേഫ് ആയിട്ട് ഉപയോഗിക്കണമെന്ന് എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ, കീടനാശിനി കാരണം ഒരാളുടെ ജീവൻ നഷ്ട്ടമായിരിക്കുകയാണ്. അയാൾക്ക് പറ്റിയ ചെറിയൊരു അബദ്ധം കാരണമാണ് ദാരുണ സംഭവം നടന്നത്. ഉത്തർപ്രദേശിലെ മധുരയിലാണ് ഈ അപകടം നടന്നത്.

പാടത്ത് കീടനാശിനി തളിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ച 27 -കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

27 കാരനായ കനയ്യ എന്ന യുവാവാണ് അതിദാരുണമായി മരിച്ചത്. ഇയാൾ കൃഷിടത്തില്‍ കീടനാശിനി തളിക്കാൻ പോയിരുന്നു. വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തി അത്താഴം കഴിക്കാനായി ഇരുന്നപ്പോൾ ഭാര്യ, കൈകഴുകി വരാന്‍ ആവശ്യപ്പെട്ടെങ്കിലും കനയ്യ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

പക്ഷെ, ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇയാൾ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി. പെട്ടെന്ന് കനയ്യയുടെ ശരീരം തളര്‍ന്നുപോയി. ഇതോടെ വീട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനിടെ മരിച്ചതായി ഡോക്ടര്‍മാർ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറിയെന്നും അധികൃതർ പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ കീടനാശിനി മൂലമുള്ള മരണങ്ങൾ പതിവാണ്. എന്നാല്‍, ഇത് അധികവും ആത്മഹത്യകളാണ്. 2023 -ൽ ഒരു ജോലിക്കാരന്‍റെ മുറിയില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി, മദ്യമാണെന്ന് കരുതി കുടിച്ച 19 വയസുകാരന്‍ മരിച്ചിരുന്നു. ബാലേവാഡി ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റോറന്‍റിൽ ജോലി ചെയ്യുകയായിരുന്ന മണ്ഡല്‍ (19), സുഹൃത്ത് മുറിയിലെ കിടക്കപ്പുഴുക്കളെ നിയന്ത്രിക്കാനായി ഒരു വാട്ടർ ബോട്ടിലില്‍ വാങ്ങിക്കൊണ്ട് വന്ന കീടനാശിനി, മദ്യമാണെന്ന് കരുതി എടുത്ത് കുടിക്കുകയും പിന്നാലെ അസ്വസ്ഥ പ്രകടിപ്പിക്കുകയുമായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.