- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലിഫ് ഹൗസിലെ ഉപയോഗ ശൂന്യമായ നീന്തൽകുളം നവീകരിക്കാൻ ഖജനാവിൽ നിന്നും പൊടിച്ചത് 31.92 ലക്ഷം രൂപ; കെ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ചികിത്സയുടെ ഭാഗമായി പണിത നീന്തൽക്കുളം പിന്നീട് മുഖ്യമന്ത്രിയായ ഇ കെ നായനാർ ഉപയോഗിച്ചത് പട്ടിയെ കുളിപ്പിക്കാൻ; സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ധൂർത്തിന്റെ കണക്കുകൾ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലെ നീന്തൽകുളത്തിനായി 31,92, 360 രൂപ ചെലവഴിച്ചെന്ന് വിവരവകാശ രേഖ. കെ പി സി സി സെക്രട്ടറി അഡ്വ.സി.ആർ. പ്രാണകുമാറിന് ടൂറിസം ഡയറക്ടറേറ്റിൽ നിന്ന് വിവരവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് നീന്തൽകുളത്തിനായി ചെലവഴിച്ച ലക്ഷങ്ങളുടെ കണക്കുകൾ പുറത്ത് വന്നത്.
ക്ലിഫ് ഹൗസിൽ നീന്തൽകുളത്തിന്റെ നവീകരണത്തിനായി 18, 06, 789 രൂപയും റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും ചെലവായി. കൂടാതെ വാർഷിക മെയിന്റനൻസിനായി 2, 28, 330 രൂപയും 3, 64, 812 രൂപയും ചെലവഴിച്ചു. 2016 മെയ് മുതൽ നീന്തൽകുളത്തിനായി ചെലവാക്കിയ തുകയാണിത്.
നീന്തൽകുളത്തിന് ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് നിയമസഭയിൽ പല തവണ ചോദ്യം ഉന്നയിച്ചെങ്കിലും മറുപടി തരാതെ ഒഴിഞ്ഞുമാറുകയായിരുന്നു റിയാസ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ സുരക്ഷക്കും ഔദ്യോഗിക വസതിയിലെ ചെലവുകൾക്കുമായി ലക്ഷങ്ങൾ ആണ് ചെലവഴിക്കുന്നത്.
ക്ലിഫ് ഹൗസിലെ കാലി തൊഴുത്തിന് 42.50 ലക്ഷവും ലിഫ്റ്റിന് 25.50 ലക്ഷവും അനുവദിച്ചിരുന്നു. പുതിയ കിയ കാർണിവലിന് പുറമേ മുഖ്യമന്ത്രിക്ക് ഡൽഹിയിലും കണ്ണൂരിലും സഞ്ചരിക്കാൻ കനത്ത സുരക്ഷ സൗകര്യമുള്ള കാർ വാങ്ങിയിരുന്നു. 28 കാറുകളുടെ അകമ്പടിയോടെ യാത്ര ചെയ്യാൻ മാത്രം എന്ത് സുരക്ഷ ഭീഷണിയാണ് കേരളത്തിൽ മുഖ്യമന്ത്രിക്ക് നേരെയുള്ളത് എന്ന ചോദ്യമാണ് ഉയരുന്നത്. ആംബുലൻസും പൊലീസ് സന്നാഹങ്ങളുമായി മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ ട്രാഫിക്ക് നിയന്ത്രണത്തിന്റെ പേരിൽ ജനങ്ങൾ പൊരി വെയിലത്ത് കാത്ത് കിടക്കുന്നത് സംസ്ഥാനത്തെ സ്ഥിരം കാഴ്ചകളിൽ ഒന്നാണ്.
സിപിഐഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ സഹകരണ സംഘത്തിനാണ് നീന്തൽ കുളം നവീകരണത്തിനായി കരാർ നൽകിയത്. പൊതുമരാമത്ത് വകുപ്പാണ് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നതെങ്കിലും പ്രവൃത്തികളുടെ മേൽനോട്ടം ടൂറിസം വകുപ്പിനാണ് നൽകിയത്.
കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെയാണ് ക്ലിഫ് ഹൗസ് വളപ്പിൽ നീന്തൽക്കുളം നിർമ്മിച്ചത്. നിർമ്മാണഘട്ടത്തിൽ കുളം വൻ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ വാഹന അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. കേരളത്തിലെ ചികിത്സക്ക് ശേഷം അദ്ദേഹം അമേരിക്കയിലേക്ക് പോകുകയായിരുന്നു. മാസങ്ങളോളം കരുണാകരൻ അവിടെ ചികിത്സ നേരിടേണ്ടിവന്നു. അതിന് ശേഷമാണ് ക്ലിഫ്ഹൗസിൽ ചികിത്സയുടെ ഭാഗമായി നീന്തൽക്കുളം പണിതത്.
എന്നാൽ, കരുണാകരന് അധികനാൾ അത് ഉപയോഗിക്കേണ്ടി വന്നില്ല. ചാരക്കേസും വന്നതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നീട് എ കെ ആന്റണി മുഖ്യമന്ത്രിയായി. അദ്ദേഹം ഈ നീന്തൽക്കുളം ഉപയോഗിക്കുകയും ചെയ്തില്ല. പിന്നീട് വന്ന മുഖ്യമന്ത്രി ഇ.കെ.നായനാർ ആ നീന്തൽക്കുളം പട്ടിയെ കുളിപ്പിക്കാനാണ് ഉപയോഗിച്ചത്. ഉമ്മൻ ചാണ്ടിയും വിഎസും ഒക്കെ മുഖ്യമന്ത്രി ആയപ്പോഴും ഈ നീന്തൽക്കുളം ഉപയോഗിച്ചിരുന്നില്ല.അതിന് ശേഷം 2019 ലാണ് നീന്തൽക്കുളം നവീകരിക്കാൻ വേണ്ടി പണം ചെലവാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ