തിരുവല്ല: മരം മുറിയ്ക്കാനായി റോഡിനു കുറുകെ കെട്ടിയ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ കരാറുകാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ ഞാലിഭാഗം മണിമല പാണം കാലായില്‍ പി കെ രാജന്‍ (53)ആണ് പിടിയിലായത്. മുത്തൂരില്‍ ഗവണ്മെന്റ് യു പി സ്‌കൂള്‍ വളപ്പിലെ മരം മുറിക്കുന്നതിനുവേണ്ടിയാണ് റോഡില്‍ 100 മീറ്റര്‍ മാറി കുറുകെ പ്ലാസ്റ്റിക് കയര്‍ കെട്ടിയത്. മുത്തൂര്‍ ദേവി ക്ഷേത്രത്തിനു സമീപമാണ് കയര്‍ കെട്ടിയിരുന്നത്.

ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് മുന്നറിയിപ്പ് ബോര്‍ഡു വയ്ക്കുകയോ, ഗതാഗതം നിയന്ത്രിക്കുകയോ ചെയ്യാഞ്ഞതിനാല്‍ വിവരം അറിയാതെ സ്‌കൂട്ടര്‍ ഓടിച്ചെത്തിയ തകഴി സ്വദേശി സിയാദ്(34) ആണ് കഴുത്തില്‍ കയര്‍ കുരുങ്ങി ദാരുണമായി മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30 നാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന ഭാര്യയും കുട്ടികളും പരിക്കുകളോടെ രക്ഷപ്പെട്ടു. പായിപ്പാട്ടെ ബന്ധുവീട്ടില്‍ നിന്നും മടങ്ങുന്ന വഴിക്കാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. കയറില്‍ കുരുങ്ങി സിയാദും കുട്ടികളും റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. കഴുത്തുമുറിഞ്ഞു സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചു. സിയാദിന്റെ ബന്ധുവിന്റെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജനെയും, മരം മുറി ജോലിക്കെത്തിയ 6 തൊഴിലാളികളെയും ഉടനടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.

സിയാദിന്റെ മൃതദേഹം തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ഫോറെന്‍സിക് പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. രാജന്റെ അറസ്റ്റ് ഇന്ന് രാവിലെ 9 ന് രേഖപ്പെടുത്തി. തൊഴിലാളികളുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കരാറുകാരന്‍ കയര്‍ കെട്ടി അടച്ച് ഗതാഗതം നിയന്ത്രിക്കുമെന്ന് ഏറ്റ ശേഷമാണ് മരം മുറി ജോലി തുടങ്ങിയതെന്ന് ഇവര്‍ മൊഴി നല്‍കി. അന്വേഷണത്തില്‍ പോലീസിന് ഇക്കാര്യം ബോധ്യപ്പെട്ടതിനെതുടര്‍ന്ന്, നോട്ടീസ് നല്‍കി ഇവരെ വിട്ടയച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.