തിരൂർ: മലപ്പുറം പുറത്തൂരിൽ തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.ഇഷ്ടികപറമ്പിൽ കുട്ടുവിന്റെ മകൻ സലാം (55), കളൂരിലെ കുയിനിപ്പറമ്പിൽ അബൂബക്കർ (62) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കാണാതായ സലാമിനും അബൂബക്കറിനും വേണ്ടി അർധരാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് നിർത്തിവെച്ചു. പുലർച്ചെ കോസ്റ്റ്ഗാർഡ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. കുറ്റിക്കാട് കടവിൽ ശനിയാഴ്‌ച്ച വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്.

സഹോദരിമാരായ നാഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), വിളക്കത്ര വളപ്പിൽ മുഹമ്മദിന്റെ ഭാര്യ സൈനബ (54) എന്നിവരുടെ മൃതദേഹം ശനിയാഴ്ച രാത്രി കണ്ടെടുത്തിരുന്നു. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.അപകടത്തിൽ പെട്ട രണ്ടുപേരെ നാട്ടുകാർ രക്ഷിച്ചിരുന്നു.

നാട്ടുകാർ രക്ഷപ്പെടുത്തിയ രണ്ടുപേർ ആലത്തിയൂരിലെ ഇമ്പിച്ചിബാവ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. ചക്കിട്ടപ്പറമ്പിൽ ഉമ്മറിന്റെ ഭാര്യ ബീപാത്തു (65), കുറുങ്ങാട്ടിൽ നസീറിന്റെ ഭാര്യ റസിയ(42) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. പുഴയിൽ പെട്ടെന്ന് വെള്ളം പൊങ്ങിയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.

ശനിയാഴ്‌ച്ച വൈകീട്ടോടെ പുറത്തൂർ പുതുപ്പള്ളി നമ്പ്രം കടവിലാണ് അപകടമുണ്ടായത്. ആറംഗ സംഘമാണ് അപകടത്തിൽ പെട്ടത്. വൈകിട്ട് ഏഴോടെയായിരുന്നു അപകടം. നിലവിളി കേട്ട് ഓടിയെത്തിയവർ പുഴയോരത്തുനിന്ന് 2 സ്ത്രീകളെയും പുഴയിൽനിന്ന് 2 സ്ത്രീകളെയും കണ്ടെത്തി ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കക്ക വാരാൻ പതിവായി പോകുന്ന ആറംഗ സംഘം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ പോയതാണ്. വെള്ളം കുറവുള്ള ഈ സമയത്ത് അടിത്തട്ടിൽനിന്ന് കക്ക വാരാൻ എളുപ്പമാണ്. തിരിച്ചുള്ള വരവിൽ ഭാരം തോണിക്കു താങ്ങാനായില്ല. വള്ളം മുങ്ങി. വേലിയേറ്റം ആരംഭിച്ചതിനാൽ നിറയെ വെള്ളവുമായിരുന്നു. നീന്തി എത്തുകയെന്നതും പ്രയാസം.

കരയിലുണ്ടായിരുന്നവരാണ് ശബ്ദം കേട്ടതോടെ തോണിക്കാരെ വിവരമറിയിച്ചത്. തോണി മുങ്ങുന്നത് കണ്ട് ആ ഭാഗത്ത് തിരച്ചിൽ നടത്തിയാണ് ബീപാത്തുവിനെയും റസിയയെയും രക്ഷിച്ചത്. തുടർന്നു നടത്തിയ തിരച്ചിലിലാണ് തീരത്തുനിന്ന് റുഖിയയെയും സൈനബയെയും കണ്ടെത്തിയത്. ഇവരെ പക്ഷേ രക്ഷിക്കാനായില്ല.

തഹസിൽദാർ പി. ഉണ്ണി, സിഐ. എം.ജെ. ജിജോ, പുറത്താർ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ, ജില്ലാ പഞ്ചായത്തംഗം ഇ. അഫ്‌സൽ എന്നിവർ സ്ഥലത്തെത്തി.