സാൻ ഫ്രാൻസിസ്കോ: ഡേറ്റിംഗ് ആപ്പുകളിൽ വിരസമായ തിരച്ചിലിനൊടുവിൽ, അനുയോജ്യനായ പങ്കാളിയെ കണ്ടെത്താൻ 42-കാരിയായ ലിസ കറ്റലാനോ കണ്ടെത്തിയത് വേറിട്ടൊരു വഴി. പരസ്യബോർഡുകളാണ് ലിസ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഭർത്താവിനെ കണ്ടെത്താനായി സ്ഥാപിച്ച പരസ്യങ്ങളിലൂടെ ലിസയ്ക്ക് ലഭിച്ചത് ആയിരക്കണക്കിന് അപേക്ഷകളാണ്.

വിവിധ ഡേറ്റിംഗ് ആപ്പുകളിൽ കാലങ്ങളോളം തിരഞ്ഞിട്ടും തനിക്ക് യോഗ്യനായ ഒരാളെ കണ്ടെത്താൻ സാധിക്കാതെ വന്നപ്പോഴാണ് ലിസ ഈ പുതിയ വഴി തേടിയെത്തിയത്. തന്റെ പുതിയ വെബ്സൈറ്റായ MarryLisa.com പ്രചരിപ്പിക്കാനായാണ് ലിസ ഏകദേശം പന്ത്രണ്ടോളം പരസ്യബോർഡുകൾ സ്ഥാപിച്ചത്. തന്നെ ഡേറ്റ് ചെയ്യാൻ യോഗ്യരായ അവിവാഹിതരായ പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്ന ഈ സൈറ്റിൽ, ലിസ തന്റെ ജീവിതത്തെക്കുറിച്ചും താൽപ്പര്യങ്ങളെക്കുറിച്ചും പങ്കാളിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും വിശദമാക്കുന്നു.

ഈ ആശയം ഒരു തമാശയായി ആരംഭിച്ചെങ്കിലും പിന്നീട് അതൊരു പൂർണ്ണമായ പ്രചാരണ കാമ്പയിനായി മാറിയെന്ന് ലിസ പറയുന്നു. പരസ്യബോർഡുകളിൽ ലിസയുടെ ചിത്രത്തോടൊപ്പം സൈറ്റിന്റെ ലിങ്കും നൽകിയിട്ടുണ്ട്. വെബ്സൈറ്റിൽ ഒരു വിശദമായ അപേക്ഷാ ഫോമും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവി പങ്കാളികൾ അവരുടെ വിദ്യാഭ്യാസം, തൊഴിൽ, ഇഷ്ടവിനോദങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൂരിപ്പിക്കണം.

സ്ഥിരതയുള്ള, ഏകപത്നീ ബന്ധത്തിൽ വിശ്വസിക്കുന്ന, കുടുംബം തുടങ്ങാൻ ആഗ്രഹിക്കുന്ന, ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്ന ഒരാളെയാണ് തനിക്ക് വേണ്ടതെന്ന് ലിസ വ്യക്തമാക്കിയിട്ടുണ്ട്. 35 നും 45 നും ഇടയിൽ പ്രായമുള്ള, മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിൽ തൻ്റെ കാഴ്ചപ്പാടുകളുമായി സാമ്യമുള്ള, സമാനമായ ആരോഗ്യ മുൻഗണനകളുള്ള ഒരാളെയാണ് ലിസ തേടുന്നത്.

സെപ്റ്റംബർ 2-ന് കാമ്പയിൻ ആരംഭിച്ചതു മുതൽ 19 വയസ്സുള്ളവർ മുതൽ 78 വയസ്സുള്ളവർ വരെയായി ഏകദേശം 1,800 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 2023-ൽ ഗുരുതരമായ അസുഖത്തെ തുടർന്ന് മുൻ ബന്ധം നഷ്ടപ്പെട്ടതിന് ശേഷം വീണ്ടും ഡേറ്റിംഗ് ചെയ്യുന്നത് വിചിത്രമായി തോന്നിയെന്നും, ഡേറ്റിംഗ് ആപ്പുകൾ ഫലപ്രദമായിരുന്നില്ലെന്നും ലിസ കൂട്ടിച്ചേർത്തു.