ന്യൂഡൽഹി: ഏകദേശം 4300 കോടീശ്വരന്മാർ ഈ വർഷം ഇന്ത്യ വിടാൻ കാത്തിരിക്കുന്നു. ഇവരിൽ കൂടുതൽ പേരും സ്ഥിര താമസത്തിനായി തിരഞ്ഞെടുത്ത സ്ഥലം യുഎഇയാണ്. ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് മൈഗ്രേഷൻ അഡ് വൈസറി സ്ഥാപനമായ ഹെൻലി ആൻഡ് പാർട്‌നേഴ്‌സിന്റേതാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം ഇതേ റിപ്പോർട്ട് പ്രകാരം 5,100 കോടീശരന്മാർ ഇന്ത്യ വിട്ട് വിദേശത്ത് പാർപ്പുറപ്പിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യ കോടീശ്വരന്മാരുടെ കുടിയേറ്റത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്. ചൈനയ്ക്കും, യുകെയ്ക്കുമാണ് ഒന്നും രണ്ടും റാങ്ക്. ലോക ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നെങ്കിലും, കോടീശ്വരന്മാരുടെ പലായനം ചൈനയെ അപേക്ഷിച്ച് 30 ശതമാനം കുറവാണ്.

കോടീശ്വരന്മാർ പോയാലും കുഴപ്പമില്ല

ഇന്ത്യയിൽ നിന്ന് കൂടുതലായി യുഎഇയിലേക്ക് കോടീശ്വരന്മാർ കൂടിയേറുന്നുണ്ടെങ്കിലും സമ്പദ് ഘടനയിൽ കാര്യമായ വ്യത്യാസം അത് വരുത്തിയിട്ടില്ല. കൂടിയേറി പോകുന്നവരേക്കാൾ മിടുക്കരെ രാജ്യം തുടർച്ചയായി സൃഷ്ടിക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോഴും ബിസിനസ് സംരംഭങ്ങളും മറ്റും ഇന്ത്യയിൽ തന്നെ നിലനിർത്തുന്നതിനാലാണ് രാജ്യത്തിന്റെ സമ്പദ് ഘടനയിൽ കാര്യമായ വ്യത്യാസമുണ്ടാകാത്തതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

ഇന്ത്യയിലെ പ്രൈവറ്റ് ബാങ്കുകളും വെൽത്ത് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും യുഎഇയിലേക്ക് അവരുടെ സേവനങ്ങൾ സജീവമായി വിപുലമാക്കുകയാണ്. നുവാമ പ്രൈവറ്റ്, എൽജിടി വെൽത്ത് മാനേജ്‌മെന്റ് എന്നിവ ആഗോളതലത്തിൽ വൈവിധ്യവൽക്കരണവും, വിപുലീകരണവും നടത്തുന്ന ക്ലയന്റുകൾക്ക് പിന്തുണ നൽകുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്നവരാണ്. മറ്റുചില ബാങ്കുകളും ഇന്ത്യൻ കുടുംബങ്ങളുടെ വെൽത്ത് മാനേജ്‌മെന്റ് സേവനങ്ങൾക്കായി യുഎഇയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ്. കോട്ടക് മഹീന്ദ്ര ബാങ്ക്, 360 വൺ വെൽത്ത് എന്നിവ മത്സരത്തിൽ പിന്തള്ളപ്പെടാതിരിക്കാൻ യുഎഇയിലെ സേവനങ്ങൾ വിപുലമാക്കി, ഹെൻലി റിപ്പോർട്ടിൽ പറഞ്ഞു.

2024 ൽ 1,28,000 കോടീശ്വരന്മാർ പുതിയ സ്ഥലത്തേക്ക് മാറും. യുഎഇയും, അമേരിക്കയുമാണ് അവരുടെ ഇഷ്ടരാജ്യങ്ങൾ. ചൈനയിൽ നിന്ന് 15,200 കോടീശ്വരന്മാരുടെ കുടിയേറ്റമാണ് റിപ്പോർട്ട് പ്രവചിക്കുന്നത്. 2023ലിത് 13,800 ആയിരുന്നു. യുകെയിൽ നിന്ന് ഈ വർഷം 9,500 കോടീശ്വരന്മാർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുമെന്നാണ് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ വർഷം ഇത് 4, 200 ആയിരുന്നു.

കുടിയേറ്റത്തിന് പിന്നിൽ

ഉയർന്ന ആസ്തിയുള്ള കുടുംബങ്ങൾ വിദേശത്തേക്ക് കൂടിയേറുന്നതിന് വിവിധ കാരണങ്ങളുണ്ട്. സുരക്ഷ, സാമ്പത്തിക ഭദ്രത, നികുതി ആനുകൂല്യങ്ങൾ, റിട്ടയർമെന്റ് സാധ്യതകൾ, ബിസിനസ് അവസരങ്ങൾ, സൗകര്യപ്രദമായ ജീവിതശൈലി, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ അവസരങ്ങൾ, ആരോഗ്യസംരക്ഷണ സംവിധാനം, മൊത്തത്തിലുള്ള ജീവിത ഗുണനിലവാരം, ഇതൊക്കെയാണ് ഹെൻലി റിപ്പോർട്ടിൽ എടുത്തുപറയുന്നത്.