ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂർണ്ണമായും ഇന്ന് തന്നെ നൽകുകയാണെന്ന് ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. സംസ്ഥാനങ്ങൾക്കുള്ള കുടിശ്ശികയായുള്ള 16,982 കോടി രൂപ ഇന്ന് തന്നെ സംസ്ഥാനങ്ങൾക്ക് കൈമാറുകയാണെന്നും ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അവർ പറഞ്ഞു.

നഷ്ടപരിഹാര ഫണ്ടിൽ ഈ തുക ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ കേന്ദ്രം സ്വന്തം പോക്കറ്റിൽ നിന്നാണ് അനുവദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഈ തുക ഭാവിയിൽ നഷ്ടപരിഹാര സെസ് പിരിക്കുമ്പോൾ അതിൽ നിന്ന് തിരിച്ചുപിടിക്കുമെന്നും മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 2017 ൽ ജിഎസ്ടി നടപ്പാക്കിയ ശേഷം പ്രകാരം അഞ്ചു വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് അവരുടെ നികുതി വരുമാന നഷ്ടത്തിന് പകരമായി കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ധാരണ.

അതേസമയം ജിഎസ്ടി പിരിവിന്റെ കാര്യത്തിൽ പല സ്ഥംസ്ഥാനങ്ങളും ഇപ്പോഴും സ്വയംപര്യാപ്തത കൈവരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരത്തിന്റെ കാലവാധി നീട്ടി നൽകണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ഇത് കേരളത്തിന് അടക്കം കനത്ത തിരിച്ചടിയാകും. അതേസമയം ജി എസ് ടി ട്രിബ്യൂണലിൽ കേരളത്തിന് തരാനുള്ള കുടിശ്ശിക തരാൻ തീരുമാനമായെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന് കിട്ടാനുള്ള ജി എസ് ടി നഷ്ട പരിഹാര കുടിശ്ശിക തരാൻ കേന്ദ്രം തീരുമാനിച്ചു എന്നും ഒരാഴ്ചക്കുള്ളിൽ ഇത് ലഭ്യമാകുമെന്നുമാണ് ബാലഗോപാൽ പറഞ്ഞത്. സാങ്കേതികപരമായി ഉദ്യോഗസ്ഥർ നൽകേണ്ട രേഖകൾ കൊടുക്കുമെന്നും അത് നടപടിക്രമം അനുസരിച്ച് നടക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു. സി ആൻഡ് എ ജി കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥരാണെന്നും നടപടിക്രമം അനുസരിച്ച് അവരുടെ പ്രവർത്തികൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത് 6 സംസ്ഥാനങ്ങളാണ് എ ജി സർട്ടിഫിക്കറ്റ് നൽകിയതെന്നും അവർക്ക് തുക അനുവദിക്കുമെന്നുമാണ്. ബാക്കിയുള്ള സംസ്ഥാനങ്ങൾ എ ജി റിപ്പോർട്ട് നൽകണമെന്നും അതിന് ശേഷം മാത്രമേ തുക അനുവദിക്കുകയുള്ളു എന്നും നിർമല വ്യക്തമാക്കി. ഓഡിറ്റ് രേഖ ആവശ്യപ്പെട്ടതിന്റെ അർത്ഥം നഷ്ടപരിഹാര തുക അനുവദിക്കില്ല എന്നല്ലെന്നും അവർ വിശദീകരിച്ചു. 90% തുകയും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നേരത്തെ ലഭ്യമാക്കിയിരുന്നുവെന്നും ബാക്കി തുക എ ജി രേഖ ലഭ്യമാക്കിയ ശേഷം നൽകുമെന്നും കേന്ദ്ര ധനമന്ത്രി വിവരിച്ചു.

എന്നാൽ ജി എസ് ടി ട്രിബ്യൂണലിൽ പലകാര്യങ്ങളിലും തീരുമാനം ആയിട്ടില്ല. പല വിഷയങ്ങളിലും സംസ്ഥാനങ്ങൾ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. അടുത്ത ജി എസ് ടി യോഗം തമിഴ് നാട്ടിലെ മധുരയിൽ ചേരാൻ തീരുമാനിച്ചാണ് ഇന്നത്തെ ജി എസ് ടി ട്രിബ്യൂണൽ അവസാനിച്ചത്. ഓഡിറ്റ് റിപ്പോർട്ട് നൽകിയ സംസ്ഥാനങ്ങൾക്കെല്ലാം ഇന്നുതന്നെ നഷ്ടപരിഹാരം ലഭിക്കുമെന്ന് നിർമ്മല സീതരാമൻ പറഞ്ഞത് തമിഴ്‌നാടിന് ഗുണമാണെന്ന് തമിഴ്‌നാട് ധനമന്ത്രി പ്രതികരിച്ചു. ഇതുവഴി നാലായിരം കോടി തമിഴ്‌നാടിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ ജിഎസ്ടി തർക്ക പരിഹാരത്തിനായുള്ള അപ്‌ലറ്റ് ട്രിബ്യൂണലുകൾ രൂപീകരിക്കുന്നതിനുള്ള മന്ത്രിതല സമിതി ശുപാർശയിൽ എതിർപ്പുമായി കേരളം അടക്കമുള്ള സംസ്ഥാനളും രംഗത്തുവന്നിരുന്നു. യുപി, മഹാരാഷ്ട്ര, ബംഗാൾ, രാജസ്ഥാൻ, ബിഹാർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും മന്ത്രിതല സമിതി ശുപാർശകളോട് വിയോജിപ്പുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് ദേശീയ അപ്‌ലറ്റ് ട്രിബ്യൂണൽ രൂപീകരിക്കാനാണ് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട്. എന്നാൽ സംസ്ഥാനങ്ങളിലും ട്രിബ്യൂണൽ വേണമെന്ന് കേരളം അടക്കം ആവശ്യപ്പെട്ടു. ഈ വിഷയങ്ങളിൽ സമവായമുണ്ടാക്കിയതിനു ശേഷം വരുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഒരു നിയമനിർമ്മാണമാണ് കേന്ദ്ര സർക്കർ ലക്ഷ്യമിടുന്നത്.

അതിനിടെ പെൻസിൽ ഷാർപ്പനറുകൾ, ചില ട്രാക്കിങ് ഉപകരണങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ശർക്കര പാനിയുടെ ജി.എസ്.ടി ഒഴിവാക്കി. നേരത്തെ ഇത് 18 ശതമാനമായിരുന്നു. പെൻസിൽ ഷാർപ്‌നെറിന്റെ ജിഎസ്ടി 18 ശതമാനമത്തിൽ നിന്ന് 12 ശതമാനമായി കുറച്ചു. ചില ട്രാക്കിങ് ഉപകരങ്ങളുടെ ജിഎസ്ടി 18 ശതമാനമുണ്ടായിരുന്നത് പാടെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.