- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരിപ്പിന് വിരാമം; രാജ്യത്ത് 5 ജി സേവനം ഒക്ടോബർ 12 മുതൽ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ; മൂന്നു വർഷത്തിനകം രാജ്യം മുഴുവനെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്; സേവനങ്ങൾ ആരംഭിക്കുന്നത് 4ജി യേക്കാൾ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്തുകൊണ്ട്
ന്യൂഡൽഹി: രാജ്യം കാത്തിരുന്ന പ്രഖ്യാപനവുമായി കേന്ദ്രം.രാജ്യത്ത് 5 ജി സേവനങ്ങൾ ഈ വർഷം ഒക്ടോബർ 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വർഷത്തിനകം രാജ്യത്തെ എല്ലാ ഭാഗത്തും 5ജി സേവനം എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കാൻ ശ്രമിക്കും.4ജിയേക്കാൾ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാനൊരുങ്ങുന്നത്.
ടെലികോം കമ്പനികൾ 5ജി സേവനം ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഭാരതി എയർടെൽ, വി ഐ, റിലയൻസ് ജിയോ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സേവനത്തിനായി ലേലത്തിൽ സ്പെക്ട്രം സ്വന്തമാക്കിയത്.ഡൽഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂണെ തുടങ്ങിയ നഗരങ്ങളിലാണ് പ്രാരംഭ ഘട്ടത്തിൽ 5ജി സേവനം ലഭ്യമാകുക എന്നാണ് സൂചന.
രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങളെ പുതിയ ഒരു തലത്തിലെത്തിക്കാൻ പറ്റുന്ന തരത്തിലായിരിക്കും 5ജിയുടെ കടന്നുവരവ്.ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 5ജി സ്പെക്ട്രം ലേലത്തിൽ 1,50,173 കോടി രൂപയ്ക്കുള്ള സ്പെക്ട്രമാണ് വിറ്റഴിച്ചത്. ഏഴ് ദിവസം നീണ്ടു നിന്ന ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ സ്പെക്ട്രം ലേലമാണ് നടന്നത്. ലേലത്തിന് വെച്ച ആകെ 72 ഗിഗാ ഹെർട്സ് സെപ്ക്ട്രത്തിന്റെ 71 ശതമാനം കമ്പനികൾ വാങ്ങിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി എന്റർപ്രൈസ് തുടങ്ങിയ കമ്പനികളാണ് ലേലത്തിൽ പങ്കെടുത്തത്.72097.85 മെഗാഹെർട്സ് സ്പെക്ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്പെക്ട്രം നൽകുക. 600 മെഗാഹെർട്സ്, 700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ്, 2300 മെഗാഹെർട്സ് തുടങ്ങിയ ലോ ഫ്രീക്വൻസികൾക്കും, 3300 മെഗാഹെർട്സ് മിഡ്റേഞ്ച് ഫ്രീക്വൻസിക്കും 26 ഗിഗാഹെർട്സ്) ഹൈ റേഞ്ച് ഫ്രീക്വൻസി ബാൻഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്.
87,000 കോടി രൂപയാണ് ജിയോ ചെലവാക്കിയത്. എയർടെൽ 43,000 കോടി രൂപയും വോഡഫോൺ ഐഡിയ 19,000 കോടി രൂപയും ചെലവാക്കി. 215 കോടി രൂപയാണ് അദാനി എന്റർപ്രൈസസ് ചിലവഴിച്ചത്.ഓഗസ്റ്റ് 29 ന് നടക്കുന്ന റിലയൻസ് ഇൻസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ 5ജി സേവനം സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികം വൈകാതെ തന്നെ 5ജി സേവനം ആരംഭിക്കുമെന്ന് ഭാരതി എയർടെലും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ