- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്രസാ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത ഇമാമിനെ കൊലപ്പെടുത്തി സഹപാഠികൾ
കേരളത്തിലടക്കം മതപാഠശാലകളിൽ നടക്കുന്ന ലൈംഗിക പീഡനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം പലതവണ ചർച്ചയായയത്. രണ്ടു വർഷമുമ്പ് 'മീ ടു മൂവ്മെന്റ മദ്രസ' എന്ന കാമ്പയിനും, കേരളത്തിൽ എക്സ് മുസ്ലീങ്ങളും മതവിമർശകരും നടത്തിയിരുന്നു. മദ്രസാധ്യാപകരിൽനിന്ന് കുട്ടികൾക്ക് നേരിടേണ്ടിവന്ന പീഡനമാണ് ഈ കാമ്പയിനിലൂടെ പുറത്തുവിടുന്നത്. സ്വതന്ത്രചിന്തകനും, പ്രഭാഷകനുമായ ആരിഫ് ഹുസൈൻ തെരുവത്താണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. തുടർന്ന് ഓരോ മാസവും സംഭവിക്കുന്ന മദ്രാസ പീഡനങ്ങളുടെ കണക്കും അദ്ദേഹ തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. 'ഈ മാസത്തെ മദ്രസാ പീഡനങ്ങൾ' എന്ന പേരിൽ ഓരോ മാസവും കേരളത്തിൽ നടക്കുന്ന മദ്രസകളിലെ ലൈംഗിക പീഡനങ്ങളാണ് ഇവിടെ ചർച്ചയാക്കിയത്.
ഇപ്പോഴിതാ രാജസ്ഥാനിലെ അജ്മീറിലെ ഒരു മദ്രസാപീഡനവും തുടർന്നുണ്ടായ സംഭവങ്ങളുമാണ്, വ്യാപകമായ ചർച്ചയാവുന്നത്. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിറിനെ സ്വന്തം വിദ്യാർത്ഥികൾ തന്നെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം 27ാം തീയതിയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആറ് പേരെ അജ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉത്തർ പ്രദേശ് സ്വദേശിയായ മാഹിർ കഴിഞ്ഞ എട്ട് വർഷമായി മസ്ജിദിലാണ് താമസം. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ മാഹിറിനെ കൊലപ്പെടുത്തി എന്നാണ് എല്ലാ വിദ്യാർത്ഥികളും നൽകിയ മൊഴി. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കൊലപാതകികളെ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. എന്നാൽ മദ്രസയിലെ വിദ്യാർത്ഥികളിൽ ഒരാളെ മാഹിർ ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ ചുവട് പിടിച്ച് അന്വേഷിച്ചപ്പോഴാണ് കൊലപാതകികൾ കുട്ടികളാണെന്ന് മനസ്സിലായത്.
സംഭവം തുറന്നുപറയുമെന്ന് പറഞ്ഞപ്പോൾ ഇമാം വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് വിദ്യാർത്ഥികൾ മാഹിറിനെ കൊലപ്പെടുത്താൻ തീരുമാനിക്കാൻ കാരണം. മർദിച്ച ശേഷം കഴുത്തിൽ കയറിട്ടാണ് ഇമാമിനെ വിദ്യാർത്ഥികൾ കൊലപ്പെടുത്തിയതെന്നും അജ്മീർ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര കുമാർ ബിഷ്‌നോയ് പറഞ്ഞു. പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥികൾ ആയതിനാൽ അവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
കണ്ണു തുറപ്പിക്കേണ്ട സംഭവം:
ഈ സംഭവം എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണെന്നാണ് സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകൾ പറയുന്നത്. -"ഇവിടത്തെ നിയമം മദ്രസ്സ പീഡനത്തെ നിയന്ത്രിക്കാൻ ഉള്ള വഴികൾ സ്വീകരിക്കാത്ത കാലത്തോളം കുട്ടികൾക്ക് ഇതല്ലാതെ വേറെ മാർഗ്ഗമില്ല. കേരളത്തിലടക്കം ഓരോമാസവും നിരവധി മദ്രസാ പീഡനങ്ങൾ നടക്കുന്നുണ്ട്. റിപ്പോർട്ട് ചെയ്യാതെ പള്ളിക്കമ്മറ്റികളും രക്ഷിതാക്കളും ചേർന്ന് ഒത്തുതീർപ്പാക്കുന്നത് ഇതിന്റെ എത്രയോ ഇരട്ടിയാണ്. ഒരു സ്ഥലത്തുനിന്നും പിടിക്കപ്പെടുന്ന ഉസ്താദുമാർ, സ്ഥലം മാറി മറ്റൊരു സ്ഥലത്ത് എത്തപ്പെടുകയാണ്. അവിടെയും അവർ ഈ പരിപാടി ആവർത്തിക്കയാണ്. അതുകൊണ്ടുതന്നെ മദ്രസകളിലെ ഉസ്താദുമാരിൽ ആരാണ് ബാലപീഡകർ അല്ലാത്തത് എന്ന് കണ്ടെത്താൻ കഴിയുന്നില്ല. ഇതുപോലുള്ള ഒരു പള്ളിക്കമ്മിറ്റിയും സമൂഹവും ഇവിടെ ഉള്ളപ്പോൾ, കുട്ടികൾക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല. കുട്ടികൾക്ക് അതി ഗുരുതരമായ ശാരീരിക മാനസിക പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാവുന്നത്."- ആരിഫ് ഹുസൈൻ പറയുന്നു.
"മദ്രസാ പീഡനങ്ങളെക്കുറിച്ചുള്ള നിരന്തരം വാർത്തകൾ ഉണ്ടായിട്ടും സർക്കാർ ഒരു നടപടിയും എടുക്കാറില്ല. പലപ്പോഴും ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് ഇത് ന്യായീകരിക്കാനും ഒത്ത് തീർപ്പാക്കുവാനുമാണ് ഇസ്ലാമിക സമൂഹം ശ്രമിക്കാറുള്ളത്. പള്ളിക്കമ്മറ്റികളൊക്കെ വിഷയം പൊലീസിനെ ഏൽപ്പിക്കാനല്ല ഒത്തുതീർപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം അവസ്ഥയിൽ നിരന്തരം ഭയന്നാണ് കുട്ടികൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഡൊമസ്റ്റിക്ക് സെക്സ് വയലൻസിന്റെ പരിധിയിൽ വരേണ്ടതാണ് മദ്രസകളിലെ ലൈംഗിക പീഡനവും"- ആരിഫ് ഹുസൈൻ ചൂണ്ടിക്കാട്ടി.
നേരത്തെ മദ്രാസാ പീഡനങ്ങൾക്കെതിരാ ക്യാമ്പയിൽ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. മദ്രസാകാല പീഡനങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ, ക്ലബ് ഹൗസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട ചർച്ചയായി മാറി. 8000 പേർ വന്നു, ക്ലബ് ഹൗസ് ജാം ആയി. എന്തെങ്കിലും രീതിയിൽ ഇത്തരം പീഡനങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ, ഒതുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. 2020ൽ ബേക്കൽ പൊലീസ് മദ്രസകളിൽ ജോലിക്ക് എടുക്കുന്ന അദ്ധ്യാപകന്റെ പശ്ചാത്തലം പരിശോധിക്കണമെന്ന് പ്രദേശത്തെ സ്ഥാപനങ്ങൾക്ക് ഒരു സർക്കുലർ കൊടുത്തിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതുകൊണ്ടാണ് പൊലീസ് ഒരു സുരക്ഷാ നിർദ്ദേശം നൽകിയത്. എന്നാൽ ഒറ്റപ്പെട്ട സംഭവം പൊലീസ് പർവതീകരിക്കായണെന്ന് കാണിച്ച് മദ്രസാധ്യാപകരും ചില മത സംഘടനകളും പ്രശ്നമുണ്ടാക്കി. മാധ്യമങ്ങൾ വിവാദ ഉത്തരവ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. പക്ഷേ ലോകത്ത് എല്ലായിടത്തും നടക്കുന്ന സുരക്ഷാ പരിശോധനയാണിത്. ഒരാളെ ജോലിക്കെടുക്കുമ്പോൾ അയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്ന് പരിശോധിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഇവിടെ അതുപോലും അനുവദിക്കില്ല എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെയാണ് ഈ രീതിയിൽ പോവുകയാണെങ്കിൽ, അജ്മീർ മോഡൽ കൊലകൾ കേരളത്തിലും അവർത്തിക്കുമെന്ന് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ പറയുന്നത്.