- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെസിയുടെ കുടിവെള്ള പ്രശ്നം പെൺപട ഏറ്റെടുത്തു; വളയിട്ട കൈകൾ കുഴിച്ചത് നാലു മീറ്റർ; കിണറ്റിൽ ജലസാന്നിധ്യം; ഏഴുമീറ്റർ കുഴിക്കാതെ പിന്നോട്ടില്ലെന്ന് വനിതകളുടെ നിശ്ചയദാർഢ്യം; സഹപ്രവർത്തകയ്ക്ക് വേണ്ടി കിണർ നിർമ്മിച്ചത് നാറാണംമൂഴിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ
പത്തനംതിട്ട: ജില്ലയിൽ ഏറ്റവുമധികം കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തുകളിലൊന്നാണ് നാറാണംമൂഴി. ഡിസംബർ ഒടുവിൽ ആകുമ്പോഴേക്കും ഇവിടെ മിക്കവാറും പ്രദേശങ്ങളിൽ വെള്ളം വറ്റും. പിന്നെ കുടിക്കാനും കുളിക്കാനുമൊക്കെയുള്ള വെള്ളം കാശ് കൊടുത്ത് വാങ്ങണം. ആയിരം രൂപ കൊടുത്താലാണ് രണ്ടായിരം ലിറ്റർ വെള്ളം കിട്ടുക. വലിയപതാൽ കടാമുള ജെസിക്കും ഭർത്താവ് സാബുവിനും കുടിവെള്ളം കിട്ടാക്കനിയാണ്.
പണം കൊടുത്ത് വെള്ളം വാങ്ങാൻ തക്ക വരുമാനമില്ല. എന്നാൽ, ഇനി ഒരു കിണർ കുത്താമെന്ന് വച്ചാൽ വൻ തുക ചെലവാകും. അങ്ങനെ സ്വയം ഒരു കിണർ കുത്താൻ ദമ്പതികൾ തീരുമാനിക്കുന്നു. വിവരം തൊഴിലുറപ്പ് സൈറ്റിൽ അറിഞ്ഞു. ജെസിയുടെ കിണറെന്നാൽ നമ്മുടെ കിണറല്ലേടീ എന്ന ഒറ്റച്ചോദ്യം. തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മ ഓടിയെത്തി.
നാറാണംമൂഴി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ വലിയപതാലിലാണ് പെൺകൂട്ടായ്മയുടെ ഒത്തുചേരലിൽ കിണർ നിർമ്മാണം ആരംഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളായ ബിന്ദു അനിയൻ, തുളസി, സ്റ്റെല്ല, കൊച്ചുമോൾ, ഡി. മരിയ, ഉഷാകുമാരി, എ.എം. ബിന്ദു, സിസിലി, അനു, റെജിമോൾ, ലീലാമ്മ, രാധാമണി, കുഞ്ഞമ്മ കുഞ്ഞുമോൻ എന്നിവരാണ് കിണർ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. പത്തടിയോളം താഴ്ചയിൽ നിന്നും ഇവർ മണ്ണെടുത്തു നീക്കി. കുറച്ച് കല്ല് ഇളക്കി മാറ്റുന്നതിനുള്ള പ്രയാസം നേരിട്ടെങ്കിലും അവസാനം വെള്ളം കണ്ടു. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലമാണിവിടം.
ജലവിതരണ പൈപ്പുകൾ വഴി മുൻപ് കുടിവെള്ളം എത്തിയിരുന്നെങ്കിലും റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പൈപ്പുകൾ തകർന്നിരുന്നു. പുതിയ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ ഇടുന്ന ജോലി വാഹമുക്ക്, അച്ചടിപ്പാറ മേഖലകളിൽ പൂർത്തീകരിച്ചെങ്കിലും ഇവിടെ ഒന്നുമായിട്ടില്ല. നിശ്ചയ ദാർഢ്യം ഫലം കണ്ടപ്പോൾ നാടിനു മൊത്തം അഭിമാനമായിരിക്കുകയാണ് ഈ പെൺകരുത്ത്.
സഹപ്രവർത്തകരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്ന് ജെസി പറയുന്നു. നാലു മീറ്റർ താഴ്ചയിലാണ് ഇപ്പോൾ ജലം കണ്ടത്. അത് സമൃദ്ധമായി കിട്ടണമെങ്കിൽ ഏഴു മീറ്ററെങ്കിലും കുഴിക്കണം. പാറയും മണ്ണും കഠിനമാണ്. എന്നാൽപ്പോലും ഏഴു മീറ്ററെന്ന ലക്ഷ്യത്തിലെത്തുമെന്ന് തൊഴിലാളികളും പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്