- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിക്കൂറുകളോളം കാത്തിരുന്ന് മുഷിഞ്ഞിട്ടും ഡോക്ടർമാർ വന്നില്ല; മെഡിക്കൽ ക്യാമ്പിലും, അവധിയിലുമായി എട്ടുഡോക്ടർമാർ ഇല്ലെന്ന് അറിയാമായിരുന്നിട്ടും പാവപ്പെട്ട രോഗികളെ അറിയിച്ചതും വളരെ വൈകി; കാസർകോട്ട്, ചെങ്കണ്ണ് അടക്കം പടരുമ്പോഴും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നിയന്ത്രിക്കുന്നത് ആരെന്ന് രോഗികൾ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരെ കണ്ടുകിട്ടാനില്ല. എട്ട് ഡോക്ടർമാരാണ് വ്യത്യസ്ത കാരണങ്ങളാൽ ശനിയാഴ്ച ആശുപത്രിയിൽ എത്താതിരുന്നത്. ഇതോടെ, ചികിത്സ ഒ.പി.യിലെത്തിയവർ വലഞ്ഞു. ആറ് ഡോക്ടർമാർ വിവിധയിടങ്ങളിലെ മെഡിക്കൽ ക്യാമ്പിനും ക്ലാസുകൾക്കുമായി പോയെന്നും രണ്ടുപേർ അവധിയാണെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
ദൂരെ സ്ഥലങ്ങളിൽനിന്നടക്കം നിരവധി രോഗികളാണ് ശനിയാഴ്ച ആശുപത്രിയിലെത്തിയത്. മണിക്കൂറുകൾ കാത്തുനിന്ന പലരും ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയി. ഡോക്ടർമാർ അവധിയുടെ വിവരം മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ ഇത്രയും ദൂരം രോഗവുമായി മല്ലിട്ട് വരേണ്ടി വരില്ലായിരുന്നു എന്നാണ് പലരും പറയുന്നത്. മാത്രമല്ല ഡോക്ടർ ഇല്ല എന്നുള്ള വിവരം പലർക്കും അറിയുന്നത് വളരെ വൈകിയാണ്. കൃത്യമായ വിവരങ്ങൾ പോലും നൽകാൻ സാധിക്കാത്ത ഇവരെയൊക്കെ ആരാണ് ആശുപത്രി നിയന്ത്രിക്കാൻ ഏൽപ്പിച്ചത് എന്നാണ് രോഗികൾ ചോദിക്കുന്നത്.
മെഡിസിൻ, നേത്രരോഗം, സർജറി, ഫിസിയോതെറാപ്പി, ത്വഗ്രോഗം, നെഞ്ചുരോഗം, ന്യൂറോളജി, കാർഡിയോളജി എന്നീ ഒ.പി.കളിലാണ് ഡോക്ടർമാർ എത്താതിരുന്നത്. ഇതോടെ മറ്റ് ഒ.പി.കളിലും തിരക്കുണ്ടായി. നാല് ഡോക്ടർമാരുള്ള നേത്രവിഭാഗത്തിൽ ഒരു ഡോക്ടർപോലും എത്താത്തത് രോഗികളെ വലിയ രീതിയിലാണ് ബുദ്ധിമുട്ടിച്ചത് ചെങ്കണ്ണിന് സമാനമായ നേത്രരോഗം പടരുന്ന സാഹചര്യത്തിലാണ് ക്ലാസുകളുടെ പേരിൽ മുന്നറിയിപ്പില്ലാതെ ഒ.പി. അടച്ചിട്ടത്.
ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് അശാസ്ത്രീയമായി കൂട്ടമായി ക്യാമ്പ് ചുമതല നൽകിയതാണ് രോഗികളെ ബുദ്ധിമുട്ടിലാക്കിയത്. പല ഒ.പി.കളിലും ഡോക്ടർമാർ കൃത്യമായി എത്താറില്ലെന്ന് നേരത്തേ തന്നെ പരാതിയുണ്ട്. ഫിസിയോതെറാപ്പി വിഭാഗത്തിലും മിക്കദിവസങ്ങളിൽ ജീവനക്കാരുണ്ടാകാറില്ലെന്നും രോഗികൾ പരാതിപ്പെട്ടു. ഡോക്ടർമാർ അവധിയിൽ ആണെങ്കിലും മറ്റു കാര്യങ്ങൾക്ക് പോകുന്നതാണെങ്കിലും മാധ്യമങ്ങളുടെയോ മറ്റോ അറിയിപ്പ് നൽകുന്നതിലൂടെ പ്രയാസം ഒഴിവാക്കാൻ സാധിക്കുമായിരുന്നു. ആധുനിക കാലഘട്ടത്തിൽ ഇത്തരം കാര്യങ്ങൾക്ക് സംവിധാനം ഉണ്ടെന്നെരിക്കെ ഉപയോഗപ്പെടുത്താത്തത് തീർത്തും നിരാശാജനകം എന്നാണ് ചെങ്കണ്ണുമായി എത്തിയ മുൻ അദ്ധ്യാപകൻ പറഞ്ഞത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്