ന്യൂഡൽഹി: വിവാദചിത്രം 'ദ കേരള സ്റ്റോറി'ക്കെതിരെ പ്രതിഷേധം ശക്തമാകവെ ഇടപെട്ട് സെൻസർബോർഡ്. എ സർട്ടിഫിക്കറ്റോടെ സിനിമക്ക് പ്രദർശാനുമതി ലഭിച്ചു. പത്ത് രംഗങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തോടെയാണ് പ്രദർശനാനുമതി ലഭിച്ചത്. നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷായാണ് ഇക്കാര്യം പുറത്തുവിട്ടത്. കേരളത്തിൽ നിന്നും സമ്മർദ്ദം ശക്തമാകവേയാണ് കേന്ദ്ര സെൻസർ ബോർഡും കർശന നിലപാടിലേക്ക് എത്തിയത്.

തീവ്രവാദികൾക്കുള്ള ധനസഹായം പാക്കിസ്ഥാൻ വഴി അമേരിക്കയും നൽകുന്നു. ഹിന്ദുക്കളെ അവരുടെ ആചാരങ്ങൾ ചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങൾ നീക്കം ചെയ്യണം. മാത്രവുമല്ല, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ഇന്ത്യൻ നീക്കം ചെയ്യണമെന്നും നിർദ്ദേശിക്കുന്നു. തീവ്രവാദത്തെ പരാമർശിക്കുന്ന മുന്മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡ് നിർദേശിക്കുന്നത്. ഈ സിനിമയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട ഏറ്റവും നീളമേറിയ രംഗവും ഇതാണ്.

കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനെതിരേ വ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കേരളത്തെ മോശമാക്കി ചിത്രീകരിക്കാൻ സത്യങ്ങൾ വളച്ചൊടിക്കുന്നു, വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നു, മതമൈത്രി തകർക്കുന്നു തുടങ്ങി ഒട്ടനവധി വിമർശനങ്ങളാണ് ചിത്രത്തിനെതിരേ ഉയരുന്നത്. ചിത്രത്തിന് കേരളത്തിൽ പ്രദർശനാനുമതി നൽകരുതെന്നും അഭിപ്രായങ്ങൾ ഉയരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും പ്രവർത്തകരും ചിത്രത്തിനെതിരേ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കേരളത്തിനെതിരേ വിദ്വേഷപ്രചാരണം നടത്തുവെന്നാരോപിച്ച് സിനിമയ്‌ക്കെതിരേ ചെന്നൈയിലെ തമിഴ് മാധ്യമപ്രവർത്തകനായ ബി.ആർ. അരവിന്ദാക്ഷൻ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. കേരളത്തിനെതിരേ അവാസ്തവ പ്രചാരണം നടത്തുന്നുവെന്നും സാമുദായിക സൗഹാർദം തകർക്കുന്നതാണെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സിനിമയ്‌ക്കെതിരേ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും അദ്ദേഹം പരാതി നൽകിയതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ, തെളിവില്ലാതെ ഒന്നും പറയാറില്ലെന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷായുടെ വാദം.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിൽനിന്നുള്ള നാലു സ്ത്രീകൾ മതംമാറി ഭീകര സംഘടനയായ ഐഎസിൽ ചേരുന്നതാണു സിനിമയുടെ പ്രമേയം. ട്രെയിലർ പുറത്തുവന്നതോടെ കോൺഗ്രസും മുസ്‌ലിം ലീഗും സിപിഎമ്മും ഉൾപ്പെടെയുള്ള പാർട്ടികൾ എതിർപ്പുമായി രംഗത്തെത്തി. 32,000 അല്ല അതിലധികം ആളുകൾ മതം മാറി കേരളത്തിൽനിന്ന് ഐഎസിൽ പോയിട്ടുണ്ടെന്നു സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞതും വിവാദമായി. ആറായിരത്തോളം കേസുകൾ പഠിച്ചാണ് സിനിമ ഒരുക്കിയതെന്നും കണ്ടിട്ടുവേണം രാഷ്ട്രീയക്കാർ വിമർശിക്കാനെന്നും സുദീപ്‌തോ പറഞ്ഞു.

'ദ് കേരള സ്റ്റോറി' വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുക വഴി സംഘപരിവാർ പ്രചാരണത്തെ ഏറ്റുപിടിക്കുകയാണ് സിനിമ ചെയ്യുന്നത്. അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ 'ലൗ ജിഹാദ്' ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.