ബാംഗ്ലൂർ: പ്രണയത്തിന് ദേശം ഭാഷ കാലം ഇവയൊന്നും തടസ്സമല്ലെന്ന് പറയാറുണ്ട്.ഇത് വെറുംവാക്കല്ലെന്നും നൂറുശതമാനം സത്യമാണെന്നും ചില സംഭവങ്ങൾ തെളിയിക്കാറുമുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ബംഗളൂരുവിൽ നിന്നും പുറത്ത് വരുന്നത്. കാമുകനെത്തേടി പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി താൻ ധരിച്ചുവച്ചിരുന്ന പേരും വയസ്സും ജോലിയുമൊക്കെ തെറ്റായിരുന്നുവെന്നറിഞ്ഞിട്ടും കാമുകനൊപ്പം ജീവതം തുടർന്ന പതിനാറുകാരിയുടെ കഥ.ഒടുവിൽ പെൺകുട്ടി നിസ്‌കരിക്കുന്നത് അയൽവാസികൾ കണ്ടതോടെ അവരുടെ ജീവിതത്തിൽ ഉണ്ടായത് വൻ ട്വിസ്റ്റും.

അതിർത്തി കടന്ന പ്രണയകഥ ഇങ്ങനെ..ഇഖ്റ ജീവാനി എന്ന പെൺകുട്ടി സമീർ അൻസാരി എന്ന ഇന്ത്യക്കാരനായ സോഫ്റ്റ് വെയർ എൻജിനീയറെ ഓൺലൈനിലൂടെ പരിചയപ്പെടുകയും പ്രണയിക്കുകയുമായിരുന്നു.തുടർന്നാണ് ആഭരണങ്ങൾ വിറ്റും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയും പെൺകുട്ടി ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പണം കണ്ടെത്തിയത്.ദുബായിലേക്കും അവിടെനിന്ന് കാഠ്മണ്ഡുവിലേക്കും വിമാനത്തിൽ യാത്ര ചെയ്ത ശേഷം കാഠ്മണ്ഡുവിൽനിന്ന് അതിർത്തി കടന്ന് പെൺകുട്ടി ഇന്ത്യയിലെത്തി.

തുടർന്ന് കാമുകനെ കണ്ടുമുട്ടുകയും ഇരുവരും വിവാഹിതരാകുകയും ചെയ്തു.എന്നാൽ പിന്നീടാണ് സത്യാവസ്ഥ പെൺകുട്ടി തിരിച്ചറിഞ്ഞത്. സോഫ്റ്റ് വെയർ എൻജിനീയറായ സമീർ അൻസാരി എന്നാണ് മുലായം സിങ് യാദവ് പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്.എന്നാൽ, ഇയാൾ ഉത്തർപ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.ഇരുപത്തിയാറുകാരനായ ഇയാൾ ബെംഗളൂരുവിൽ ജോലി ചെയ്തുവരികയായിരുന്നു.പിന്നീട് ഇയാൾ ഹിന്ദു യുവാവാണെന്ന് ഇഖ്‌റ മനസ്സിലാക്കിയെങ്കിലും ഒരുമിച്ചുള്ള ജീവിതം തുടരുകയുമായിരുന്നു.

മുലായം സിങ്ങിനൊപ്പം രവ എന്ന പേരിലാണ് ഇഖ്റ കഴിഞ്ഞത്.രവ എന്ന പേരിൽ ഇഖ്റയ്ക്ക് ആധാർ കാർഡും യാദവ് സംഘടിപ്പിച്ചിരുന്നു. കൂടാതെ പാസ്പോർട്ടിനായി അപേക്ഷയും നൽകിയിരുന്നു.എന്നാൽ രവ നമസ്‌കരിക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരുടെ ജീവിതത്തിലെ ട്വിസ്റ്റ് ഉണ്ടാകുന്നത്.അയൽവാസികൾ പൊലീസിൽ വിവരം ധരിപ്പിച്ചതോടെ വിഷയം പുറത്തറിഞ്ഞു.രവയെ പൊലീസ് ഉടൻതന്നെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.

സമീർ അൻസാരിയോടൊപ്പം ബെംഗളൂരുവിൽ കഴിയുകയായിരുന്ന ഇഖ്റയെ ഇക്കൊല്ലം ജനുവരിയിൽ കണ്ടെത്തുകയും കഴിഞ്ഞ ഞായറാഴ്ച വാഗാ അതിർത്തിയിൽ വെച്ച് പാക് അധികൃതർക്ക് കൈമാറുകയും ചെയ്തു.മുലായം സിങ് യാദവ് ഇപ്പോൾ ജയിലിലാണ്.പൊലീസും ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഇഖ്റയെ ചോദ്യം ചെയ്തു. അങ്ങനെയാണ് പെൺകുട്ടിയുടെ കുടുംബത്തെ ബന്ധപ്പെടുന്നത്. ഔദ്യോഗികനടപടികൾ പൂർത്തിയാക്കിയ ശേഷം ഇഖ്റയെ പാക് അധികൃതർക്ക് കൈമാറുകയായിരുന്നു.

ഇഖ്റ വീട്ടിൽ മടങ്ങിയെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. വളരെ ലജ്ജാലുവായ പെൺകുട്ടിയാണ് ഇഖ്റയെന്നും അതിർത്തി കടന്ന് ഇന്ത്യയിലെത്താനുള്ള ധൈര്യം അവൾക്കെങ്ങനെ ലഭിച്ചു എന്ന കാര്യത്തിൽ തങ്ങൾക്ക് അദ്ഭുതമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലാണ് ഇഖ്റയെ വീട്ടിൽ നിന്ന് കാണാതായത്. ഇന്ത്യയിലേക്കുള്ള വിസ കിട്ടാത്തതിനെ തുടർന്നാണ് ഇഖ്റ ദുബായിലേക്ക് വിമാനം കയറിയതെന്ന് അമ്മാവൻ അഫ്സൽ ജീവാനി പറഞ്ഞു.

ഇഖ്റയെ മടക്കിയെത്തിച്ചതിൽ ഇന്ത്യ, പാക് സർക്കാരുകൾക്ക് ഇഖ്റയുടെ കുടുംബം നന്ദിയറിയിച്ചു. തിരികെയെത്തിയ ശേഷം താൻ ചെയ്ത തെറ്റിന് മാപ്പ് പറയുകയാണ് ഇഖ്റയെന്ന് അഫ്സൽ പറഞ്ഞു. യാദവിനെ കണ്ട് കാര്യങ്ങൾ തിരിച്ചറിഞ്ഞ ശേഷം ഇഖ്റ തന്റെ മാതാവിനെ വാട്സാപ് വഴി ബന്ധപ്പെടാറുണ്ടായിരുന്നതായും അഫ്സൽ പറഞ്ഞു. അങ്ങനെയാണ് ഇഖ്റ ഇന്ത്യയിലുണ്ടെന്ന് തങ്ങൾ മനസിലാക്കിയതെന്നും അഫ്സൽ കൂട്ടിച്ചേർത്തു.