അടൂർ: കലോത്സവ പരിശീലനത്തിന് വന്ന കുട്ടികളെ നാട്ടുകാർ സംഘം ചേർന്ന് മർദിച്ചുവെന്ന് പരാതി. മർദനദൃശ്യങ്ങൾ പുറത്തു വന്നതോടെ പൊലീസും ഉണർന്നു. ആംബുലൻസ് ഡ്രൈവർ അടക്കം രണ്ടു പേരെ ഏനാത്ത് പൊലീസ് ക്സ്റ്റഡിയിലെടുത്തു.

കടമ്പനാട് കെആർകെപിഎം എച്ച്എസ്എസിലെ മൂന്നു വിദ്യാർത്ഥികൾക്കാണ് മർദനമേറ്റത്. സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ നേരത്തേയുണ്ടായ സംഘർഷത്തിന്റെ ബാക്കി പത്രമെന്ന നിലയിലാണ് സ്‌കൂളിന് പുറത്തു വച്ച് ഇന്നലെ വൈകിട്ട് കുട്ടികളെ മർദിച്ചത്. കൊട്ടാരക്കര ഉപജില്ലാ സ്‌കൂൾ കലോത്സവം
ഈ സ്‌കുളിലാണ് നടക്കുന്നത്. ഇതിന്റെ പരിശീലനത്തിന് വന്ന കുട്ടികളെയാണ് നാട്ടുകാർ മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് ഇടപെട്ടത്.

വെള്ളം കുടിക്കാനായി സ്‌കൂളിനു പുറത്തേക്കിറങ്ങിയ വിദ്യാർത്ഥികൾക്കിടയിൽ തർക്കമുണ്ടാവുകയും കയ്യാങ്കളിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ നാട്ടുകാർ ഇടപെട്ട് വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി.

അഞ്ചിലധികം പേർ ചേർന്നാണ് മർദിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥികൾ, ഏനാത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ ആംബുലൻസ് ഡ്രൈവർമാരായ കണ്ണൻ, നിഖിൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു