- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് 82 എ ഐ ക്യാമറകൾക്ക് പുറമേ എം വി ഡിയുടെ ക്യാമറാ വാഹനവും പരിശോധനക്കിറങ്ങും; ജില്ലയിൽ ഏത് ഭാഗത്തും പരിശോധനക്കിറങ്ങും; മുക്കിലും മൂലയിലും ഇനി വേഗ നിയന്ത്രണം; ക്യാമറ കാണുമ്പോൾ മാത്രം വേഗം കുറച്ചിട്ട് കാര്യമില്ല
തിരുവനന്തപുരം: ഇന്നു മുതൽ റോഡ് ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ എ ഐ ക്യാമറകൾ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തനം തുടങ്ങും. വേഗനിയന്ത്രണം ലംഘിക്കുന്നവരെ പിടികൂടാൻ കഴക്കൂട്ടം - കാരോട് ബൈപാസിൽ ചാക്കയിലും യുഎസ്‌ടി ഗ്ലോബലിനും സമീപം 2 ക്യാമറകളുണ്ട്. സിഗ്നൽ ലൈറ്റുകൾ ശ്രദ്ധിക്കാതെ നിയമം ലംഘിക്കുന്നവരെ പിടികൂടാനുള്ള 4 ക്യാമറകളാണ് പ്രവർത്തിക്കുക. ഇതിൽ രണ്ടെണ്ണം വീതം പട്ടത്തും കരമനയിലും ഉണ്ടാകും.
കൂടാതെ തിരുവനന്തപുരം ഉൾപ്പെടെ 4 ജില്ലകൾക്കായി എഐ ക്യാമറ ഘടിപ്പിച്ച മോട്ടർ വാഹന വകുപ്പിന്റെ വാഹനം ഇന്നു മുതൽ നിരത്തിലുണ്ടാകും. ജില്ലയുടെ ഏതു ഭാഗത്തും ഈ വാഹനത്തെ പ്രതീക്ഷിക്കാം. ജില്ലയിലാകെ 89 എഐ ക്യാമറകളാണ് പ്രവർത്തിക്കുക. ജില്ലയിൽ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാൻ വിവിധ കേന്ദ്രങ്ങളിലായി 82 എഐ ക്യാമറകളും അമിത വേഗം പിടികൂടാൻ 2 കേന്ദ്രങ്ങളിൽ ക്യാമറകളും ഉൾപ്പെടും. ജംക്ഷനുകളിലെ ട്രാഫിക് സിഗ്നൽ ലംഘനം കണ്ടെത്താൻ രണ്ടിടത്തായി 4 ക്യാമറകളുമുണ്ട്.
ക്യാമറ സ്ഥാപിച്ചിട്ടുള്ള മറ്റ് കേന്ദ്രങ്ങൾ ഇവിടെയൊക്കെയാണ്: 3 ക്യാമറകളുള്ള കേന്ദ്രങ്ങൾ -നെടുമങ്ങാട്, കാട്ടാക്കട. 2 ക്യാമറകളുള്ള കേന്ദ്രങ്ങൾ - വെട്ടുറോഡ്, കവടിയാർ, വർക്കല ശിവഗിരി റൗണ്ട് എബൗട്ട്, നെയ്യാറ്റിൻകര, ആലംകോട്, കല്ലമ്പലം, വെള്ളായണി, ഈഞ്ചയ്ക്കൽ, കിള്ളിപ്പാലം, ബാലരാമപുരം, ഓൾസെയിന്റ്സ്, വഴയില, കുണ്ടമൺകടവ്, വെൺപാലവട്ടം, കോട്ടമുകൾ, മണ്ണന്തല, വട്ടപ്പാറ, നാവായിക്കുളം.
ഒരു ക്യാമറ വീതമുള്ള കേന്ദ്രങ്ങൾ - പാമ്പുകാല, മണക്കാട്, എൽഎംഎസ് പബ്ലിക് ഓഫിസിനു സമീപം, ശാസ്തമംഗലം, പേട്ട, പരവൻകുന്ന്, കിഴക്കേ നാലുമുക്ക്, ആറ്റിങ്ങൽ, വർക്കല, പാറശാല, കോവളം, തൊഴുകൽ, പള്ളിച്ചൽ, തിരുവല്ലം, കുമരിച്ചന്ത, കിഴക്കേക്കോട്ട, തമ്പാനൂർ, മലയിൻകീഴ്, കൈതമുക്ക്, പൂജപ്പുര, വെട്ടുകാട്, എകെജി സെന്റർ, മങ്കാട്ടുകടവ്, വഴുതക്കാട്, പാളയം, ഇടപ്പഴഞ്ഞി, വേളി, വിളപ്പിൽശാല, പട്ടം, വട്ടിയൂർക്കാവ്, കള്ളിക്കാട്, ഉള്ളൂർ, പൂവച്ചൽ, പുളിയറക്കോണം, നെട്ടയം, നെടുമങ്ങാട്- വെമ്പായം റോഡ്, വെഞ്ഞാറമൂട്, തണ്ട്രാം പൊയ്ക, കാരേറ്റ്, കിളിമാനൂർ.
പിഴയടയ്ക്കാത്ത വാഹനങ്ങൾ കരിമ്പട്ടികയിലാകും. നിയമലംഘനം എത്ര ക്യാമറയിൽ പതിയുന്നോ അത്രയും പിഴയും ഉണ്ടാവും. ഉദാ: ഒരുദിവസം അഞ്ചുതവണ വ്യത്യസ്തസ്ഥലങ്ങളിൽ മൊബൈലിൽ സംസാരിച്ചുള്ള ഡ്രൈവിങ് ക്യാമറയിൽ പതിഞ്ഞാൽ ഒന്നിന് 2000 രൂപ വീതം, ആകെ 10,000 രൂപ പിഴയടയ്‌ക്കേണ്ടിവരും. പിഴയടയ്ക്കാതെ മുങ്ങിയാൽ നികുതി അടയ്ക്കാൻ എത്തുമ്പോഴോ വാഹനം വിൽക്കുമ്പോഴോ പിടിവീഴും. പലിശയടക്കം പിഴയടയ്‌ക്കേണ്ടിവരും. സ്ഥിരമായ നിയമലംഘനങ്ങൾക്കു ലൈസൻസ് റദ്ദാക്കും. എ.ഐ. ക്യാമറകൾ ഇല്ലാത്തിടത്തു പൊലീസുമായി ചേർന്ന് നേരിട്ടുള്ള പരിശോധന തുടരും.
ഇരുചക്രവാഹനയാത്രികർക്കു ഹെൽമറ്റ്, കാറുകളിൽ സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ്, അമിതവേഗം, അനധികൃത പാർക്കിങ്, ട്രാഫിക് സിഗ്നൽ ലംഘനം എന്നിവയെല്ലാം എ.ഐ. ക്യാമറകൾ കൃത്യമായി പിടികൂടും. ഇരുചക്രവാഹനത്തിൽ കുട്ടികൾ ഉൾപ്പെടെ, രണ്ടിലേറെപ്പേരുടെ യാത്രയും കുറ്റകരമാണ്. നാലുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രികർക്കൊപ്പമായിരിക്കണം കൈക്കുഞ്ഞുങ്ങൾ. 800 മീറ്റർ പരിധിയിലെ നിയമലംഘനങ്ങൾ ക്യാമറയിൽ പതിയും.
റോഡ് അപകടങ്ങൾ കുറയ്ക്കാനും വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കാനുമാണ് എ.ഐ. ഫുള്ളി ഓട്ടോമേറ്റഡ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സിസ്റ്റം ഉപയോഗിക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്. ഇതിലൂടെ ഗതാഗതനിയമലംഘനങ്ങൾക്കു പ്രതിദിനം 30,000 നോട്ടീസുകൾ അയയ്ക്കാനാകും. നമ്പർ പ്ലേറ്റ് വ്യക്തമാകത്തക്കവിധം ഒരേസമയം ഒന്നിലേറെ ഫോട്ടോകൾ എ.ഐ. ക്യാമറകൾ പകർത്തും. ഇവ ജില്ലാ കൺട്രോൾ റൂമുകളിൽ പരിശോധിച്ചശേഷമാകും നടപടികളിലേക്കു കടക്കുക.
വി.ഐ.പികളെ കണ്ടാൽ കണ്ണടയ്ക്കുന്ന ക്യാമറകൾ
വി.ഐ.പി. വാഹനങ്ങളെ പിഴയിൽനിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി, മന്ത്രി, സ്പീക്കർ, പ്രതിപക്ഷനേതാവ്, ജഡ്ജിമാർ, മറ്റ് പ്രധാനപദവികൾ വഹിക്കുന്നവർ, ക്രമസമാധാനപാലനത്തിനായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ എന്നിവരെയാണ് ഒഴിവാക്കുന്നതെന്നു മോട്ടർ വാഹനവകുപ്പ് അറിയിച്ചു. ഇതനുസരിച്ച് സോഫ്‌റ്റ്‌വേറിൽ സജ്ജീകരണം ഏർപ്പെടുത്തി.
ദൃശ്യങ്ങൾ മറ്റ് വകുപ്പുകൾക്കും
എ.ഐ. ക്യാമറയിൽനിന്നുള്ള വിവരങ്ങളും ദൃശ്യങ്ങളും മോട്ടോർ വാഹനവകുപ്പ് പൊലീസ്, എക്‌സൈസ്, ജി.എസ്.ടി. വകുപ്പുകളുമായും പങ്കിടും. നിരീക്ഷണം, തെളിവുശേഖരണം, പകർത്തൽ എന്നിങ്ങനെയാണ് എ.ഐ. ക്യാമറകളുടെ പ്രവർത്തനരീതി. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, അപകടമുണ്ടാക്കി നിർത്താതെ പോകുന്ന വാഹനങ്ങൾ എന്നിവ കണ്ടെത്താൻ 675 ക്യാമറകളുണ്ട്. അനധികൃത പാർക്കിങ് കണ്ടെത്താൻ 25, അമിതവേഗം കണ്ടെത്താൻ നാല്, സിഗ്നൽ ലംഘനം കണ്ടെത്താൻ 18 ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിനു പുറമേ പൊലീസും കൂടുതൽ ക്യാമറകൾ ഉടൻ സ്ഥാപിക്കും.
വീഡിയോ സ്‌കാനിങ് സോഫ്‌റ്റ്‌വേർ ഉപയോഗിച്ച് വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കും. മൺവിളയിലെ കെൽട്രോൺ സെന്റർ ഡേറ്റാ ബാങ്കിലാണു ദൃശ്യങ്ങൾ ശേഖരിക്കുക. ഇവ തരംതിരിച്ച് ജില്ലാ കൺട്രോൾ റൂമുകൾക്കു കൈമാറും. അവിടെനിന്ന് നാഷണൽ ഡേറ്റാ ബേസിനു കൈമാറി ഇ-ചെലാൻ സൃഷ്ടിക്കും.
ക്യാമറ കാണുമ്പോൾ മാത്രം വേഗം കുറച്ചിട്ട് കാര്യമില്ല!
ദേശീയപാതയിൽ സ്പീഡ് ക്യാമറകൾ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുമ്പോൾ വേഗം കുറച്ചിട്ട് പിന്നീട് കൂട്ടിയാലും പിടിക്കപ്പെടും. റോഡിന്റെ മധ്യഭാഗത്തുള്ള വെള്ള, മഞ്ഞ വരകൾ തുടർച്ചയായി മുറിച്ചുകടക്കാൻ പാടില്ല. ഇരട്ട മഞ്ഞവരകൾ ഡിവൈഡറുകളായി പരിഗണിക്കണം. ഇടവിട്ട വെള്ള വരകളുള്ളിടത്ത് ഓവർടേക്ക് ചെയ്യാം. ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് പാർക്കിങ് പാടില്ല. സ്‌കൂൾ മേഖലകളിൽ 30 കിലോമീറ്ററാണു വേഗപരിധി. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിൽ 50 കിലോമീറ്റർ വേഗപരിധി. സംസ്ഥാനപാതയിൽ കാറുകൾക്ക് 80 കിലോമീറ്ററും ദേശീയപാതയിൽ 85 കിലോമീറ്ററും.
മറുനാടന് മലയാളി ബ്യൂറോ