കോഴിക്കോട്: എ.ഐ ക്യാമറ പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം ഉയരുമ്പോളും മറുപടി പറയാതെ സർക്കാർ ഉരുണ്ടു കളിക്കുകയാണ്. പ്രതികരിക്കേണ്ടത് കെൽട്രോണെന്ന് പറഞ്ഞ് ഗതാഗതമന്ത്രി ഒഴിഞ്ഞു മാറിയതോടെ ആരാണ് വിശദീകരിക്കേണ്ടതെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. അതേസമയം എഐ ക്യാമറ സ്ഥാപിക്കാൻ ഉപകരാർ ഇല്ലെന്ന് പറഞ്ഞ കെൽട്രോൺ ഇപ്പോൾ മലക്കം മറിയുന്ന അവസ്ഥയിലാണ്. എഐ ക്യാമറ സ്ഥാപിക്കാൻ ഉപകരാർ ലഭിച്ച കോഴിക്കോട്ടെ പ്രസേഡിയോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് ഇത്ര വലിയ തുകയുടെ പ്രവൃത്തി നടത്താൻ അനുഭവ പരിചയമുണ്ടോ എന്ന ചോദ്യമുയരുകയും ചെയ്യുന്നു. 2018 ജനുവരിയിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പ്രവർത്തന മൂലധനം 90 ലക്ഷം രൂപയാണെന്ന് മലയാള മനോരമ റിപ്പോർട്ടു ചെയ്തു

കോഴിക്കോട് മലാപ്പറമ്പിലെ ഷോപ്പിങ് കോംപ്ലക്‌സിൽ രണ്ടാം നിലയിലെ മുറിയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനി രജിസ്റ്റ്രാർക്കു നൽകിയ വിവരങ്ങൾ പ്രകാരം വെബ്‌സൈറ്റ് അറ്റകുറ്റപ്പണി, മൾട്ടി മീഡിയ പ്രസന്റേഷൻ തയാറാക്കൽ എന്നിവയാണ് പ്രവർത്തനം. ട്രാഫിക് മേഖലയിലോ നിർമ്മിത ബുദ്ധി മേഖലയിലോ അനുഭവപരിചയമുള്ളതായി കമ്പനി രജിസ്റ്റ്രാർക്കു നൽകിയ രേഖകളില്ലെന്നുമാണ് വാർത്തയിൽ പറയുന്നത്.

3 ഡയറക്ടർമാരും ഒരു മാനേജിങ് ഡയറക്ടറുമാണ് കമ്പനിക്കുള്ളത്. ഇതിൽ ഒ.ബി.രാംജിത്ത് എന്ന ഡയറക്ടറാണ് എസ്ആർഐടിയുമായി കൺസോർഷ്യം കരാർ ഒപ്പിട്ടിരിക്കുന്നത്. എസ്ആർഐടിയും ലൈറ്റ് മാസ്റ്റർ ലൈറ്റ്‌നിങ് ഇന്ത്യയും പ്രസേഡിയോ ടെക്‌നോളജീസും ഉൾപ്പെട്ട കൺസോർഷ്യത്തിന്റെ പ്രൊജക്ട് ഡയറക്ടറും രാംജിത്താണ്. കെൽട്രോണുമായുള്ള എല്ലാ ആശയ വിനിമയവും നടത്തേണ്ടതിന്റെ ഉത്തരവാദിത്തമാണ് പ്രൊജക്ട് ഡയറക്ടർക്ക് ഉള്ളതെന്ന് എസ്ആർഐടിയുമായി ഒപ്പിട്ട കരാറിൽ പറയുന്നു.

പ്രധാന കരാറുകാരായ എസ്ആർഐടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർമാർ കണ്ണൂർ സ്വദേശികളാണ്. ഇതിലെ പ്രധാന ഡയറക്ടർമാരിൽ ഒരാൾ ഊരാളുങ്കൽ എസ്ആർഐടി എന്ന കമ്പനിയിലും ഡയറക്ടറാണ്. 2019ലാണ് ഇദ്ദേഹം എസ്ആർഐടിയിൽ ഡയറക്ടറായി എത്തിയത്. അതേസമയം വിവാദത്തിൽ വിശദീകരണവുമായെത്തിയ കെൽട്രോൺ എം.ഡി സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് ചട്ടപ്രകാരമെന്ന് പറഞ്ഞു. പദ്ധതിയുടെ ആകെ തുക 232 കോടിയായി ഉയരാൻ കാരണം അഞ്ച് വർഷത്തെ പരിപാലന ചെലവ് കൂടി ചേർത്തെന്നും സി.എം.ഡി എൻ.നാരായണമൂർത്തി പറഞ്ഞു.

രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിക്കുകയും കരാർ രേഖകൾ പുറത്തുവിടാൻ സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്ത ശേഷവും വകുപ്പുമന്ത്രി ഓടിഒളിച്ചു. ഇതിന് പിന്നാലെയാണ് ആദ്യ വിശദീകരണവുമായി കെൽട്രോൺ രംഗത്തെത്തിയത്. സ്വകാര്യ കമ്പനിക്ക് കരാർ നൽകിയെന്ന് സമ്മതിച്ചു. കാമറ നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ നൽകാനും കാമറ സ്ഥാപിക്കാനും തുടങ്ങി പ്രധാന ജോലികൾക്കെല്ലാമായാണ് ബെംഗളൂരുവിലെ എസ്ആർഐടി എന്ന കമ്പനിക്ക് കരാർ നൽകിയത്. ഇ ടെണ്ടറിലൂടെയായിരുന്നു നടപടി.

ഈ കമ്പനിക്ക് ട്രാഫിക് രംഗത്ത് പരിചയമില്ലെന്ന ആരോപണം ശരിവച്ച കെൽട്രോൺ നെറ്റ് വർക്കിങ് രംഗത്ത് പരിചയമുണ്ടെന്ന് അവകാശപ്പെട്ടു. ആദ്യകരാറിൽ 151 കോടിയെന്ന് പറഞ്ഞ തുക എങ്ങിനെ 232 കോടിയായെന്ന ചോദ്യത്തിന് വിശദീകരണം ഇങ്ങിനെ. ഈ വിശദീകരണങ്ങളോടെ കോടിക്കണക്കിന് തുക മുടക്കുന്ന പദ്ധതിയുടെ പ്രധാന ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചത് സ്വകാര്യകമ്പനിയെന്ന് വ്യക്തമാകും. അതിലേക്ക് നയിച്ച നടപടികളിൽ തുടങ്ങി ഈ കാമറകളെല്ലാം എ.ഐ കാമറ തന്നെയാണോയെന്നത് വരെയുള്ള ചോദ്യങ്ങൾ ദുരൂഹമായി അവശേഷിക്കുകയണ്.

വിവരാവകാശ നിയമപ്രകാരം ചോദിച്ചെങ്കിലും വസ്തുതകൾ പുറത്തു വിടുന്നില്ലെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം മുന്നോട്ടു വന്നത്. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെപ്പേർ പദ്ധതിയിൽ ദുരൂഹത ആരോപിച്ചു രംഗത്തെത്തി. ആരോപണങ്ങളോട് സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പദ്ധതി സംബന്ധിച്ച എന്തു രേഖകളും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാൻ തയാറാണെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. എഐ ക്യാമറയല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന വിമർശനത്തിൽ കാര്യമില്ലെന്നും ക്യാമറയും സോഫ്റ്റ്‌വെയറും മറ്റ് ഉപകരണങ്ങളുമടക്കമാണ് എഐ സംവിധാനമായി പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.

ഉയരുന്ന ചോദ്യങ്ങൾ:എഐ ക്യാമറ വയ്ക്കാനുള്ള ടെൻഡർ വിളിച്ചിട്ടുണ്ടോ? എങ്കിൽ എത്ര കമ്പനികൾ പങ്കെടുത്തു? പദ്ധതിയിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം എന്താണ്? അവരുടെ ലാഭവിഹിതം എത്ര? നിർമ്മിത ബുദ്ധി പ്രകാരം ആണ് ക്യാമറ പ്രവർത്തിക്കുന്നത് എന്നു ഗതാഗത വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഗതാഗത ലംഘനങ്ങൾ കണ്ടെത്തുന്നതിന് മുൻപു സ്ഥാപിച്ച അതേ ക്യാമറകളാണ് ഇപ്പോഴും സ്ഥാപിച്ചിരിക്കുന്നത്. എങ്കിൽ എഐ ക്യാമറ എന്ന പ്രചാരണം എന്തിനു വേണ്ടി?

സർക്കാരിന്റെ പദ്ധതികളുടെ കരാർ നേടിയെടുക്കുകയും ഇവ സ്വകാര്യ കമ്പനികൾക്കു മറിച്ചു നൽകുകയും ചെയ്യുന്ന കെൽട്രോണിനെ എന്തിനു കരാർ ഏൽപിച്ചു? ഇത് സർക്കാരിന് അധികച്ചെലവല്ലേ സൃഷ്ടിക്കുക?നിയമലംഘനത്തിന്റെ ഓരോ ചിത്രവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നെങ്കിൽ എഐ സംവിധാനത്തിന്റെ ആവശ്യമെന്താണ്?പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ കെൽട്രോണും സർക്കാരും മടിക്കുന്നതെന്തിനാണ്?

അതേസമയം സർക്കാർ ഒളിപ്പിക്കാൻ ശ്രമിക്കവേയാണ് രമേശ് ചെന്നിത്തല ഉപകാർ നേടിയ സ്ഥാപനങ്ങൾ അടക്കം വിശദീകരിച്ച് രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ ആധികാരികമായി തന്നെ കെൽട്രോൺ ഉപകരാറിൽ സ്ഥിരീകരണവും നൽകി. ഇതോടെ ആദ്യ വന്ന വിശദീകരണം കള്ളമാണെന്നും തെളിയുന്നു. എല്ലാം കെൽട്രോണിന്റെ തലയിൽ വയ്ക്കുകയാണ് സർക്കാർ.

എന്തായാലും സർക്കാർ 232 കോടി രൂപ ചെലവിൽ കെൽട്രോൺ വഴി സ്ഥാപിച്ച എഐ ക്യാമറ പദ്ധതിയെ ചൊല്ലി വിവാദം ആളിപ്പടരുകയാണ്. പദ്ധതിയുടെ ചെലവ് ഇത്രയും ഉയർന്നത് എങ്ങനെയാണെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. കെൽട്രോണുമായി സഹകരിച്ചു നടത്തുന്ന പദ്ധതിയിൽ സ്ഥാപിച്ചത് 726 ക്യാമറകറാണ്. ഇത്രയും ക്യാമറകൾ സ്ഥാപിക്കുന്നതിനും മറ്റു സംവിധാനങ്ങൾക്കുമായി ഉയർന്ന തുക ഈടാക്കുന്നു എന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തിയത്. രമേശ് ചെന്നിത്തലയാണ് വിഷയം ഉയർത്തിക്കൊണ്ടു വന്നത്. പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പദ്ധതിക്കെതിരെ രംഗത്തിറങ്ങി.

ക്യാമറ സ്ഥാപിക്കൽ പദ്ധതിയിലെ ഇടപാടുകളെ സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ചെങ്കിലും വസ്തുതകൾ പുറത്തുവിടുന്നില്ലെന്നാണ് ചെന്നിത്തല ആരോപിച്ചത്. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെപ്പേർ പദ്ധതിയിൽ ദുരൂഹത ആരോപിച്ചു രംഗത്തെത്തി.