കൊച്ചി: എഐ ക്യാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലേക്ക് കേരള സർക്കാർ കടക്കുമ്പോൾ പലവിധത്തിലുള്ള വാദങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ട്രാഫിക് നിയമലംഘനങ്ങളെ പിടികൂടാൻ വേണ്ടിയുള്ള സംവിധാനം പലർക്കും പണിയാകുമെന്ന ഘട്ടം വന്നതോടെ എതിർക്കുന്നവർക്ക് പറയാൻ മറ്റൊരു കാരണം കൂടിയായി. സ്വാകാര്യതാ ലംഘനമെന്ന വാദമാണ് ഇക്കൂട്ടർ ഉന്നയിക്കുന്നത്. സ്വകാര്യ ഇടങ്ങളിൽ വ്യക്തിയുടെ അവകാശങ്ങൾ സംബന്ധിച്ച നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താതെ പൊതുനിരത്തുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചു മുഴുവൻ വാഹനയാത്രക്കാരുടെയും ദൃശ്യങ്ങൾ പകർത്തുന്നതു നിയമപ്രശ്‌നങ്ങൾക്കു വഴിയൊരുക്കുമെന്നു നിയമവിദഗ്ധരുടെ വാക്കുകളാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്.

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെയോ ദൃശ്യങ്ങൾ റോഡിൽ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകൾ പകർത്തി ആ ദൃശ്യങ്ങളെ തെളിവായി ഹാജരാക്കുന്നതിൽ നിയമപ്രശ്‌നങ്ങളുണ്ടാവില്ല. എന്നാൽ, നിയമം അനുസരിച്ചു യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങളും എഐ ക്യാമറ ശേഖരിക്കുന്നത് അവരുടെ സ്വകാര്യ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാകാമെന്നാണ് നിയമഞ്ജർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഈ വാദം സർക്കാറിനെ എതിർക്കാൻ വേണ്ടി മാത്രം പറയുന്നതാണെന്നാണ മറുപക്ഷം.

സ്വകാര്യ വാഹനത്തിന്റെ ഉൾഭാഗം സ്വകാര്യ ഇടമായതിനാൽ വാഹനത്തിലുള്ളവരുടെ അറിവോടും സമ്മതത്തോടും കൂടി വേണം ദൃശ്യങ്ങൾ എടുക്കാനെന്നാണ് വാദം. സ്വകാര്യ വാഹനത്തിനുള്ളിൽ ദമ്പതികളുടെ സ്‌നേഹപ്രകടനങ്ങൾ അവരുടെ അറിവില്ലാതെ പകർത്തുന്നത് ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം കുറ്റകൃത്യമാണ്. കേരളത്തിൽ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളെ യഥാർഥ നിർമ്മിത ബുദ്ധി ക്യാമറകൾ എന്നു പറയണമെന്നുണ്ടെങ്കിൽ പൊതുനിരത്തുകളിൽ സംഭവിക്കുന്ന നിയമലംഘനങ്ങളെ വേറിട്ടു തിരിച്ചറിയാനുള്ള ശേഷി അതിനു വേണം.

അത്തരം സന്ദർഭങ്ങളെ സ്വയം തിരിച്ചറിഞ്ഞു നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ മാത്രം പകർത്താനുള്ള 'ഔചിത്യബോധം' പ്രകടിപ്പിക്കാൻ ശേഷിയുള്ള ആൽഗരിതം അനുസരിച്ചു പ്രവർത്തിക്കുന്ന ക്യാമറകൾ വരുമ്പോൾ മാത്രമേ അതിനെ സമ്പൂർണ എഐ ക്യാമറയെന്നു വിശേഷിപ്പിക്കാൻ കഴിയുകയുള്ളവെന്ന് ഐടി വിദഗ്ധരും ചൂണ്ടിക്കട്ടിയെന്ന് മനോരമ റിപ്പോർട്ടു ചെയ്യുന്നു.

ഏതൊക്കെ നിയമങ്ങളാണ് എഐ ക്യാമറാ സ്ഥാപിക്കുന്നതിലൂടെ ലംഘിക്കപ്പെടുന്നതെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരള പൊലീസ് ആക്ട് വകുപ്പ് 119(ബി) അനുസരിച്ചു സ്ത്രീകളെ അവരുടെ സ്വകാര്യതയെ മാനിക്കാതെ നേരിട്ടും ക്യാമറകളിലൂടെയും നിരീക്ഷിക്കുന്നതും അവരുടെ ദൃശ്യങ്ങൾ അവരുടെ അനുവാദമില്ലാതെ പകർത്തുന്നതും 3 വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇതാണ് നിയമലംഘനം ചൂണ്ടിക്കാട്ടുന്ന ഒരു വകുപ്പ്.

കൂടാതെ മറ്റു നിയമങ്ങളുമുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354(സി) അനുസരിച്ചു സ്വകാര്യ ഇടങ്ങളിൽ അവരവർക്ക് ഇഷ്ടമുള്ള, കുറ്റകരമല്ലാത്ത പ്രവൃത്തികൾ ചെയ്യുന്നവരെ നേരിട്ടോ ക്യാമറ ഉപയോഗിച്ചോ ഒളിഞ്ഞുനോക്കുന്നതും അവരുടെ അറിവില്ലാത്ത ദൃശ്യങ്ങൾ പകർത്തുന്നതും ഒരു വർഷം മുതൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഐടി നിയമം വകുപ്പ് 67 അനുസരിച്ചു ഒരു വ്യക്തിയുടെ സ്വകാര്യ ഇടത്തിലുള്ള ദൃശ്യങ്ങൾ അനുവാദമില്ലാതെ പകർത്തുന്നതും ശേഖരിച്ചുവയ്ക്കുന്നതും ദുരുപയോഗം ചെയ്യുന്നതും കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചു 3 വർഷം വരെ തടവും 2 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. എഐ ക്യാമറകൾ പകർത്തുന്ന ഏതെങ്കിലും ചിത്രങ്ങളോ ദൃശ്യങ്ങളോ ഇതിലേതെങ്കിലും നിയമം ലംഘിച്ചതായുള്ള ഹർജികളിൽ മറിച്ചു സ്ഥാപിക്കാനുള്ള നിയമപരമായ ബാധ്യത മോട്ടർ വാഹന വകുപ്പിനുണ്ടാവും. ഇത്തരം നിയമ പ്രശ്‌നങ്ങളെയും സർക്കാർ മറികടക്കേണ്ടതുണ്ട്.

അതേസമയം സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു. ഈമാസം 20നായിരുന്നു ക്യാമറകളുടെ ഉദ്ഘാടനം. തലേദിവസം 3,97,488 നിയമ ലംഘനങ്ങളാണ് എഐ ക്യാമറയിൽ പതിഞ്ഞത്. എന്നാൽ 20 മുതൽ പിഴ ചുമത്തുമെന്ന് അറിഞ്ഞതോടെ പലരും നിയമം അനുസരിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 20ാം തീയതി 2,68,380 ആയി നിയമ ലംഘനങ്ങൾ കുറഞ്ഞു. എന്നാൽ ഒരുമാസത്തേക്ക് പിഴ വേണ്ടെന്നും ബോധവൽക്കരണം മതിയെന്ന് പ്രഖ്യാപിച്ചതോടെ തൊട്ടടുത്ത ദിവസം നിയമ ലംഘനങ്ങൾ വീണ്ടും കൂടി. 21ാം തീയതി നിയമം ലംഘിച്ചവരുടെ 2,90,823 ആയാണ് നിയമ ലംഘനങ്ങൾ വർധിച്ചത്. എന്നാൽ ഉദ്ഘാടനത്തിന് മുമ്പുള്ള അത്ര നിയമ ലംഘനങ്ങൾ ഉണ്ടായില്ലെന്ന ആശ്വാസത്തിലാണ് മോട്ടോർ വാഹന വകുപ്പ്.

മെയ് 19 വരെ വാണിങ് നോട്ടീസ് നൽകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും അത് വേണോയെന്നന്ന് ഇതുവരെ മോട്ടോർ വാഹന വകുപ്പിൽ ധാരണയില്ല. പ്രതിദിനം ലക്ഷക്കണക്കിന് പേർക്ക് നോട്ടീസ് അയക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് പ്രധാന വെല്ലുവിളി. ഒരു നിയമ ലംഘംനം ക്യാമറയിൽപ്പെട്ടാൽ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമെത്തുകയും തുടർന്ന് നോട്ടീസ് തപാലിൽ വീട്ടിലെത്തിക്കാനുമായിരുന്നു പദ്ധതി. കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവെയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ എസ്എംഎസ് അയച്ചാൽ പിഴ ചുമത്തേണ്ടി വരും. അതുകൊണ്ടു തന്നെ എന്തു വേണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.