- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോൺ ഉപഗ്രഹസർവേയിൽ അപാകതകളുണ്ടാകും; പരാതി പരിശോധിച്ച് മാറ്റം വരുത്തുന്ന റിപ്പോർട്ടാണ് സുപ്രീംകോടതിയിൽ സമർപ്പിക്കുക; അവ്യക്തമായ മാപ്പ് സാധാരണക്കാരന് മനസ്സിലാക്കാൻ പഞ്ചായത്തുകളുടെ സഹകരണം തേടുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ; സർക്കാർ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റം; ബഫർ സോൺ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് വി ഡി സതീശനും
കോഴിക്കോട്: ബഫർസോൺ ഉപഗ്രഹസർവേയിൽ അപാകതകളുണ്ടാകുമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ജനവാസമേഖല ഏതെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയെ സമീപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം സമരം അടക്കം സജീവമാക്കാൻ ഒരുങ്ങുമ്പോഴാണ് സർക്കാർ നിലപാട് മാറ്റവുമായി രംഗത്തുവന്നത്.
'ഈ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാനേ പോകുന്നില്ല. ജനങ്ങളുടെ പരാതി പരിശോധിച്ച് മാറ്റം വരുത്തുന്ന പുതിയ റിപ്പോർട്ടാണ് സമർപ്പിക്കുക. പരാതി സമർപ്പിക്കാനുള്ള സമയം നീട്ടും ഇതിനായാണ് കമ്മീഷന്റെ കാലാവധി നീട്ടിയത്. അവ്യക്തമായ മാപ്പ് സാധാരണക്കാരന് മനസ്സിലാക്കാൻ പഞ്ചായത്തുകളുടെ സഹകരണം തേടും. റിപ്പോർട്ട് നൽകാൻ സമയപരിധി നീട്ടണമെന്ന് കോടതിയോട് അപേക്ഷിക്കും. റവന്യു വകുപ്പിന്റെ സഹായം രേഖാമൂലം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം കത്ത് നൽകിയിട്ടുണ്ട്' ശശീന്ദ്രൻ പറഞ്ഞു.
'ഇത് കേന്ദ്രത്തിന് സമർപ്പിക്കാൻ പറ്റിയ റിപ്പോർട്ടല്ലെന്ന് വ്യക്തമായതാണ്. ബഫർ സോണായി പ്രഖ്യാപിക്കരുതെന്നാണ് സർക്കാരിന്റെ ആവശ്യം. ജനവാസ മേഖലയാണെന്ന് കോടതിയെ ബോധിപ്പിക്കാനാണ് ശ്രമം നടത്തുന്നത് മംഗളവനത്തിന് 10 മീറ്റർ മാത്രം അകലത്തിലാണ് ഹൈക്കോടതി ഉൾപ്പെടെയുള്ളത്. കേരളത്തിലെ അവസ്ഥ ഇങ്ങനെയാണെന്ന് ബോധ്യപ്പെടുത്തും. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഏജൻസിയെ വെച്ച് ഉപഗ്രഹമാപ്പിങ് നടത്തിയത്. വിമർശിക്കാൻ വേണ്ടി ഒരു വിമർശനം നടത്തുകയാണ്. ഇതിൽ യുക്തിയുണ്ടെന്ന് തോന്നുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള സമരത്തിൽ നിന്ന് എല്ലാവരും പിന്മാറണം. പരിശോധന നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരല്ല. എന്നിട്ടും വനംവകുപ്പാണ് ഇത് ചെയ്തത് എന്ന് പ്രചരിപ്പിക്കുന്നു' ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം ബഫർ സോണിൽ ഉപഗ്രഹ സർവേ നിർത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഉപഗ്രഹ സർവേ അവ്യക്തമാണ്. നേരിട്ടുള്ള സർവേ ഉടൻ നടത്തണം. സർക്കാർ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും ബഫർ സോൺ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ സംശയം തീർക്കാൻ സംസ്ഥാന സർക്കാറിനായില്ല. എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കി. വ്യക്തതയില്ലാത്ത ഉത്തരവാണ് സംസ്ഥാന സർക്കാർ ഇറക്കിയത്. പ്രശ്നത്തെ സർക്കാർ ഗൗരവമായി കാണണം. ഇത് ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. വിഷയത്തിൽ കെ റെയിൽ മോഡൽ സമരം സംഘടിപ്പിക്കുമെന്നും സതീശൻ പറഞ്ഞു. ഇപ്പോൾ കാര്യങ്ങൾ മനസിലാക്കിയിട്ട് കാര്യമില്ല. വിവാദമായപ്പോഴാണ് പോരായ്മകൾ പഠിക്കുന്നത്. അതുവരെ ഫ്രീസറിൽ വെച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ