- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മലയോര ജനതയുടെ മനസിൽ തീകോരിയിട്ടയാളാണ് ഗാഡ്ഗിൽ, ആശങ്ക അന്നുതുടങ്ങിയതാണ്'; വന്യമൃഗങ്ങളും മനുഷ്യരും ലോകത്തിലെ സൃഷ്ടികളാണ് എന്ന വസ്തുത മറന്നുപോകരുത്; ആരെയും കൊല്ലാനല്ല. സന്തുലിതാവസ്ഥയാണ് ആവശ്യം; വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം
കോഴിക്കോട്: മലയോര ജനതയുടെ മനസിൽ തീ കോരിയിട്ട ആളാണ് മാധവ് ഗാഡ്ഗിലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കർഷകർക്കുള്ളതെന്നും വന്യമൃഗങ്ങളും മനുഷ്യരും ലോകത്തിലെ സൃഷ്ടികളാണ് എന്ന വസ്തുത മറന്നുപോകരുതെന്നും മന്ത്രി പ്രതികരിച്ചു.
'ആരെയും കൊല്ലാനല്ല. സന്തുലിതാവസ്ഥയാണ് ആവശ്യം. വന്യമൃഗങ്ങൾക്കും മനുഷ്യർക്കും അവരവരുടേതായ അവകാശമുണ്ട്. ഇത് രണ്ടും ലോകത്തിലെ സൃഷ്ടികളാണ് എന്ന വസ്തുത മറന്നുപോകരുത്. എല്ലാവർക്കും ജീവിക്കണം. സമന്വയത്തിന്റെ പാതയാണ് സർക്കാർ സ്വീകരിക്കുന്നത്', മന്ത്രി കൂട്ടിച്ചേർത്തു.
പാലക്കാട് ജനവാസമേഖലയിൽ ഇറങ്ങിയ പിടി 7നെ പിടികൂടാൻ വനംവകുപ്പ് നടത്തുന്നത് ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ദൗത്യമാണെന്നും മന്ത്രി പറഞ്ഞു. 'ശുഭപ്രതിക്ഷയാണ്, ജനങ്ങൾക്ക് ആശ്വാസമാകും എന്നാണ് കരുതുന്നത്.
വന്യമൃഗ ശല്യം ഒഴിവാകാൻ വൈത്തിരി മോഡൽ ജനകീയ പ്രതിരോധം വേണം. വനംവകുപ്പ് സ്ഥാപിക്കുന്ന പ്രതിരോധ മാർഗങ്ങൾ പരിപാലിക്കുന്നതിൽ വീഴ്ച വരുന്നുണ്ട്. ജനകീയ പ്രതിരോധത്തിന് ഫണ്ട് അനുവദിക്കുന്നതിൽ ധനവകുപ്പുമായി ആലോചന നടത്തും', എ കെ ശശീന്ദ്രൻ പറഞ്ഞു.
നേരത്തെ ദേശീയ ഉദ്യാനങ്ങൾക്കു പുറത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് ലൈസൻസ് നൽകണമെന്ന് ഗാഡ്ഗിൽ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനു നിയമം നിർമ്മിച്ചിട്ടുള്ള ഏക രാജ്യമാണ് ഇന്ത്യ. അതു യാതൊരു യുക്തിയില്ലാത്തതും വിഡ്ഢിത്തവുമാണ്. അതിൽ അഭിമാനിക്കാൻ ഒന്നുമില്ല.ലോകത്ത് ഒരു രാജ്യവും ദേശീയ ഉദ്യാനങ്ങൾക്കു പുറത്ത് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നില്ല ഗാഡ്ഗിൽ പറഞ്ഞു.
വേട്ടയാടാൻ ലൈസൻസ് കൊടുക്കുന്നതു വന്യമൃഗങ്ങളുടെ എണ്ണം കാര്യമായി കുറയ്ക്കില്ല. വന്യമൃഗങ്ങളുടെ മാംസം, മൃഗശല്യം മൂലം പ്രയാസമനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങൾക്കു നൽകണം. അമേരിക്കയിലും ആഫ്രിക്കയിലും ബ്രിട്ടനിലുമെല്ലാം വന്യമൃഗങ്ങളെ വേട്ടയാടാം. സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ പോലും അത് അനുവദിക്കപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങളെ എങ്ങനെ കൊന്നൊടുക്കും, എങ്ങനെ ലൈസൻസ് അനുവദിക്കാം തുടങ്ങിയ കാര്യങ്ങളിലെല്ലാം സർക്കാർ ജനങ്ങളുമായി ചർച്ച നടത്തണമെന്ന് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു.
്ഒരു മനുഷ്യൻ ഭീഷണിയായി മാറുമ്പോൾ അതു നേരിടാൻ ഐപിസി അനുസരിച്ച് നടപടികൾ എടുക്കുന്നില്ലേ? അപ്പോൾ പിന്നെ മൃഗങ്ങൾ ഭീഷണിയാവുമ്പോൾ കൊന്നൊടുക്കിയാലെന്താണ്? നിലവിലെ വന്യജീവി സംരക്ഷണ നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവരണമെന്ന് ഗാഡ്ഗിൽ നിർദ്ദേശിച്ചു. കടുവകളെ കൊന്നൊടുക്കാനുള്ള നിർദ്ദേശത്തെ എതിർക്കുന്ന പരിസ്ഥിതി പ്രവർത്തകർ മനുഷ്യവിരുദ്ധരാണെന്ന് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ