ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ വന്‍ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ ഇതുവരെ 11 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു. ശക്തമായ കാറ്റില്‍ തീ ആളിപ്പടരുന്ന സാഹചര്യത്തില്‍ ഒന്നരലക്ഷം പേരെ ഒഴിപ്പിച്ചു. ലൊസാഞ്ചലസില്‍ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളില്‍ ഭൂരിഭാഗം പേരുടെയും വീടുകള്‍ കത്തിനശിച്ചു.

താരങ്ങളായ പാരിസ് ഹില്‍ട്ടണ്‍, ബില്ലി ക്രിസ്റ്റല്‍, ജയിംസ് വുഡ്‌സ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായി കത്തി നശിച്ചു. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ബെന്‍ അഫ്‌ലേക്ക്, ടോം ഹാങ്ക്‌സ് എന്നിവരെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. വരുംമണിക്കൂറില്‍ ശക്തമായ കാറ്റ് തുടരുമെന്നും തീ ആളിപ്പടരാന്‍ സാധ്യതയുണ്ടെന്നും ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളില്‍ റെഡ് ഫ്‌ളാഗ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

അതേസമയം തീ നിയന്ത്രണവിധേയമാക്കുന്നതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ പറയുന്നു. വന്‍ തീപിടിത്തത്തില്‍ ലൊസാഞ്ചലസിലെ ആഡംബര മേഖലകളില്‍ ആയിരക്കണക്കിന് വീടുകള്‍ നശിപ്പിക്കുകയും ഹോളിവുഡ് ഹില്‍സിലേക്ക് പടരുകയും ചെയ്തു. ഇവിടുത്തെ തീ നീയന്ത്രണവിധേയമമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു.




15,000 കോടിയോളം ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നുന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പസിഫിക്, പാലിസെയ്ഡ്‌സില്‍ എങ്ങും കത്തിയമര്‍ന്ന കെട്ടിടങ്ങളും വാഹനാവശിഷ്ടങ്ങളും മാത്രമേ കാണാനുള്ളു. ആറ് സംസ്ഥാനങ്ങളില്‍ നിന്നും കാനഡയിലും നിന്നുള്ള മുഴുവന്‍ തീയണക്കല്‍ സംവിധാനവും എത്തിച്ച് തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു. ഹോളിവുഡിലെ വമ്പന്‍മാര്‍ ചര്‍ച്ചകള്‍ക്കും മറ്റുമായി എത്തുന്ന ബവര്‍ലി ഹില്‍സ് ഹോട്ടലിനേയും തീപിടുത്തം ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

കാലത്ത് ഹോളിവുഡിലെ വന്‍ താരങ്ങള്‍ എത്തുമായിരുന്ന ഹോട്ടല്‍ ലോബി യുദ്ധക്കളം പോലെയാണ് കാണപ്പെട്ടതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പലരും തീപിടിച്ച വീടുകളില്‍ നിന്ന് ഒന്നുമെടുക്കാന്‍ പോലും കഴിയാതെയാണ് വാഹനങ്ങളില്‍ കയറി രക്ഷപ്പെടുന്നത്. ലോസാഞ്ചലസിലെ പ്രമുഖ പഞ്ച നക്ഷത്ര ഹോട്ടലുകളായ പെനിന്‍സുല, ഫോര്‍ സീസണ്‍സ്, സണ്‍സെറ്റ് ടവര്‍, ബെല്ലയര്‍ എന്നിവയിലെ മുറികളെല്ലാം തന്നെ നേരത്ത പലരും ബുക്ക് ചെയ്തിരുന്നു.




ഇപ്പോള്‍ പല വന്‍കിട ഹോട്ടലുകളും മുറിവാടകയും മറ്റും വന്‍ തോതിലാണ് ഉയര്‍ത്തിയിരിക്കുന്നത്. അതേ സമയം ഈ ഹോട്ടലുകള്‍ ഒന്നും തന്നെ അവിടെ ഇപ്പോള്‍ താമസിക്കുന്ന പ്രമുഖരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇവിടങ്ങളില്‍ താമസിക്കാനെത്തുന്ന പലരും നായ്ക്കളുമായിട്ടാണ് എത്തുന്നത്. ഇത് ഹോട്ടല്‍ അധികൃതര്‍ക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.