- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഞ്ചസ്റ്ററില്‍ റോഡ് മുറിച്ചു കടക്കവേ പൂര്‍ണ ഗര്‍ഭിണിയായ മലയാളി യുവതിയെ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു; വയനാട്ടുകാരി രഞ്ജു ജോസഫ് അതീവ ഗുരുതരാവസ്ഥയില്‍; കുഞ്ഞിനെ നഷ്ടപ്പെട്ടു; അപകടം ഞായറാഴ്ച രാത്രി നഴ്‌സിംഗ് ഹോമിലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ
മാഞ്ചസ്റ്ററില്‍ പൂര്‍ണ ഗര്‍ഭിണിയായ മലയാളി യുവതി അതീവ ഗുരുതരാവസ്ഥയില്‍
മാഞ്ചസ്റ്റര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ പൂര്‍ണ ഗര്‍ഭിണിയായ മലയാളി യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. വയനാട് സ്വദേശിനിയായ രഞ്ജു ജോസഫിനെയാണ് അതിവേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. അതീവ ഗുരുതരമായി പരിക്കേറ്റ രഞ്ജു ഇപ്പോള്‍ വെന്റിലേറ്ററിലാണ്. എട്ടു മാസം ഗര്‍ഭിണിയായിരുന്ന രഞ്ജുവിനെ കുഞ്ഞിനെ ഇടിയുടെ ആഘാതത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ രഞ്ജുവിന്റെ ജീവനായുള്ള പ്രാര്‍ത്ഥനയിലാണ് ഭര്‍ത്താവും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം.
രണ്ടു വര്‍ഷം മുമ്പാണ് രഞ്ജുവും ഭര്‍ത്താവും സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് നഴ്‌സിംഗ് ഹോമില്‍ ജോലിയും ചെയ്തിരുന്നു. രണ്ടു പേരുടേയും വര്‍ക്ക് പെര്‍മിറ്റ് അവസാനിച്ചിരുന്നില്ലായെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി പതിവു പോലെ ജോലി കഴിഞ്ഞ് മടങ്ങവേയാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. പാഞ്ഞുവരുന്ന വാഹനം കണ്ട് ഓടിമാറാന്‍ സമയം കിട്ടും മുന്നേ തന്നെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
അപകട സമയത്ത് ഭര്‍ത്താവ് ഒപ്പം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സീബ്രാ ലൈനില്‍ വച്ചാണ് യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. റോഡ് ക്രോസ് ചെയ്തതിനുശേഷം ഭര്‍ത്താവ് തിരിഞ്ഞു നോക്കുമ്പോഴേക്കും കാറിടിച്ച് ദൂരേക്ക് വലിച്ചെറിയപ്പെട്ടിരുന്നു. തലയ്ക്കും വയറിനും അതീവ ഗുരുതരമായ പരിക്കുകളേറ്റ യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.
ഇരുട്ടു വീണ സമയം ആയതിനാല്‍ തന്നെ കാര്‍ ഡ്രൈവര്‍ക്ക് പെഡസ്ട്രിയന്‍ ക്രോസ് ചെയ്യുന്നവരെ കാണാന്‍ സാധിക്കാഞ്ഞതും അപകടത്തിന് കാരണമായതെന്ന് വിലയിരുത്തലുണ്ട്. കാലാവസ്ഥ മാറുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇരുട്ടു വീഴുന്നതിനാല്‍ കാല്‍ നടയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്തകള്‍ കൂടി വരികയാണ്. മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഏതാണ്ട് പത്തോളം കാല്‍നടയാത്രക്കാര്‍ക്ക് വാഹനമിടിച്ച് പരിക്കേറ്റതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
FY62 MXC രജിസ്‌ട്രേഷനുള്ള ഇരുണ്ട ചാരനിറത്തിലുള്ള ടൊയോട്ട പ്രിയസ് കാറാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ വാഹനം ഇതുവരെയും കണ്ടെത്തുവാന്‍ പോലീസിന് ആയിട്ടില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ബാംബര്‍ ബ്രിഡ്ജില്‍ നിന്ന് പതിനാറും പതിനേഴും വയസുള്ള രണ്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതായി ലങ്കാഷയര്‍ പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഉടന്‍തന്നെ ബന്ധപ്പെടണമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.