- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർ പുറത്തുനിന്ന് വാങ്ങി കഴിക്കട്ടെ; ചിക്കൻ ബിരിയാണി കഴിച്ചിട്ട് ഒരു കുട്ടിക്ക് എങ്ങനെയാണ് സ്റ്റേജിൽ നൃത്തം ചെയ്യാനാകുക; വെജിറ്റേറിയൻ എല്ലാവർക്കും കഴിക്കാം എന്നാൽ നോൺ വെജ് അങ്ങനെയല്ല; കലോത്സവ ഭക്ഷണ വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവം ഏറെ വിവാദമായത് കലവറയിൽ നോൺ വെജ് ഭക്ഷണം ഒരുക്കണമെന്ന ആവശ്യത്തെ തുടർന്നായിരുന്നു. സൈബറിടങ്ങളിൽ തുടങ്ങിയ ഈ ചർച്ച വലിയ വിവാദങ്ങളിലേക്ക് നീങ്ങുകയും അടുത്ത തവണ താൻ കലോത്സവ വേദിയിലേക്ക് ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കുകയും ചെയ്തു. അതേസമയം ഇപ്പോഴും നോൺ വെജിറ്റേറിയൻ ഭക്ഷണമെന്ന ആശയത്തോട് സർക്കാറിൽ പലർക്കും യോജിപ്പില്ലാത്ത അവസ്ഥയാണ്. ഇക്കാര്യം പലരും വ്യക്തമാക്കിയതാണ് താനും. ഇപ്പോൾ സ്പീക്കർ എ എൻ ഷംസീറും തന്റെ നിലപാട് അറിയിച്ചു രംഗത്തുവന്നു.
കലോത്സവ വേദികളിൽ മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർക്ക് പുറത്ത് നിന്ന് വാങ്ങിക്കഴിക്കാമെന്നാണ് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അഭിപ്രായപ്പെട്ടത്. കലോത്സവ സമയത്ത് ഉണ്ടായത് അനാവശ്യ വിവാദമാണ്. ചിക്കൻ ബിരിയാണി കഴിച്ച ശേഷം ഒരു കുട്ടി എങ്ങനെയാണ് നൃത്തം ചെയ്യുകയെന്നും ഷംസീർ ചോദിക്കുന്നു. ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷംസീറിന്റെ പ്രതികരണം. അടുത്ത വർഷത്തെ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് ഷംസീറിന്റെ ഭിന്നാഭിപ്രായം.
'എനിക്ക് നോൺ വെജ് ഭക്ഷണത്തോടാണ് പ്രിയം. പക്ഷേ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഭക്ഷണമെന്ന നിലയിൽ യുവജനോത്സവം പോലെയുള്ള ഒത്തുചേരലുകളിൽ വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലത്. ചിക്കൻ ബിരിയാണി കഴിച്ചിട്ട് ഒരു കുട്ടിക്ക് എങ്ങനെയാണ് സ്റ്റേജിൽ നൃത്തം ചെയ്യാനാകുക. വെജിറ്റേറിയൻ എല്ലാവർക്കും കഴിക്കാം എന്നാൽ നോൺ വെജ് അങ്ങനെയല്ല. നോൺ വെജ് കഴിച്ചേ മതിയാകൂ എന്നുള്ളവർക്ക് പുറത്തുനിന്ന് വാങ്ങി കഴിക്കാം'-ഷംസീർ പറയുന്നു. അതൊരു അനാവശ്യ വിവാദമായിരുന്നുവെന്നും ഷംസീർ കൂട്ടിച്ചേർത്തു.
'ചുംബന സമരത്തെ' കുറിച്ചുള്ള ചോദ്യത്തിനും തന്റെ നിലപാട് ആവർത്തിച്ച് ഷംസീർ. ചുംബനം എങ്ങിനെയാണ് ഒരു പ്രതിഷേധത്തിന്റെ ഭാഗമാകുന്നതെന്നും പരസ്യമായി തെരുവുകളിൽ ചെയ്യേണ്ട കാര്യമല്ല ചുംബനമെന്നും ഷംസീർ പറഞ്ഞു. അതുകൊണ്ട് തന്നെ അത്തരം അരാജക പ്രവർത്തനങ്ങൾ താൻ പ്രോത്സാഹിപ്പിക്കില്ലെന്നും ഷംസീർ വ്യക്തമാക്കി. ആരെങ്കിലും തന്റെ ഭാര്യയെ ചുംബന സമരം പോലുള്ള പ്രതിഷേധങ്ങൾക്ക് അയയ്ക്കുമോ. താൻ ഏതായാലും അത്ര പുരോഗമന വാദിയല്ല. 'നമുക്ക് ചില അടിസ്ഥാനപരമായ സാംസ്‌കാരിക മൂല്യമുണ്ട്' അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സമുദായത്തിന് വിശ്വസിക്കാൻ കഴിയുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അതുകൊണ്ടാണ് പാർട്ടിയിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതെന്നും ഷംസീർ അഭിമുഖത്തിൽ പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന യഥാർത്ഥ മതേതര പാർട്ടിയാണ് സിപിഎം. സ്വത്വ രാഷ്ട്രീയം ആപത്കരമാണ്. കൂടാതെ മുസ്ലിം വിഭാഗത്തിന്റെ പ്രശ്‌നം അവർ തന്നെ പരിഹരിക്കാം എന്ന് വിചാരിക്കുന്നതും എല്ലാവർക്കും അപകടകരമാണെന്നും ഷംസീർ പറയുന്നു.
അതേസമയം സ്‌കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ ഇനി ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കുകയുണ്ടായി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. സ്‌കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ