തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജിനായി സർക്കാർ കോടികൾ മുടക്കുമ്പോഴും അവയുടെ പ്രയോജനം കൃത്യമായി ജനങ്ങൾക്ക് എത്തുന്നുണ്ടോ എന്ന കാര്യം ഇപ്പോഴും ചോദ്യ ചിഹ്നമാണ്.പണം മുടക്കുന്നതല്ലാതെ അതിന്റെ പ്രവർത്തനങ്ങൾ യാഥാവിഥി നടക്കുന്നുണ്ടോ എന്നന്വേഷിക്കാൻ ബന്ധപ്പെട്ട വകുപ്പോ മത്രിയോ തയ്യാറാകുന്നില്ല എന്നതാണ് സത്യം.നമ്മുടെ സർക്കാർ മെഡിക്കൽ കോളേജുകളെക്കുറിച്ച് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് അത് തന്നെയാണ്.

ഒരു മാസത്തിൽ ഒന്ന് എന്ന നിലയിലെങ്കിലും ഒട്ടുമിക്ക സർക്കാർ മെഡിക്കൽ കോളേജിനെക്കുറിച്ചും പരാതികൾ ഉയരുന്നുണ്ട്.ഇപ്പോഴി ആലപ്പുഴ മെഡിക്കൽ കോളേജിനെക്കുറിച്ചുള്ള യുവാവിന്റെ തുറന്നെഴുത്താണ് സമൂഹമാധ്യമത്തിലെ ചർച്ചാവിഷയം.തനിക്കുണ്ടായ ഒരു അനുഭവത്തെ മുൻനിർത്തിയാണ് കുറിപ്പ്.അതും ഒട്ടേറെ പേർ ആശ്രിയിച്ചെത്തുന്ന അത്യാഹിത വിഭാഗത്തെക്കുറിച്ചും.ഈ പോരായ്മകൾക്കൊക്കെയും കാരണം മെഡിക്കൽ സൂപ്രണ്ടിന്റെ പിടിപ്പുകേടാണെന്നും കുറിപ്പിൽ വിമർശനമുണ്ട്.

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ രോഗിയോട് ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച്ചയാണ് തുറന്നുകാട്ടുന്നത്. അത്യാഹിതത്തിലെ ആളും സാധാരണ ആളും അവിടെ ഒരേ ക്യൂ നിൽക്കണം. എത്ര നല്ല ആചാരങ്ങൾ പിന്നെ പണമടക്കാൻ പുറത്തിറങ്ങി കറങ്ങി നടക്കണം. ഈ പിടിപ്പുകേടുകൾ ഒരിക്കലും സർക്കാരിന്റെ കുഴപ്പമല്ല. മറിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിന്റെ തലവനായ സൂപ്രണ്ടിന്റെ വിവരമില്ലായ്മ മാത്രമാണ്. ഇതൊക്കെ കൃത്യമായി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാൻ സർക്കാർ തയ്യാറാകണം.

രോഗിയെ അവർ ഒബ്സർവേഷൻ വാർഡിലേക്ക് മാറ്റി. ഭാഗ്യത്തിന് അവിടെ ഒരു ബെഡ് ലഭിച്ചു. മെഡിസിൻ സ്റ്റാർട്ട് ചെയ്യുന്നില്ലേ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് അതൊക്കെ അത്യാഹിതത്തിൽ നിന്നും നൽകിയിട്ടുണ്ട് എന്നാണ്. അവിടെ അവർ മുറിവിൽ തയ്യൽ ഇട്ടതും ഒരു ഇൻജക്ഷൻ മാത്രം എടുത്തതും പറഞ്ഞപ്പോൾ നഴ്‌സ് പറഞ്ഞു, 'സ്‌കാനിങ് റിപ്പോർട്ട് കണ്ടിട്ട് അതിൽ ഡോക്ടേഴ്‌സ് എഴുതി വെച്ചിരിക്കുന്നത് വായിച്ചുനോക്കൂ.... കണ്ണിന് മുകളിലും താഴെയും മൂക്കിലും ഉള്ളിൽ എല്ലിന് പൊട്ടലുകളുണ്ട്. നാളെ രാവിലെ 8 മണിക്കും 9 മണിക്കും രണ്ട് ഡിപ്പാർട്ട്‌മെന്റ് ഹെഡിനെ കാണണം എന്നാണ്. അതുകഴിഞ്ഞ് മെഡിസിൻ തരുമായിരിക്കും...' എന്ന്.

ആക്‌സിഡന്റ് നടന്ന ഒരാൾക്ക് കൃത്യമായി മെഡിസിൻ നൽകാത്തത് എന്തായിരിക്കും, ഇനി ഇങ്ങനെയൊക്കെ ആയിരിക്കുമോ ഇവിടുത്തെ രീതി എന്നൊക്കെ ആലോചിച്ച് കൂടെയുള്ള ഞങ്ങൾ നിന്നും ഇരുന്നും നടന്നും നേരം വെളുപ്പിച്ചു.അങ്ങനെ അടുത്ത ദിവസം രാവിലെ 8 മണിക്ക് ആക്‌സിഡന്റായ ആളുമായി ഞാൻ ആദ്യം കണ്ണിന്റെയും പിന്നെ പല്ലിന്റെയും തലവന്മാരെ കണ്ടെത്താൻ യാത്ര ആരംഭിച്ചു. കണ്ണിന്റെ ടീമിനെ കണ്ടുകഴിഞ്ഞ് പല്ലിന്റെ മേലധികാരിയെ കാണാൻ ശ്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ങട സ്റ്റുഡന്റ് ഡോക്ടേഴ്‌സ് ടീംസ് ഞങ്ങളോട് പറഞ്ഞു: 'ഇത് സർജറി വേണ്ടിവരും. എന്നാലും സാർ വരട്ടെ; നിങ്ങൾ പുറത്ത് വെയ്റ്റ് ചെയ്യൂ...' എന്ന്.

ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ അതായത് ആക്‌സിഡന്റായ ആൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ വന്നിട്ട് 26 മണിക്കൂറോളം കഴിഞ്ഞപ്പോഴും മുറിവ് തുന്നിക്കെട്ടിയതല്ലാതെ മറ്റ് മരുന്നുകൾ നൽകാത്ത കാര്യം അവിടെയുണ്ടായിരുന്ന യുവഡോക്ടേഴ്സിനോട് പറഞ്ഞു. അവർ കുറിപ്പടികളൊക്കെ നോക്കിയിട്ട് പറഞ്ഞു 'എല്ലിന്റെ ഡോക്ടർ ഇത്ര മെഡിസിൻ കഴിക്കാൻ എഴുതിയല്ലോ, കണ്ണിന്റെ ഡോക്ടർ ഇത്ര മരുന്നുകൾ എഴുതിയല്ലോ, പിന്നെന്താ നിങ്ങൾ വാങ്ങാതിരുന്നത്?'ഇങ്ങനെയാണ് തങ്ങൾക്കുണ്ടായ അനുഭവം വിവരിക്കുന്നത്.

കുറിപ്പിന്റെ അവസാനഭാഗത്ത് സർക്കാറിനോടായി അപകടത്തിൽ അല്ലെങ്കിൽ അത്യാഹിത ചികിൽസ തേടിയെത്തുന്ന മൃതപ്രായരായ രോഗികൾക്കോ കൂട്ടിരിപ്പുകാർക്കൊ വേണ്ട സഹായം അതത് സമയം കിട്ടുന്നുണ്ടെന്ന് ദയവായി ഉറപ്പാക്കണം. മെഡിക്കൽ കോളജുകാർക്ക് ഇത് നിത്യ തൊഴിൽ അഭ്യാസമായിരിക്കാം. രോഗികളേക്കാൾ നീറിയും വലഞ്ഞും കഴിയുന്നവർക്ക് മെഡിക്കൽ കോളജ് വാഴുന്ന ഇത്തരം റൗഡികളുടെ കെടുകാര്യസ്ഥതയുള്ള നടപടികൾ സഹിക്കാനാകുന്നതിനും അപ്പുറമാണ്.ഇവന്മാരൊക്കെ ചെയ്യേണ്ട ജോലികൾ കൃത്യമായി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാൻ സ്വതന്ത്ര പരിശോധനാ സംഘത്തെ എത്രയും വേഗം നിയമിക്കണമെന്ന അഭ്യർത്ഥനോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ആലപ്പുഴ മെഡിക്കൽ കോളേജ്:
-ആയുസ്സുണ്ടെങ്കിൽ മാത്രം തിരിച്ചുവരാം-

Veena George Pinarayi Vijayan Government T D Medical College Alappuzha G Sudhakaran District Collector Alappuzha Marunadan Malayali Asianet News Mathrubhumi News Kairali News Janam TV R Sreekandan Nair Manorama News TV MediaoneTV

28-11-2022 തിങ്കളാഴ്ച രാവിലെ ഏകദേശം 10 മണിക്ക്, സ്‌കൂട്ടർ ആക്‌സിഡന്റായ, വളരെയേറെ ബ്ലീഡിങ് സംഭവിച്ചുകൊണ്ടിരുന്ന 42 വയസുള്ള ഒരു ചെറുപ്പക്കാരനെ സുഹൃത്തുക്കൾ ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ അത്യാഹിതത്തിൽ എത്തിക്കുന്നു. അടിയന്തിര ചികിൽസ നൽകേണ്ടതാണെങ്കിലൂം വളരെയേറെ സമയം കഴിഞ്ഞപ്പോൾ അവിടെ MS - ന് പഠിക്കുന്നവർ ഉൾപ്പെടെയുള്ള സ്റ്റുഡന്റ് ഡോക്ടർമാരുടെ ടീം വന്ന് കണ്ണിന് മുകളിലും, ചുണ്ടിലുമുണ്ടായിരുന്ന ആഴത്തിലുള്ള മുറിവുകൾ തുന്നിക്കെട്ടി. ഒരു ഇഞ്ചക്ഷൻ നൽകി.

തുടർന്ന്, യാതൊരു മെഡിസിനും നൽകാതെ വെറുതെ കിടത്തിയിരിക്കുന്ന അയാളെ പിന്നെ ഏകദേശം ഒന്നര മണി ആയപ്പോൾ ആ ബെഡിൽത്തന്നെ കിടത്തിക്കൊണ്ട് തലയുടെ രണ്ട് സ്‌കാൻ, കൈയുടെ രണ്ട് എക്‌സ്‌റേ എന്നിവ എടുക്കാൻ പറഞ്ഞുവിട്ടു. സ്‌കാൻ ചെയ്ത പടം കിട്ടി. 3100 രൂപ അടച്ചു. പക്ഷെ റിപ്പോർട്ടിന് 3 മണിക്കൂർ കാത്തിരിക്കണം. പിന്നെ വന്ന് എക്‌സ്‌റേ എടുത്തു. രോഗിയെ തിരിച്ച് അത്യാഹിതത്തിൽ കൊണ്ടുവന്നു. എക്‌സ്‌റേ എടുക്കാൻ ക്യൂ നിൽക്കുന്നതും പിന്നെ അതിന്റെ പണം അടക്കാൻ പോകുന്നതും പിന്നെ തിരിച്ച് വന്ന് അതൊക്കെ നൽകി എക്‌സ്‌റേ വാങ്ങുന്നതും ഈ നൂറ്റാണ്ടിലെ അന്യായ കോമഡിയായി എനിക്ക് തോന്നി. അത്യാഹിതത്തിലെ ആളും സാധാരണ ആളും അവിടെ ഒരേ ക്യൂ നിൽക്കണം. എത്ര നല്ല ആചാരങ്ങൾ പിന്നെ പണമടക്കാൻ പുറത്തിറങ്ങി കറങ്ങി നടക്കണം. ഈ പിടിപ്പുകേടുകൾ ഒരിക്കലും സർക്കാരിന്റെ കുഴപ്പമല്ല. മറിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിന്റെ തലവനായ സൂപ്രണ്ടിന്റെ വിവരമില്ലായ്മ മാത്രമാണ്. ഇതൊക്കെ കൃത്യമായി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാൻ സർക്കാർ തയ്യാറാകണം.

ഏതായാലും നാലാം മണിക്കൂറിൽ സ്‌കാനിങ് റിപ്പോർട്ട് കിട്ടി. പിന്നെ അതുമായി എത്രയെത്ര MD ടീമിനെ കാണാൻ പോയിരിക്കുന്നു! രോഗിയെ അവർ ഒബ്സർവേഷൻ വാർഡിലേക്ക് മാറ്റി. ഭാഗ്യത്തിന് അവിടെ ഒരു ബെഡ് ലഭിച്ചു. മെഡിസിൻ സ്റ്റാർട്ട് ചെയ്യുന്നില്ലേ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് അതൊക്കെ അത്യാഹിതത്തിൽ നിന്നും നൽകിയിട്ടുണ്ട് എന്നാണ്. അവിടെ അവർ മുറിവിൽ തയ്യൽ ഇട്ടതും ഒരു ഇൻജക്ഷൻ മാത്രം എടുത്തതും പറഞ്ഞപ്പോൾ നഴ്‌സ് പറഞ്ഞു, 'സ്‌കാനിങ് റിപ്പോർട്ട് കണ്ടിട്ട് അതിൽ ഡോക്ടേഴ്‌സ് എഴുതി വെച്ചിരിക്കുന്നത് വായിച്ചുനോക്കൂ.... കണ്ണിന് മുകളിലും താഴെയും മൂക്കിലും ഉള്ളിൽ എല്ലിന് പൊട്ടലുകളുണ്ട്. നാളെ രാവിലെ 8 മണിക്കും 9 മണിക്കും രണ്ട് ഡിപ്പാർട്ട്‌മെന്റ് ഹെഡിനെ കാണണം എന്നാണ്. അതുകഴിഞ്ഞ് മെഡിസിൻ തരുമായിരിക്കും...' എന്ന്.

ആക്‌സിഡന്റ് നടന്ന ഒരാൾക്ക് കൃത്യമായി മെഡിസിൻ നൽകാത്തത് എന്തായിരിക്കും, ഇനി ഇങ്ങനെയൊക്കെ ആയിരിക്കുമോ ഇവിടുത്തെ രീതി എന്നൊക്കെ ആലോചിച്ച് കൂടെയുള്ള ഞങ്ങൾ നിന്നും ഇരുന്നും നടന്നും നേരം വെളുപ്പിച്ചു.

അങ്ങനെ അടുത്ത ദിവസം രാവിലെ 8 മണിക്ക് ആക്‌സിഡന്റായ ആളുമായി ഞാൻ ആദ്യം കണ്ണിന്റെയും പിന്നെ പല്ലിന്റെയും തലവന്മാരെ കണ്ടെത്താൻ യാത്ര ആരംഭിച്ചു. കണ്ണിന്റെ ടീമിനെ കണ്ടുകഴിഞ്ഞ് പല്ലിന്റെ മേലധികാരിയെ കാണാൻ ശ്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന MS സ്റ്റുഡന്റ് ഡോക്ടേഴ്‌സ് ടീംസ് ഞങ്ങളോട് പറഞ്ഞു: 'ഇത് സർജറി വേണ്ടിവരും. എന്നാലും സാർ വരട്ടെ; നിങ്ങൾ പുറത്ത് വെയ്റ്റ് ചെയ്യൂ...' എന്ന്.

ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ അതായത് ആക്‌സിഡന്റായ ആൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ വന്നിട്ട് 26 മണിക്കൂറോളം കഴിഞ്ഞപ്പോഴും മുറിവ് തുന്നിക്കെട്ടിയതല്ലാതെ മറ്റ് മരുന്നുകൾ നൽകാത്ത കാര്യം അവിടെയുണ്ടായിരുന്ന യുവഡോക്ടേഴ്സിനോട് പറഞ്ഞു. അവർ കുറിപ്പടികളൊക്കെ നോക്കിയിട്ട് പറഞ്ഞു 'എല്ലിന്റെ ഡോക്ടർ ഇത്ര മെഡിസിൻ കഴിക്കാൻ എഴുതിയല്ലോ, കണ്ണിന്റെ ഡോക്ടർ ഇത്ര മരുന്നുകൾ എഴുതിയല്ലോ, പിന്നെന്താ നിങ്ങൾ വാങ്ങാതിരുന്നത്?'

'ഞങ്ങൾ ഈ 26 മണിക്കൂറിലും നിങ്ങൾ ഓരോരുത്തരോടും പറയുന്നത് അപകടം പറ്റി ഇത്രയേറെ ബ്ലഡ് പോയ ഒരാൾക്ക് നിങ്ങൾ ഇതുവരെയും മെഡിസിൻ നൽകിയിട്ടില്ല എന്ന് തന്നെയല്ലേ? നിങ്ങൾ പഠിക്കുന്നത്, പ്രവർത്തിക്കുന്നത് അവശനായി വരുന്ന ഒരാളെ പഞ്ഞിക്കിട്ടുകൊണ്ടാണോ അതോ അയാളുടെ ജീവൻ രക്ഷിക്കാനാണോ? ഞങ്ങൾ പണവുമായി ഇത്രനേരവും ഇയാളുടെ കൂടെയുണ്ടല്ലോ, എത്ര തവണ ചോദിച്ചു മരുന്നുകൾ എന്തെങ്കിലും പുറത്തുനിന്നും വാങ്ങാനുണ്ടോ എന്ന്.... നിങ്ങളുടെ നഴ്സസ് ഇതൊക്കെയല്ലേ ആദ്യം ചെയ്യേണ്ടത്? ഇരിക്കാതെ, ഉറങ്ങാതെ, ഭക്ഷണം കഴിക്കാതെ ഞങ്ങൾ ഈ 26 മണിക്കൂറും ഇദ്ദേഹത്തിന്റെ കൂടെയുണ്ട്. സത്യത്തിൽ ഇതെന്ത് മെഡിക്കൽ കോളേജാണ്? സർജറി വേണമെങ്കിൽ ഇന്നലെ ഈ റിപ്പോർട്ട് നിങ്ങൾ കണ്ടപ്പോൾ പറയാമായിരുന്നല്ലോ? നിങ്ങളുടെ സാർ വീട്ടിൽ പോയെങ്കിൽ ഞാൻ അദ്ദേഹത്തെ വീട്ടിൽ ചെന്ന് കണ്ട് ഈ റിപ്പോർട്ട് കാണിക്കുമായിരുന്നല്ലോ...' എന്നും ചോദിച്ചു.

ഞങ്ങളുടെ അമർഷം രേഖപ്പെടുത്തിയെങ്കിലും ഈ അവസാന മണിക്കൂറിൽ അവരുടെ പണി ഞങ്ങൾ ഇരന്നുവാങ്ങേണ്ട എന്ന് കരുതി സംയമനം പാലിച്ചു. എന്നാൽ പല്ലിന്റെ മേലധികാരി ഏതോ മീറ്റിങ്ങിൽ ആണെന്നും ഇനിയും വരാൻ താമസിക്കുമെന്നും പറഞ്ഞപ്പോൾ 26 മണിക്കൂറിലും മെഡിസിൻ നൽകാതെ അപകടത്തിൽപ്പെട്ട ഒരാളെ ട്രീറ്റ് ചെയ്ത വിവരം വിളിച്ച് പറയാൻ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നമ്പർ ഗൂഗിളിൽ തപ്പി. അതിൽ രേഖപ്പെടുത്തിയ ലാന്റ് ഫോണിൽ വിളിച്ചപ്പോൾ അത് വർക്ക് ചെയ്യുന്നില്ല. സൈറ്റിൽ നൽകിയ സൂപ്രണ്ടിന്റെ മൊബൈൽ നമ്പരിൽ വിളിച്ചപ്പോൾ അത് സ്വിച്ച്-ഓഫ്.

എങ്കിൽ പിന്നെ ആരോഗ്യമന്ത്രിയെ വിളിക്കാമെന്ന് കരുതി. ആദ്യം ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്ജിന്റെ ഓഫീസ്സ് നമ്പരിൽ വിളിച്ചു. മാന്യമായ സംഭാഷണം. കാര്യങ്ങൾ വിശദമായി പറഞ്ഞു. 'ആലപ്പുഴ മെഡിക്കൽ കോളേജിൽ 26 മണിക്കൂറായിട്ടും ആക്‌സിഡന്റിൽപ്പെട്ട ഒരാൾക്ക് മെഡിസിൻ നൽകാതെ അയാൾ മരണപ്പെട്ടാൽ സൂപ്രണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കുമോ, അതോ ഈ പല്ലിന്റെയും കണ്ണിന്റെയും എല്ലിന്റെയും മേലധികാരികളെല്ലാരും കൂടി ആ കൊലപാതകം ഏറ്റെടുക്കുമോ? മിനിസ്റ്ററിന്റെ ഓഫീസ് ഇതിൽ അടിയന്തിരമായി ഇടപെടണം, ഞങ്ങൾ ഇദ്ദേഹത്തെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി. ആലപ്പുഴ മെഡിക്കൽ കോളേജിനേക്കാൾ എത്രയോ ഭേദമാണ് ചില പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ എന്നൊക്കെ ചോദിച്ചു. അദ്ദേഹം വളരെ സ്‌നേഹത്തോടെ, കരുതലോടെ ഞങ്ങളുടെ പേരുവിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവ വാങ്ങിയിട്ട് പറഞ്ഞു: 'ഈ ഓഫീസ്സ് നിങ്ങളുടെ കാര്യത്തിൽ ഇപ്പോൾത്തന്നെ അടിയന്തിര ഇടപെടൽ നടത്തുന്നതാണ്' എന്ന്.

ചുവപ്പ് നാടയിൽ ജീവിതങ്ങൾ കുരുങ്ങിക്കിടക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഈ ഫോൺ വിളിയിൽ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്ന് വിചാരിച്ച് ഞങ്ങളുടെ വിലപ്പെട്ട 26 മണിക്കൂർ ഇവന്മാർ കാരണം നഷ്ടപ്പെട്ടല്ലോ എന്നോർത്ത് വിഷമിച്ചിരുന്നപ്പോൾ മീറ്റിങ്ങിൽ നിന്ന് പല്ലിന്റെ മേലധികാരി ആദ്യം ഓടിവന്നു. അടുത്ത മിനിറ്റിൽ കേൾക്കുന്നു, താഴെ കാഷ്വാലിറ്റിയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് PRO ഞങ്ങളെ അന്വേഷിച്ച് ഓടിനടക്കുന്നു. പിന്നെ അദ്ദേഹം ഒബ്സർവേഷൻ വാർഡിലെത്തി അന്വേഷിക്കുന്നു. സൂപ്രണ്ട് എല്ലാരേയും വിളിച്ച് അന്വേഷിക്കുന്നു.

പുറത്ത് രോഗിക്ക് ഒരു ജ്യൂസ് വാങ്ങാൻ പോയ എന്നെ പല്ലിന്റെ വിഭാഗത്തിലെ ആരോ മൊബൈലിൽ വിളിച്ച് പറയുന്നു 'വരൂ.... സാർ കാണാൻ വെയ്റ്റ് ചെയ്യുന്നു' എന്ന്.

സത്യത്തിൽ ശ്രീമതി വീണാ ജോർജ്ജിനെയും അവരുടെ ബഹുമാനപ്പെട്ട ആ ഓഫീസ് സ്റ്റാഫിനെയും അപ്പോൾ കാണാൻ സാധിച്ചിരുന്നെങ്കിൽ അവരുടെ മുന്നിൽ ഞങ്ങൾ കൈകൾ കൂപ്പി നിന്നേനെ കാരണം, ആലപ്പുഴ മെഡിക്കൽ കോളേജ് ഇത്രയേറെ കുത്തഴിഞ്ഞ, യാതൊരു നിലവാരവുമില്ലാത്ത, സാധാരണക്കാരന് ഭിക്ഷപോലെ എന്തെങ്കിലുമൊക്കെ കിട്ടുന്ന ഒന്നാണെന്ന് അവർ തിരിച്ചറിഞ്ഞല്ലോ. അത്രയേറെ സന്തോഷമായിരുന്നു ഞങ്ങൾക്ക്.

ആലപ്പുഴ മെഡിക്കൽ കോളേജിന്റെ വികസനത്തിനായി കേരളാ സർക്കാർ കോടിക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്. അതൊക്കെ എന്തിന് വേണ്ടിയാണ്? റോഡ് സൈഡിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ വീണുകിടക്കുന്ന ഒരാളെ ആരെങ്കിലും പൊക്കിയെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നാലുള്ള സ്ഥിതി ഞങ്ങളുടെ ഈ ദുരനുഭവം വെച്ച് ഭീതിപ്പെടുത്തുന്നതാണ്. കൂടെ ആളും പണവും ഉണ്ടായിട്ടും ഞങ്ങൾക്ക് 26 മണിക്കൂറും മെഡിസിൻ ലഭിച്ചില്ലെങ്കിൽ കൂടെ ഒരാളോ, പണമോ ഇല്ലാത്തവന്റെ ഗതി എന്തായിരിക്കുമെന്ന് ഒരു നിമിഷം ഒന്ന് ചിന്തിച്ചുനോക്കൂ...

പ്രിയപ്പെട്ട ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട്; നിങ്ങൾ ആരോ ആയിക്കോട്ടെ. അടിയന്തിരമായി നിങ്ങൾ പ്രാവർത്തികമാക്കേണ്ട ചില കാര്യങ്ങൾ ചുവടെ കുറിക്കുന്നു. നിങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ ചെയ്ത് കാണിക്കൂ::

1) കാഷ്വാലിറ്റിയിൽ നിന്നും കൊണ്ടുചെല്ലുന്ന രോഗിക്ക് എക്‌സ്‌റേ എടുക്കാനും പണമടക്കാനും പ്രത്യേകമായ ഏകജാലക സംവിധാനം ഏർപ്പെടുത്തണം

2) കാഷ്വാലിറ്റിയിൽ നിന്നും കൊണ്ടുചെല്ലുന്ന രോഗിക്ക് രക്തം പരിശോധിക്കാനും പണമടക്കാനും പ്രത്യേക ഏകജാലക ക്വിക്ക് സംവിധാനം ഏർപ്പെടുത്തണം

3) കൂടെ ആളില്ലാത്ത, അപകടത്തിൽ പെട്ടവർക്ക് പ്രത്യേക ശ്രദ്ധ നൽകാൻ നിങ്ങൾ ആരെയെങ്കിലും ഉടൻ നിയമിക്കണം

4) കാഷ്വാലിറ്റി, ഒബ്സർവേഷൻ വാർഡ് എന്നിവിടെയുള്ള രോഗികളെ നിരീക്ഷിക്കാൻ, അവരുടെ മെഡിസിൻ വിവരങ്ങൾ ചോദിച്ചറിയാൻ താങ്കൾ നിയമിച്ച ആൾക്ക് സാധിക്കണം

5) മെഡിക്കൽ കോളേജ് സൂപ്രണ്ട് വല്ലപ്പോഴും ഒന്ന് ഇവിടെയൊക്കെ കറങ്ങി ഇവിടെ നടക്കുന്ന കെടുകാര്യസ്ഥത നേരിട്ട് മനസ്സിലാക്കാൻ ശ്രമിക്കണം

6) എക്‌സ്‌റേ എടുക്കാൻ രജിസ്റ്റർ ചെയ്യുന്ന സ്ഥലത്തെ അശാസ്ത്രീയ ക്യൂ സിസ്റ്റം, പിന്നെ എക്‌സ്‌റേ എടുത്തവർക്ക് അത് വിളിച്ചുകൊടുക്കുന്ന പതിനെട്ടാംനൂറ്റാണ്ടിലെ രീതി എന്നതൊക്കെ താങ്കൾ നേരിട്ടുകണ്ട് ബോദ്ധ്യപ്പെട്ട് ആവശ്യമായ പരിഷ്‌ക്കാരം ഉടൻ ചെയ്യണം

ഇനി സർക്കാരിനോട്::

അപകടത്തിൽ അല്ലെങ്കിൽ അത്യാഹിത ചികിൽസ തേടിയെത്തുന്ന മൃതപ്രായരായ രോഗികൾക്കോ കൂട്ടിരിപ്പുകാർക്കൊ വേണ്ട സഹായം അതത് സമയം കിട്ടുന്നുണ്ടെന്ന് ദയവായി ഉറപ്പാക്കണം. മെഡിക്കൽ കോളജുകാർക്ക് ഇത് നിത്യ തൊഴിൽ അഭ്യാസമായിരിക്കാം. രോഗികളേക്കാൾ നീറിയും വലഞ്ഞും കഴിയുന്നവർക്ക് മെഡിക്കൽ കോളജ് വാഴുന്ന ഇത്തരം റൗഡികളുടെ കെടുകാര്യസ്ഥതയുള്ള നടപടികൾ സഹിക്കാനാകുന്നതിനും അപ്പുറമാണ്. കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് സ്റ്റാഫിനെയും നിയമിച്ചാലും ഇവരൊക്കെ ഇങ്ങനെയോ ചെയ്യൂ എന്ന് വാശി പിടിക്കുമ്പോൾ സർക്കാരാണ് പ്രതിക്കൂട്ടിലാകുന്നതെന്ന തിരിച്ചറിവ് ഉണ്ടാകണം. ഇവന്മാരൊക്കെ ചെയ്യേണ്ട ജോലികൾ കൃത്യമായി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാൻ സ്വതന്ത്ര പരിശോധനാ സംഘത്തെ എത്രയും വേഗം നിയമിക്കണം.

മറ്റു വകുപ്പുകളിൽ നിന്നും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ അധിക ചുമതല നൽകിയെങ്കിലും നിയമിക്കാം. എല്ലാ മെഡിക്കൽ കോളജുകളിലും ജില്ലാ, ജനറൽ ഹോസ്പിറ്റലുകളിലും ഈ സംവിധാനം ഏർപ്പെടുത്തിയാൽ മാത്രമേ ഇത്തരത്തിലുള്ള തെമ്മാടിത്തരം അവസാനിപ്പിക്കാൻ കഴിയൂ....