പത്തനംതിട്ട: ചതി, വഞ്ചന, 52 വര്‍ഷത്തെ ബാക്കിപത്രം..ലാല്‍സലാം എന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിടുകയും പരസ്യ പ്രതികരണം നടത്തുകയും ചെയത് മുന്‍ എം.എല്‍.എയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കി.

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ.തോമസ് ഐസക്, സി.എസ്. സുജാത, പുത്തലത്ത് ദിനേശന്‍, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു എന്നിവര്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പത്മകുമാറിന്റെ ഒഴിവില്‍ ആരെയും തെരഞ്ഞെടുത്തിട്ടില്ല.

കോമളം അനിരുദ്ധന്‍, സി. രാധാകൃഷ്ണന്‍ എന്നിവര്‍ പുതുതായി സെക്രട്ടറിയേറ്റില്‍ എത്തി. മുന്‍ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, നിര്‍മലാദേവി എന്നിവര്‍ക്ക് പകരമാണ് കോമളം അനിരുദ്ധനും സി. രാധാകൃഷ്ണനും സെക്രട്ടറിയേറ്റില്‍ സ്ഥാനം പിടിച്ചത്. പത്മകുമാറിന്റെ ഒഴിവില്‍ ആരെയും പരിഗണിച്ചില്ല. അദ്ദേഹത്തിന് എതിരായ നടപടി സംസ്ഥാന കമ്മറ്റി തീരുമാനിച്ച് കീഴ്ഘടകത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മാത്രമാകും ജില്ലാ സെക്രട്ടറിയേറ്റിലെ ഒഴിവ് നികത്തുക. പി.ബി. ഹര്‍ഷകുമാര്‍ അധ്യക്ഷത വഹിച്ചു.