പത്തനംതിട്ട: സ്വര്‍ണപ്പാളി മോഷണത്തില്‍ ഉത്തരവാദി തിരുവാഭരണ കമ്മീഷണറെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍..ഒന്നര കിലോ സ്വര്‍ണം അമ്പതു പവനായി കുറഞ്ഞുവെങ്കില്‍ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണറാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയില്‍ ഇനിയും പലതും കലങ്ങി തെളിയാന്‍ ഉണ്ട്. അന്വേഷണം നടക്കട്ടെയെന്നും പത്മകുമാര്‍ ആവര്‍ത്തിച്ചു.

ഒരു പ്രസിഡന്റ് വിചാരിച്ചാല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണം അടിച്ചുമാറ്റാന്‍ പറ്റില്ലെന്ന് നാട്ടുകാര്‍ക്ക് അറിയാവുന്നകാര്യമാണെന്ന് എ പത്മകുമാര്‍ പറഞ്ഞു. വിജയ് മല്യ ചുമതലപ്പെടുത്തിയ തൊഴിലാളികളിലും സംശയം പത്മകുമാര്‍ പ്രകടിപ്പിച്ചു. 1999ല്‍ സ്വര്‍ണപ്പാളി വെക്കാന്‍ വേണ്ടി വിജയ് മല്യ ചുമതലപ്പെടുത്തിയവര്‍ കിലോ കണക്കിന് സ്വര്‍ണത്തിന്റെ കണക്ക് പറയുന്നു. അതും പരിശോധിക്കട്ടെ. അന്നത്തെ കാലത്ത് ചെയ്തവരും ചെയ്യിപ്പിച്ചവരും ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്ന് എ.പത്മകുമാര്‍ ആവശ്യപ്പെട്ടു.

അതേസമയം, സ്വര്‍ണപ്പാളിയില്‍ എല്ലാകാര്യങ്ങളും അന്വേഷിക്കട്ടയെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് പ്രതികരിച്ചു. സ്‌പോണ്‍സര്‍മാരുടെ കാര്യത്തില്‍ ഇനി വ്യവസ്ഥ കൊണ്ടുവരും.ഉണ്ണികൃഷ്ണന്‍ പോറ്റി ദുരൂഹതയുള്ളയാളാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തള്ളിപ്പറയാന്‍ വി.ഡി.സതീശന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.2019ല്‍ നടന്നതൊക്കെ അന്വേഷിക്കട്ടെ. വ്യവസ്ഥയോട് കൂടിയാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സ്വര്‍ണപ്പാളി മോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസു. ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വര്‍ണപ്പണി പൂര്‍ത്തിയാക്കിയ ശേഷം കുറച്ച് സ്വര്‍ണം ബാക്കിയുണ്ടെന്നും , ഇത് മറ്റ് ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടിയുള്ളതായിരുന്നു മെയില്‍.കത്ത് താന്‍ നോട്ട് എഴുതി ദേവസ്വം കമ്മീഷണര്‍ക്ക് വിട്ടെന്നും,പിന്നീട് കോവിഡ് കാലമായതിനാല്‍ എന്തായെന്ന് അറിയില്ലെന്നും എന്‍.വാസു പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വ്യക്തിപരമായ ഒരു ബന്ധമില്ല. സ്വര്‍ണ പാളി കൊണ്ട് പോകുന്നത് തന്റെ കാലയളവില്‍ അല്ലെന്നും അതുകൊണ്ടാണ് വിഷയത്തില്‍ അഭിപ്രായം പറയാതിരുന്നതെന്നും എന്‍.വാസു പറഞ്ഞു. സ്‌പോണ്‍സര്‍ എന്ന നിലയിലാ പോറ്റിയെ പരിചയമുള്ളത്. നിരവധി സ്‌പോണ്‍സര്‍മാര്‍ ശബരിമലയില്‍ ഉണ്ടാകാറുണ്ട്.അവരെ പറ്റി കൂടുതല്‍ അന്വേഷണം നടത്തല്‍ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.