ചെന്നൈ: ചെന്നൈയിൽ നടന്ന 'മറക്കുമാ നെഞ്ചം' സംഗീതപരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ സംഘാടക പിഴവിനെതിരെ അമർഷം അണപൊട്ടിയതോടെ പ്രതികരിച്ചു സംഗീത സംവിധായകൻ എ ആർ റഹ്മാൻ. ഷോ കാണാൻ കഴിയാതെ കരയുന്ന കുഞ്ഞുങ്ങളുടെ അടക്കം ചിത്രങ്ങൾ സൈബറിടത്തിൽ പ്രചരിച്ചതോടെയാണ് വിഷയത്തിൽ മാപ്പു പറഞ്ഞ് റഹ്മാൻ രംഗത്തുവന്നത്. തന്റെ പരിപാടിക്കിടെ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായതിൽ താൻ ഏറെ അസ്വസ്ഥനാണെന്നും എന്നാൽ സംഭവത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും റഹ്മാൻ പറഞ്ഞു. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ പ്രതികരണം.

'സംഗീതസംവിധായകൻ എന്ന നിലയിൽ എന്റെ ജോലി ഗംഭീരമായി ഷോ ചെയ്യുക എന്നതുമാത്രമായിരുന്നു. കഴിഞ്ഞതവണത്തേതുപ്പോലെ മഴ പെയ്യരുത് എന്നതുമാത്രമായിരുന്നു എന്റെ ചിന്തയും ആഗ്രഹവും. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞില്ല. ഉള്ളിൽ സന്തോഷിച്ച് വേദിയിൽ പ്രകടനം നടത്തുകയായിരുന്നു ഞാൻ. നല്ല ഉദ്ദേശ്യത്തോടെയാണ് എല്ലാം ചെയ്തത്. പക്ഷേ ആളുകളുടെ പ്രതികരണം എല്ലാവരുടേയും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നുവെന്ന് മനസ്സിലായി,' എ.ആർ.റഹ്മാൻ പറഞ്ഞു.

ആയിരക്കണക്കിന് പേരാണ് 'മറക്കുമാ നെഞ്ചം' പരിപാടി കാണാനെത്തിയത്. അയ്യായിരവും പതിനായിരവും മുടക്കി ടിക്കറ്റെടുത്തെങ്കിലും പലർക്കും വേദിയുടെ അടുത്തുപോലും എത്താൻ സാധിച്ചില്ല. ടിക്കറ്റ് എടുത്തവർ എത്തുന്നതിനു മുന്നേ അവരുടെ സീറ്റുകൾ മറ്റു ചിലർ കയ്യേറിയെന്നാണ് ആക്ഷേപം. ഇത് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നു ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം അണപൊട്ടി. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് സംഘാടകർ രംഗത്തെത്തി.

സംഗീതപരിപാടി നടക്കുന്ന ഹാളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ ആളുകൾക്ക് ടിക്കറ്റുകൾ വിതരണം ചെയ്തതാണ് കാരണമെന്നാണ് ഉയർന്ന പ്രധാന ആക്ഷേപം. സാധുവായ ടിക്കറ്റ് കൈവശമുണ്ടായിട്ടും തങ്ങൾക്ക് സംഗീതപരിപാടി നടക്കുന്നിടത്തേക്ക് പ്രവേശനം ലഭിച്ചില്ലെന്ന് നിരവധി പേർ സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി.

നിരാശരായ എആർ റഹ്മാൻ ആരാധകർ സംഗീതപരിപാടി നടക്കുന്നിടത്തുനിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും എക്സിലൂടെ പങ്കുവെച്ചു. എ.ആർ റഹ്മാന്റെ ടീമിനെയും അവർ കുറ്റപ്പെടുത്തി. '2000 രൂപ ടിക്കറ്റെടുത്ത ആരാധകർക്ക് സംഗീതപരിപാടി നടക്കുന്നിടത്തേക്ക് പ്രവേശിക്കാൻ പോലും കഴിഞ്ഞില്ല,'' സംഭവസ്ഥലത്തുനിന്നുള്ള വീഡിയോ അടക്കം ചേർത്തുകൊണ്ട് ഒരാൾ എക്സിൽ പോസ്റ്റ് ചെയ്തു. വളരെ മോശം രീതിയിൽ സംഘടിപ്പിച്ച സംഗീതപരിപാടിയായിരുന്നു. പണവും ഊർജവും നഷ്ടമായി. വഞ്ചിക്കപ്പെടുകയും ചെയ്തു. പരിപാടി നടക്കുന്നിടത്ത് വലിയതോതിലുള്ള വഴക്കുകളും ചീത്തവിളികളും ഉണ്ടായി. ഇത് വലിയ മാനസിക സമ്മർദം എനിക്കുണ്ടാക്കി,-മറ്റൊരു ആരാധകർ എക്സിൽ കുറിച്ചു.

'എആർ റഹ്മാന്റെ നേതൃത്വത്തിൽ നടന്ന ഏറ്റവും മോശം സംഗീതപരിപാടിയായിരുന്നു അത്. മനുഷ്യത്വത്തെ ബഹുമാനിക്കൂ. എന്നിലെ 30 വർഷത്തെ ആരാധകൻ ഇന്ന് മരിച്ചു. മറക്കുമാ നെഞ്ചം ഒരിക്കലും മറക്കില്ല. സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നയാൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ പോലും കഴിയില്ല, മറ്റൊരു ആരാധകൻ പറഞ്ഞു.

ഇങ്ങനെ അമർഷം അണപൊട്ടിയതോടെയാണ് റഹ്മാൻ പ്രതികരണവുമായി രംഗത്തുവന്നത്. സംഗീതപരിപാടി കാണാൻ ടിക്കറ്റ് എടുത്തവർ അതിന്റെ പകർപ്പ് ഇമെയിൽ അയച്ചുകൊടുക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവർ പരാതികൾ പരിഹരിക്കുകയും വിമർശനങ്ങളോടു പ്രതികരിക്കുകയും ചെയ്യുമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.