- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലഹരി ഇടപാടിൽ ബന്ധമുള്ളതായി വിവരമില്ല; അനധികൃത സ്വത്ത് സമ്പാദനത്തിനും തെളിവില്ല'; എ ഷാനവാസിന് ക്‌ളീൻ ചിറ്റ് നൽകി 'സംരക്ഷിക്കാൻ നീക്കം'; സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് വിരുദ്ധമായി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
ആലപ്പുഴ: ലഹരികടത്ത് കേസിലടക്കം ആരോപണ വിധേയനായ സിപിഎം കൗൺസിലർ എ ഷാനവാസിന് ക്‌ളീൻ ചിറ്റ് നൽകിയുള്ള ആലപ്പുഴ ജില്ല സ്‌പെഷ്യൽബ്രാഞ്ചിന്റെ റിപ്പോർട്ട് വിവാദത്തിൽ. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല. കേബിൾ കരാറുകാരൻ എന്ന നിലയിൽ നല്ല വരുമാനമുണ്ട്. കരുനാഗപ്പള്ളി കേസിൽ ഷാനവാസ് പ്രതിയല്ല. ലഹരി ഇടപാടിൽ ബന്ധമുള്ളതായി വിവരമില്ലെന്നുമാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ റിപോർട്ടിൽ പറയുന്നത്.
സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് വിരുദ്ധമാണ് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിന്റെ ബിനാമി എന്നാണ് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് റിപോർട്ട്. ക്രിമിനൽ മാഫിയാ, ലഹരി ഇടപാട് ബന്ധം ഉണ്ടന്നും റിപോർട്ടിലുണ്ടായിരുന്നു. ഇതെല്ലാം തള്ളിയാണ് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി റിപ്പോർട്ട് നൽകിയിരിക്കുന്നത്. സിപിഎം നേതാവിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.
ലഹരി ഇടപാടിൽ ഷാനവാസിന് ബന്ധമുണ്ടെന്നത് തെളിവില്ല, ലഹരി വസ്തുക്കൾ കടത്തിയ വാഹനം വാടകക്കെടുത്ത ജയനും കേസിൽ പ്രതിയല്ലെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്.
ജനുവരി രണ്ടാം വാരമാണ് സിപിഎം കൗൺസിലറുടെ വാഹനത്തിൽ ഒന്നരക്കോടി രൂപയുടെ ലഹരിവസ്തുക്കൾ കടത്തിയത്. കരുനാഗപ്പള്ളിയിൽ വച്ചാണ് രണ്ട് ലോറികളിലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കൾ പിടികൂടുന്നത്.
പൊലീസ് നടത്തിയ പരിശോധനയിൽ ഒരു വാഹനത്തിന്റെ ഉടമ സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ സെന്റർ അംഗവും നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ എ ഷാനവാസാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ ഇടുക്കി സ്വദേശിയായ പുത്തൻ പുരയ്ക്കൽ ജയൻ എന്നയാൾക്ക് താൻ വാഹനം വാടകയ്ക്ക് നൽകിയതാണെന്നും ലഹരി കടത്തിൽ തനിക്ക് പങ്കില്ലെന്നുമായിരുന്നു ഷാനവാസ് നൽകിയ വിശദീകരണം. ലഹരി വസ്തുക്കൾ കടത്തിയ കേസിലെ പ്രതികളിൽ രണ്ട് പേര് സിപിഎം പ്രാദേശിക നേതാക്കളായതും പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതുസംബന്ധിച്ച് പാർട്ടിയുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ പാർട്ടി കമ്മീഷൻ ലഹരിക്കടത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.
അനധികൃതമായി എത്തിച്ച ഒരു കോടി രൂപയുടെ പാന്മസാലയാണ് കരുനാഗപ്പള്ളിയിൽ വെച്ച് പൊലീസ് പിടികൂടിയത്. പച്ചക്കറികൾക്കൊപ്പം ലോറികളിൽ കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങളാണ് രണ്ടു ലോറികളിൽ നിന്നായി പിടികൂടിയത്. കരുനാഗപ്പള്ളി പൊലീസ് പിടികൂടിയ കെ എൻ 04, എ ടി 1973 എന്ന ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്.
ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് ലഹരി വസ്തുക്കൾ കടത്തിയതതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കർണാടകയിൽ നിന്നാണ് പാന്മസാലകൾ എത്തിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. സവാള ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാക്കറ്റുകൾ. 98 ചാക്കുകളിലായി 1,27, 410 പാക്ക് നിരോധിത പാൻ മസാല പാക്കറ്റുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്.
ആരോപണങ്ങൾ ഉയർന്നതോടെ ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയത രൂക്ഷമായിരുന്നു. ലഹരിക്കടത്ത് കേസിന് പിന്നാലെ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫോണിലെ സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങൾ ചർച്ചയായതും വിഭാഗീയതയ്ക്ക് കാരണമായി.
മന്ത്രി സജി ചെറിയാൻ പക്ഷക്കാരനായ ഷാനവാസിനെ പുറത്താക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ സെക്രട്ടറി ആർ. നാസർ ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷവും ഇത് എതിർക്കുകയായിരുന്നു. ഷാനവാസിനെതിരെ തെളിവില്ലെന്ന് സജി ചെറിയാൻ പ്രതികരിക്കുക കൂടി ചെയ്തതോടെ ആലപ്പുഴ സിപിഎം പൂർണമായും രണ്ട് തട്ടിലായി. കുട്ടനാട് ഏരിയ കമ്മിറ്റിക്ക് കീഴിൽ നിന്ന് 289 പേർ പാർട്ടി വിട്ടതിന് കാരണവും സിപിഎമ്മിലെ ചേരിപ്പോര് തന്നെയാണ്.
മറുനാടന്‍ മലയാളി ബ്യൂറോ