- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈവശമുള്ള ഭൂമിക്കും ഇനി ആധാർ; ഭൂ ആധാർ വഴി രാജ്യത്തെ സ്ഥലങ്ങളെ ഡിജിറ്റലായി രേഖപ്പെടുത്താൻ കേന്ദ്രസർക്കാർ; ഒരുങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ ഭൂവിവര ഡാറ്റാബേസ്; നടപ്പാക്കാൻ നാലുവർഷത്തെ സാവകാശം തേടി കേരളം
ന്യൂഡൽഹി: ഭൂ ആധാർ വഴി രാജ്യത്തെ സ്ഥലങ്ങളെ ഡിജിറ്റലായി രേഖപ്പെടുത്താൻ കേന്ദ്രസർക്കാർ. കൈവശമുള്ള ഭൂമിക്ക് ആധാർ നമ്പർ എന്നു വിശേഷിപ്പിക്കുന്ന യുണീക് ലാൻഡ് പാഴ്സൽ ഐഡന്റിഫിക്കേഷൻ നമ്പർ (യുഎൽപിഐഎൻ) നൽകുന്ന രീതി എല്ലാ വില്ലേജുകളിലും 2024 മാർച്ച് 31ന് മുൻപ് പൂർത്തിയാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
ഓരോ സ്ഥലത്തിനും 14 അക്ക ഐഡി നൽകുന്നതാണ് യുഎൽപിഐഎൻ പദ്ധതി. ഈ നമ്പർ ഉപയോഗിച്ച് രാജ്യത്തെ എല്ലായിടത്തുമുള്ള ഭൂമി സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കുകയാണ് ലക്ഷ്യം. 9.026 കോടി യുഎൽപിഐഎൻ വെറും ഒരു വർഷത്തിനുള്ളിൽ ജനറേറ്റ് ചെയ്തു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ചെറിയ തോതിൽ മാത്രമാണ് പദ്ധതി തുടങ്ങിയിട്ടുള്ളത്.
ഭൂമിയുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പലതരം ഡേറ്റ ഈ നമ്പറുമായി ബന്ധിപ്പിക്കും. ഭൂമി ഈട് വച്ച് വായ്പയെടുത്തിട്ടുണ്ടെങ്കിൽ അക്കാര്യവും ഈ നമ്പറിലേക്കു ബന്ധിപ്പിക്കും. ചുരുക്കത്തിൽ ഒരു ഭൂമി ഉപയോഗിച്ച് വ്യത്യസ്ത വായ്പകളെടുക്കുന്ന രീതിയും നിലയ്ക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. യുഎൽപിഐഎൻ നമ്പറിൽ അതിന്റെ ഉടമയുടെ വിവരം അടക്കം ലഭ്യമായിരിക്കും.
കൂട്ടായ ഉടമസ്ഥാവകാശം (കമ്യൂണിറ്റി ലാൻഡ് ഓണർഷിപ്) നിലനിൽക്കുന്ന മേഘാലയ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി തുടങ്ങാത്ത സംസ്ഥാനങ്ങളിൽ അടുത്ത ഒരു മാസത്തിനുള്ളിൽ ആരംഭിക്കാനാണ് കേന്ദ്ര ലാൻഡ് റവന്യു വകുപ്പിന്റെ നിർദ്ദേശം.
ഹോസ്ദുർഗ്, പത്തനാപുരം എന്നിവിടങ്ങളിൽ ഓരോ വില്ലേജുകളിൽ യുഎൽപിഐഎൻ നടപ്പാക്കിത്തുടങ്ങിയെന്നാണു കേന്ദ്ര ലാൻഡ് റവന്യു പോർട്ടൽ വ്യക്തമാക്കുന്നത്. ഭൂമിയിടപാടുകൾക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് യുഎൽപിഐഎൻ നടപ്പാക്കുന്നത്. ഈ നമ്പറായിരിക്കും എല്ലാത്തരം ഭൂമിയിടപാടുകൾക്കും അടിസ്ഥാനം.
എന്നാൽ, പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ പദ്ധതി നടപ്പാക്കാൻ നാലുവർഷത്തെ സാവകാശംവേണമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും പങ്കെടുപ്പിച്ച് കേന്ദ്ര ഗ്രാമീണവികസനമന്ത്രാലയം സംഘടിപ്പിച്ച ഭൂ ആധാർ ദേശീയസമ്മേളനത്തിലാണ് കേരളം നിലപാട് അറിയിച്ചത്.
ഭൂ ആധാർ വഴി രാജ്യത്തെ സ്ഥലങ്ങളെ ഡിജിറ്റലായി രേഖപ്പെടുത്തുമ്പോൾ അതു ലോകത്തെ ഏറ്റവും വലിയ ഭൂവിവര ഡേറ്റാബേസായി മാറുമെന്ന് സമ്മേളനത്തിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. ഡിജിറ്റൽവത്കരണം പൂർത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളും കോടതിവ്യവഹാരങ്ങളും കുറയും.
രാജ്യത്ത് ഭൂമിയുടെ രജിസ്ട്രേഷന്റെ കംപ്യൂട്ടർവത്കരണം 94 ശതമാനം പൂർത്തിയായതായി ഭൂവിഭവവകുപ്പ് സെക്രട്ടറി അജയ് തിർക്കെ യോഗത്തിൽ അറിയിച്ചു. ഒൻപതുകോടി ലാൻഡ് പാഴ്സലുകൾക്ക് ഇപ്പോൾ ഭൂ ആധാറുണ്ട്. ഭൂരേഖകൾ വൈകാതെ 22 ഭാഷകളിൽ ലഭ്യമാക്കും. നിലവിൽ 26 സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കിത്തുടങ്ങി. സമൂഹഉടമസ്ഥാവകാശം (കമ്യൂണിറ്റി ലാൻഡ് ഓണർഷിപ്പ്) നിലവിലിരിക്കുന്ന മേഘാലയ ഒഴികെയുള്ള സംസ്ഥാനങ്ങളിലും പദ്ധതി ഉടൻ നടപ്പാക്കും. ജ്യോഗ്രഫിക് ഇൻഫർമേഷൻ മാപ്പുകളാണ് (ജി.ഐ.എം.) ഭൂ ആധാറിനായി ഉപയോഗിക്കുന്നത്.
നാലുവർഷംകൊണ്ടു പൂർത്തിയാക്കാനുദ്ദേശിച്ച് നവംബറിൽ ആരംഭിച്ച 'എന്റെ ഭൂമി' ഡിജിറ്റൽ ലാൻഡ് സർവേ പൂർത്തിയാകുമ്പോൾ എല്ലാ വില്ലേജുകളിലും ഭൂ ആധാർ നടപ്പാക്കാമെന്നാണ് കേന്ദ്രത്തെ അറിയിച്ചത്.
നൂതനസങ്കേതങ്ങളുടെ സഹായത്തോടെ ഭൂമി അളന്ന് ഡിജിറ്റലായി രേഖപ്പെടുത്തുന്നതാണ് കേരളത്തിലെ 'എന്റെ ഭൂമി' ഡിജിറ്റൽ ലാൻഡ് സർവേ പദ്ധതി. യുണീക് തണ്ടപ്പേർ സിസ്റ്റത്തിൽ ആധാർവിവരങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. നിലവിൽ 200 വില്ലേജുകളിൽ ഇതു പുരോഗമിക്കുകയാണ്. ഏപ്രിൽ അവസാനത്തോടെ 15 വില്ലേജുകളുടെ സർവേ പൂർത്തിയാക്കി മാതൃകാവില്ലേജുകളായി അവതരിപ്പിക്കും.
നാലുവർഷംകൊണ്ട് സംസ്ഥാനത്തെ എല്ലായിടവും ഉൾപ്പെടുത്തി സർവേ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (ഐ.എൽ.ഐ.എം.എസ്.) എന്ന പോർട്ടൽ വഴി ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കും. ഫലത്തിൽ 2026-ഓടെയേ ഇതു കേരളത്തിൽ പൂർണമായി നടപ്പാകാനിടയുള്ളൂ.
മറുനാടന് മലയാളി ബ്യൂറോ