- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വർഷം കൂടുമ്പോൾ ആധാർ അപ്‌ഡേഷൻ നടത്തണം; ആധാർ ബയോമെട്രിക് വിവരങ്ങളും താമസം സംബന്ധിച്ച വിവരങ്ങളും പുതുക്കാൻ ആധാർ അഥോറിറ്റി ജനങ്ങളെ പ്രേരിപ്പിക്കും; വിമാനയാത്രകൾ ആധാറുമായി ബന്ധിപ്പിക്കാനും പദ്ധതി
ന്യൂഡൽഹി: ഓരോ 10 വർഷത്തിനിടയിലും ആധാർ ബയോമെട്രിക് വിവരങ്ങളും താമസം സംബന്ധിച്ച വിവരങ്ങളും പുതുക്കാൻ ആധാർ അഥോറിറ്റി (യുഐഡിഎഐ) ജനങ്ങളെ പ്രേരിപ്പിച്ചേക്കും. വിരലടയാളത്തിലും മറ്റും പ്രായത്തിനനുസരിച്ച് വ്യത്യാസം വരുന്നതിനാലാണ് അപ്‌ഡേഷന് അവസരമൊരുക്കുന്നത്. നിലവിൽ കുട്ടികൾ 5 വയസ്സു കഴിഞ്ഞും 15 വയസ്സു കഴിഞ്ഞും ബയോമെട്രിക് അപ്‌ഡേഷൻ നടത്തണം.
അഞ്ചു വയസ്സും പതിനഞ്ച് വയസ്സും കടക്കുമ്പോഴാണ് നിലവിൽ ഇത്തരം വിവരങ്ങൾ പുതുക്കേണ്ടത്. ''ജനങ്ങൾ തങ്ങളുടെ ബയോമെട്രിക്‌സ് അടക്കമുള്ള വിവരങ്ങൾ 10 വർഷം കൂടുമ്പോൾ പുതുക്കാൻ യു.ഐ.ഡി.എ.ഐ പ്രോത്സാഹിപ്പിക്കും. 70 വയസ്സു കഴിഞ്ഞവർ പക്ഷേ, ഇതു ചെയ്യേണ്ട ആവശ്യമില്ല'' -ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മേഘാലയ, നാഗലൻഡ്, ലഡാക്ക് എന്നിവിടങ്ങളിലെ ഒരു ചെറുശതമാനം ഒഴികെ രാജ്യത്തെ ഏകദേശം മുഴുവൻ ജനങ്ങളെയും യു.ഐ.ഡി.എ.ഐ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ''ദേശീയ പൗരത്വ രജിസ്റ്റർ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മേഘാലയയിൽ പേരുചേർക്കൽ വൈകിയിരുന്നു.
നാഗാലൻഡിലെയും ലഡാക്കിലെയും ചില വിദൂര പ്രദേശങ്ങളിലുള്ളവരെയും ചേർക്കേണ്ടതുണ്ട്. 93.65 ശതമാനമാണ് പ്രായപൂർത്തിയായവരുടെ എന്റോൾമെന്റ്.'' -ഉന്നത കേന്ദ്രങ്ങൾ പറയുന്നു. ഇരട്ടിപ്പ് ഒഴിവാക്കാൻ ക്ഷേമപദ്ധതി വിതരണം ആധാർ അധിഷ്ഠിതമാക്കാൻ സംസ്ഥാനങ്ങളുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അധികൃതർ, വിമാനയാത്രകളും ആധാറുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
ആധുനിക ഡിജിറ്റൽ ഇന്ത്യയിൽ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നായി ആധാർ ഇന്ന മാറിയിട്ടുണ്ട്. എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഇപ്പോൾ ഈ 12 അക്ക അദ്വിതീയ തിരിച്ചറിയൽ നമ്പർ ആവശ്യമാണ് എന്ന വിവരം എല്ലാവർക്കും അറിയാം. സർക്കാർ സ്‌കീമുകളുടെ ആനുകൂല്യങ്ങൾ നേടുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നതിനു വരെ ഐഡന്റിറ്റി ഉറപ്പാക്കാൻ ഇന്ന് ആധാർ നമ്പർ നിർബന്ധമാണ്. ആധാറിന് ഇത്രമാത്രമം പ്രാധാന്യമുള്ള സാഹചര്യത്തിൽ ഈ രേഖയ്ക്കായി നാം നൽകിയിരിക്കുന്ന ഡാറ്റയെല്ലാം കൃത്യമായിരിക്കണം.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി ആധാർ മാറിയിരിക്കുന്നു. എല്ലാവരുടെയും ആധാർ നമ്പർ മൊബൈൽ നമ്പരുമായി ലിങ്ക് ചെയ്യണം എന്നത് കേന്ദ്ര സർക്കാർ വളരെ മുൻപേ തന്നെ നിർബന്ധമാക്കിയിട്ടുണ്ട്. ഡകഉഅകയിൽ നിന്നുള്ള അപ്ഡേറ്റുകൾ അനുസരിച്ച്, ഇത്തരത്തിൽ മൊബൈൽ ലിങ്ക് ചെയ്യുന്നത് വളരെ ലളിതമായ ഒരു പ്രക്രിയയാണ്. കൂടാതെ, നിങ്ങൾ പുതിയ നമ്പർ എടുത്തിട്ടുണ്ടെങ്കിൽ, ആധാർ നമ്പർ ഉപയോഗിച്ച് ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്.
ആധാർ കാർഡിൽ നിങ്ങളുടെ പേര്, ജനനത്തീയതി, ഫോൺ നമ്പർ, വിലാസം, 12 അക്ക തിരിച്ചറിയൽ നമ്പർ എന്നിവ അടങ്ങിയിരിക്കുന്നു. സമയാസമയങ്ങളിൽ, ഡകഉഅക ഉപയോക്താക്കളോട് അവരുടെ ആധാർ ഡാറ്റ അവലോകനം ചെയ്യാനും അവരുടെ ഡാറ്റയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപ്ഡേറ്റ് ആവശ്യമെങ്കിൽ മാറ്റങ്ങൾക്ക് അപേക്ഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്