- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുകൊല്ലം കഴിഞ്ഞ ആധാർ പുതുക്കണം; ആധാർ നിലവിൽവന്ന തുടക്കകാലത്ത് എടുത്തതിനുശേഷം മാറ്റമൊന്നും വരുത്താത്ത എല്ലാവരും പുതുക്കണമെന്നാണു നിർദ്ദേശം; ആളുകൾ തയ്യാറായില്ലെങ്കിൽ പുതുക്കൽ നിർബന്ധമാക്കും; മൂന്നു ജില്ലകളിൽ നടപടി തുടങ്ങി
ആലപ്പുഴ: പത്തുകൊല്ലം മുമ്പെടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ ആധാർ അഥോറിറ്റി നടപടി തുടങ്ങി. തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖകളുമാണ് ഇതിനായി വേണ്ടി വരിക. തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ പുതുക്കൽ തുടങ്ങിയിട്ടുണ്ട്. . ഡിസംബർ ആദ്യവാരത്തോടെ എല്ലാ ജില്ലകളിലും തുടങ്ങും. അടുത്ത തന്നെ പുതുക്കൽ നടപടി നിർബന്ധമാക്കാനും സാധ്യതയുണ്ട്.
ആധാർ നിലവിൽവന്ന തുടക്കകാലത്ത് എടുത്തതിനുശേഷം മാറ്റമൊന്നും വരുത്താത്ത എല്ലാവരും പുതുക്കണമെന്നാണു ലഭിച്ചിരിക്കുന്ന നിർദ്ദേശം. ആദ്യകാലത്ത് മേൽവിലാസ-തിരിച്ചറിയൽ രേഖകളിലെ വിവരങ്ങൾ ഓൺലൈനിൽ ചേർക്കുക മാത്രമാണു ചെയ്തിരുന്നത്. രേഖകൾ ഡിജിറ്റൈസ് ചെയ്യാൻ ലക്ഷ്യമിട്ടാണിപ്പോൾ പുതുക്കുന്നത്.
പുതുക്കൽ നിർബന്ധമാക്കി ഉത്തരവിറക്കിയിട്ടില്ല. എങ്കിലും ആളുകൾ തയ്യാറായില്ലെങ്കിൽ പുതുക്കൽ നിർബന്ധമാക്കിയേക്കുമെന്നാണു സൂചന. പേര്, വിലാസം, മൊബൈൽനമ്പർ എന്നിവയിലെ മാറ്റങ്ങളും രേഖകൾ സമർപ്പിക്കുന്നതിനൊപ്പം പുതുക്കാനാകും. ബയോമെട്രിക് വിവരങ്ങളും നൽകാം. അക്ഷയകേന്ദ്രങ്ങളിലെത്തിയോ ആധാർ അഥോറിറ്റിയുടെ വെബ്സൈറ്റിൽ കയറിയോ പുതുക്കാം. ഇതിനായി ആധാർ സോഫ്റ്റ്‌വേർ പരിഷ്‌കരിച്ചിട്ടുണ്ട്. പുതുക്കലിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആധാർ അഥോറിറ്റി പ്രാദേശികഭാഷകളിൽ ബോധവത്കരണത്തിനായി പുറത്തിറക്കി.
ആധാർ പുതുക്കലിലൂടെ സർക്കാർ വിവിധ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. ഒരുരാജ്യം ഒരുറേഷൻകാർഡ് പദ്ധതിപ്രകാരം രാജ്യത്തെവിടെനിന്നും റേഷൻ വാങ്ങാൻ ഇതിലൂടെ സാധിക്കും. 1,000 സർക്കാർ പദ്ധതികൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താനും സാധിക്കും. ബാങ്ക് അക്കൗണ്ട് തുടങ്ങാനും സിം കാർഡ് ലഭിക്കാനും എളുപ്പം സാധിക്കും. വിദ്യാർത്ഥികൾക്ക് വിവിധ സ്‌കോളർഷിപ്പുകൾ എളുപ്പത്തിൽ ലഭിക്കാനും അവസരം ഒരുങ്ങും. വായ്പ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ബാങ്കുകൾക്കു കഴിയുമെന്നതും പ്രത്യേകതയാണ്. ഐ.ടി. റിട്ടേണുകൾ എളുപ്പത്തിൽ ഇ-വെരിഫൈ ചെയ്യാം.
സ്വന്തമായി ആധാർ പുതുക്കാനും അവസരമുണ്ട്. myaadhar.uidai.gov.in എന്ന വെബ്സൈറ്റിൽ ആധാർനമ്പറും ഒ.ടി.പി.യും സഹിതം ലോഗിൻ ചെയ്യുക. തിരിച്ചറിയൽ രേഖയും വിലാസത്തിന്റെ തെളിവും അപ്ലോഡ് ചെയ്യുക. പേര്, ജനനത്തീയതി, ലിംഗം, വിലാസം എന്നിവ അപ്ലോഡ് ചെയ്യുന്ന രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. ഓൺലൈനായി 25 രൂപ ഫീസടയ്ക്കണം. സബ്മിറ്റ് ചെയ്യുംമുമ്പ് നൽകിയ വിവരങ്ങൾ വീണ്ടും പരിശോധിക്കുക. അപേക്ഷയുടെ നില പരിശോധിക്കാൻ യു.ആർ.എൻ. നമ്പർ രസീത് ഡൗൺലോഡ് ചെയ്തുസൂക്ഷിക്കണം.
തിരിച്ചറിയൽ രേഖയും മേൽവിലാസത്തിന്റെ തെളിവും അനുസരിച്ച് എന്റോൾമെന്റ് ഫോറം പൂരിപ്പിക്കുക, അപേക്ഷ സമർപ്പിക്കുംമുമ്പ് വിവരങ്ങൾ സ്വയംപരിശോധിക്കുക. ഫീസായി 50 രൂപ നൽകണം. രസീതു സൂക്ഷിക്കുക. വിവരങ്ങൾക്ക് 1947 എന്ന നമ്പറിൽ വിളിക്കുകയോ help@uidai.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുകയോ ചെയ്യാം.
മറുനാടന് മലയാളി ബ്യൂറോ