ന്യൂഡൽഹി: ഒരു പ്യൂണിനെപ്പോലും നിയമിക്കാനോ ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനോ തനിക്ക് കഴിയുന്നില്ലെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരാതി തീരുന്നു. ഡൽഹിയിൽ ഭരണപരമായ അധികാരം ഡൽഹി സർക്കാരിനെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ കടുത്ത നടപടിയുമായി മുഖ്യമന്ത്രി കേജ്രിവാൾ. സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥനെ സർക്കാർ വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ സ്ഥലം മാറ്റി. സേവന വകുപ്പ് സെക്രട്ടറി ആശിഷ് മോറെയെയാണ് സ്ഥലംമാറ്റിയത്. ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി ഉണ്ടാകും.

ഡൽഹിയിലെ ഭരണനിർവഹണം സംബന്ധിച്ച് കേജ്‌രിവാൾ സർക്കാരും ലഫ്റ്റ്‌നന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ്, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി. പൊതുപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് സുപ്രീം കോടതി വിധിക്ക് തൊട്ടുപിന്നാലെ കേജ്രിവാൾ സൂചിപ്പിച്ചിരുന്നു. ''തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള അധികാരം ഉണ്ടായിരിക്കും. ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിലൂടെ മാത്രമേ പ്രവർത്തിക്കൂ'' ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തു.

ലഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡൽഹി സർക്കാരാണ് കോടതിയെ സമീപിച്ചത്. ഐഎഎസ് ഓഫിസർമാരുരെട നിയമനം റദ്ദാക്കി, നിർണായകമായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നില്ല, അടിസ്ഥാനപരമായ ഭരണകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു തുടങ്ങിയ വാദങ്ങൾ ഡൽഹി സർക്കാർ കോടതിക്കു മുന്നിൽ നിരത്തി. ഇതിലെല്ലാം കാര്യമുണ്ടെന്ന് സുപ്രീംകോടതി തിരിച്ചറിഞ്ഞു. അങ്ങനെയാണ് ആംആദ്മിക്ക് അനുകൂല വിധിയുണ്ടാകുന്നത്.

നിയന്ത്രണ അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണെന്നതിനാൽ ഉദ്യോഗസ്ഥർ സർക്കാരിന്റെ ഉത്തരവുകൾ അനുസരിക്കുന്നില്ലെന്ന്‌കേജ്രിവാൾ ആരോപിച്ചിരുന്നു. പൊലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണെന്നാണ് വ്യാഴാഴ്ച സുപ്രീം കോടതി വിധിച്ചത്. ഡൽഹിയിലെ ഭരണാധികാരം തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനാണെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചത്.

ഭരണഘടനയുടെ 239 എ.എ. അനുച്ഛേദപ്രകാരം ആർക്കാണ് ഡൽഹിയിലെ ഭരണപരമായ അധികാരമെന്ന വിഷയത്തിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ സുപ്രധാന വിധി പ്രസ്താവം. ഡൽഹി നിയമസഭയ്ക്ക് നിയമ നിർമ്മാണത്തിന് അധികാരമുള്ള എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെമേലും സംസ്ഥാന സർക്കാരിന് അധികാരം ഉണ്ടായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂമി, പൊലീസ്, പൊതുക്രമം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും ഡൽഹി സർക്കാരിന് നിയമ നിർമ്മാണത്തിനുള്ള അധികാരം ഉണ്ട്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണാധികാരം ഇല്ലെങ്കിൽ അത് ജനങ്ങളോടും നിയമ നിർമ്മാണ സഭയോടും ഉള്ള ഉത്തരവാദിത്വം കുറയുന്നതിന് തുല്യമായിരിക്കുമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. മന്ത്രിമാർക്ക് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ മന്ത്രിമാരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ അത് കൂട്ടുത്തരവാദിത്വത്തെ ബാധിക്കുമെന്നും സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധിച്ചു.

ഡൽഹിയിലെ ലെഫ്റ്റനന്റ് ഗവർണർ, സർക്കാരിന്റെ ഉപദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥനാണെന്നാണ് 2018-ൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ഇക്കാര്യം സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വീണ്ടും ആവർത്തിച്ചു. രാഷ്ട്രപതി ചുമതലപ്പെടുത്തിയിരിക്കുന്ന ഭരണപരമായ അധികാരം ലെഫ്റ്റനന്റ് ഗവർണർക്ക് ഉണ്ട്. എന്നാൽ ആ അധികാരം ഉപയോഗിച്ച് എല്ലാ ഭരണപരമായ വിഷയങ്ങളിലും ലെഫ്റ്റനന്റ് ഗവർണർക്ക് ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അങ്ങനെയുള്ള ഇടപെടൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന സംവിധാനത്തിന്റെ ലക്ഷ്യത്തിന് എതിരാണെന്നും സുപ്രീം കോടതി വിധിച്ചു.