- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദായ നികുതി ഇളവ് ആശമാര്‍ക്ക് തിരിച്ചടിയായെന്ന് വാദിക്കുന്ന ബേബി; ചര്‍ച്ചയെ കുറിച്ച് ആലോചിക്കുന്ന ബേബി; ജമാഅത്തെ ഇസ്ലാമി-എസ് യു സി ഐ- എസ് ഡി പി ഐ ഇടപെടലിനെ പ്രശ്നമായി കാണുന്ന സിപിഎം; ആശമാരുടെ സമരം തീര്‍ക്കാന്‍ ചര്‍ച്ചയ്ക്ക് സാധ്യത; സര്‍ക്കാര്‍ ആലോചനകളിലേക്ക്
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാരും സിപിഎമ്മും മുന്നിട്ടിറങ്ങിയേക്കും. സമരം അവസാനിപ്പിക്കാന്‍ ആശാ വര്‍ക്കര്‍മാരെ മുഖ്യമന്ത്രിതന്നെ ചര്‍ച്ചയ്ക്കു വിളിക്കേണ്ടതുണ്ടോയെന്ന് ആലോചിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത് ഈ സാഹചര്യത്തിലാണ്. ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ജനാധിപത്യസമൂഹത്തില്‍ സമരം നടത്തുന്നതില്‍ കുഴപ്പമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍, ആശാ വര്‍ക്കര്‍മാരുടെ സമരം കൈകാര്യം ചെയ്യുന്നതില്‍ ജമാഅത്തെ ഇസ്ലാമി, എസ്യുസിഐ, എസ്ഡിപിഐ തുടങ്ങിയ സംഘടനകള്‍ ഇടപെടുന്നതാണു പ്രശ്‌നം. അവരുടെ ശമ്പളം തുച്ഛമാണെന്നതു വസ്തുതയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടുതല്‍ ശമ്പളം കിട്ടുന്നുണ്ട്. ആശാ വര്‍ക്കര്‍മാരോട് ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ സമര വിഷയം സിപിഎം ചര്‍ച്ച ചെയ്യും. അതിന് ശേഷം യോഗം വിളിക്കുമെന്നാണ് സൂചന. സിഐടിയു സംഘടനയുമായി ചര്‍ച്ച നടത്തും. അതിന് ശേഷം തീരുമാനം പ്രഖ്യാപിക്കും. എസ് യു സി ഐയെ ചര്‍ച്ചയ്ക്ക് വിളിക്കില്ലെന്നാണ് സൂചന.
അതിനിടെ മറ്റൊരു വിചിത്ര ന്യായവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും രംഗത്തു വന്നു. കേന്ദ്ര ബജറ്റില്‍ ഉയര്‍ന്ന ഇടത്തരക്കാരെ സന്തോഷിപ്പിക്കാനായി നല്‍കിയ ആദായ നികുതിയിളവ് ഒഴിവാക്കിയിരുന്നെങ്കില്‍ അതിലൂടെ ലഭിക്കുമായിരുന്ന ഒരു ലക്ഷം കോടി രൂപകൊണ്ട് കേന്ദ്രത്തിന് ആശമാരും അങ്കണവാടി ജീവനക്കാരും ഉള്‍പ്പെടെയുള്ളവരുടെ വേതനം ഉയര്‍ത്താമായിരുന്നെന്ന് എം.എ.ബേബി പറയുന്നു. അതായത് ഇടത്തരക്കാര്‍ക്ക് ആശ്വാസമായ നികുതി ഉയര്‍ത്തല്‍ വേണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ് ബേബി. അങ്ങനെയെങ്കില്‍ അത് സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് രാജ്ഭവനു മുന്നില്‍ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'രാജ്യത്തിന്റെ ഐക്യത്തിന് തുരങ്കം വയ്ക്കുന്ന സാമ്പത്തിക നയം പൊട്ടിത്തെറിയിലേക്കു നയിക്കും' ബേബി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ക്ക് ഉപാധിരഹിത ഓണറേറിയം അനുവദിച്ചുള്ള ഉത്തരവിനെ എസ്യുസിഐ സമരവിജയമാക്കി മാധ്യമങ്ങള്‍ ആഘോഷിക്കുന്നുവെന്ന പരിഹാസവുമായി ദേശാഭിമാനിയും രംഗത്തു വന്നു. എസ്യുസിഐയുടെ സെക്രട്ടറിയറ്റ് ഉപരോധ ദിവസം സര്‍ക്കാര്‍ ഈ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായി എന്ന് വരുത്തിതീര്‍ക്കാനാണ് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ശ്രമിച്ചത്. എന്നാല്‍, ഫെബ്രുവരി ആറിന് ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) പ്രതിനിധികളുമായി എന്‍എച്ച്എം, ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലെ പ്രധാന ആവശ്യമാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍ നടപ്പാക്കിയത്. ആശമാര്‍ക്ക് ഉപാധിരഹിത ഓണറേറിയം നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഒരുമാസം മുമ്പ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് 12ന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആശാമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച വിജ്ഞാപനം പരിഷ്‌കരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെയും എന്‍എച്ച്എമ്മിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് ദേശാഭിമാനി പറയുന്നു.
ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) ഡിഎച്ച്എസിന് മുന്നില്‍ നടത്തിയ അനിശ്ചിതകാല സമരത്തിന്റെ രണ്ടാം ദിവസമായിരുന്നു ചര്‍ച്ച. 10 മാനദണ്ഡങ്ങളില്‍ അഞ്ചെണ്ണം പൂര്‍ത്തീകരിച്ചാലായിരുന്നു 7000 രൂപ ഓണറേറിയം ലഭിച്ചിരുന്നത്. ഈ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് പുതിയ തീരുമാനം. ഇനി പ്രാഥമികമായ ജോലി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുഴുവന്‍ ഓണറേറിയത്തിനും അര്‍ഹതയുണ്ടാകും. സംസ്ഥാനത്ത് ആകെ 26,125 ആശമാരാണുള്ളത്. എസ്യുസിഐ, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ നേതൃത്വത്തില്‍ ഒരുവിഭാഗം ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയ സമരനാടകത്തില്‍ മറനീക്കി 'മഴവില്‍ സഖ്യ' പിന്തുണ നല്‍കുന്നുവെന്നാണ് ദേശാഭിമാനി ആരോപിക്കുന്നത്. ഐഎന്‍ടിയുസി തള്ളിപ്പറഞ്ഞിട്ടും സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസും ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടത് കേന്ദ്രമാണെന്ന വസ്തുത മറച്ച് ബിജെപിയും തിങ്കളാഴ്ച സെക്രട്ടറിയറ്റിനുമുന്നില്‍ നടത്തിയ സമരത്തിനെത്തിയെന്നും ദേശാഭിമാനി പറയുന്നു. സിപിഎമ്മിന്റെ മുഖപത്രം ഇത്തരം നിലപാടുകള്‍ എടുക്കുമ്പോള്‍ ആശാ സമരം തീരുമോ എന്ന ആശങ്ക സജീവമാണ്.
സെക്രട്ടറിയറ്റിന്റെ നോര്‍ത്ത് ഗേറ്റ് ഉപരോധിക്കാന്‍ പ്രതിപക്ഷ സംഘടനകള്‍ നേരിട്ടെത്തി. അനുയായികളെ ബാഡ്ജ് നല്‍കി സമരത്തിന് ഇരുത്തി. വി ഡി സതീശന്‍, കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഒറ്റക്കെട്ടായാണ് എസ്യുസിഐ സമരത്തെ ഏറ്റെടുത്തത്. ഓണറേറിയം വര്‍ധിപ്പിച്ച് നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സൂചിപ്പിക്കാന്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല. അതേസമയം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പതിനായിരം രൂപ ഓണറേറിയം നല്‍കുന്നുവെന്ന കളളം തട്ടിവിടുകയുംചെയ്തു. അതിനിടെ 20 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് എസ്യുസിഐ നേതൃത്വം പ്രഖ്യാപിച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകരെയടക്കം നിരത്തി ചില ചാനലുകള്‍ രാപകല്‍ കൊട്ടിഘോഷിച്ചിട്ടും കാര്യമായ ഒരു ചലനവും സൃഷ്ടിക്കാന്‍ എസ്യുസിഐ സമരത്തിന് കഴിഞ്ഞില്ലെന്നാണ് സെക്രട്ടറിയേറ്റ് ഉപരോധവും തെളിയിച്ചത്. സെക്രട്ടറിയറ്റിന്റെ പ്രവര്‍ത്തനത്തേയും സമരം ബാധിച്ചില്ലെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിമാസം 7,000 രൂപ ഓണറേറിയം ലഭിക്കാന്‍ നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങളില്‍ 5 എണ്ണം പാലിച്ചാല്‍ മതിയെന്ന് 2023ല്‍ ഉത്തരവുണ്ടായിരുന്നു. ഇതു ഭേദഗതി ചെയ്തുകൊണ്ടാണ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 2007ലാണ് കേരളത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആശ ആരംഭിക്കുന്നത്. ആയിരം ജനങ്ങള്‍ക്ക് ഒരു ആശ എന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ആശമാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വാര്‍ഡ് ആന്‍ഡ് ഹെല്‍ത്ത്, സാനിട്ടേഷന്‍ ആന്‍ഡ് ന്യൂട്രീഷന്‍ കമ്മിറ്റിയില്‍ ആശയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനും സഹായകരമാകുന്നതിന് ഒരു വാര്‍ഡില്‍ ഒരു ആശ എന്ന രീതിയില്‍ നിലവിലുള്ള ആശമാരെ 2018 ല്‍ പുനക്രമീകരിച്ചു.
നിലവില്‍ 21,529 ആശമാര്‍ ഗ്രാമ പ്രദേശങ്ങളിലും 4,104 ആശമാര്‍ നഗര പ്രദേശങ്ങളിലും 492 ആശമാര്‍ ട്രൈബല്‍ മേഖലയിലുമുണ്ട്. ആകെ 26,125 ആശമാരാണ് സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നത്.