- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സൗദി ജയിലിലെത്തി അന്ന് മകനെ നേരിട്ടു കണ്ടത് മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം; റഹീമിന്റെ മോചനത്തിനായി കാത്തിരിക്കവെ നിര്‍ണായക കോടതി വിധി; മരിക്കും മുമ്പേ റഹീമിനെ കാണണമെന്ന് മാതാവ് ഫാത്തിമ; വിധി ആശ്വാസകരമെന്ന് നിയമസഹായ സമിതി
വിധിക്ക് പിന്നാലെ പ്രതികരിച്ച് മാതാവ് ഫാത്തിമ
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി കാത്തിരിപ്പ് തുടര്‍ന്ന് മാതാവ് ഫാത്തിമയും കുടുംബവും. അബ്ദുല്‍ റഹീമിന് ഇനി ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന റഹീമിന്റെ ശിക്ഷ 20 വര്‍ഷം തടവായി കുറച്ചു. റഹീം ഇതിനോടകം 19 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2026 ഡിസംബറില്‍ റഹീമിന്റെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകും. 34 കോടി രൂപ ദയാധനം നല്‍കിയതിനെത്തുടര്‍ന്ന് വധശിക്ഷ റദാക്കിയത്. സ്‌പോണ്‍സറുടെ മകന്റെ മരണത്തിന് കാരണക്കാരനായെന്നതായിരുന്നു റഹീമിന് ശിക്ഷ ലഭിക്കാന്‍ കാരണം.
20 വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ മാതാവ് ഫാത്തിമ പ്രതികരിച്ചു. അബ്ദുല്‍ റഹീം കേസില്‍ നിര്‍ണായകമായ വിധിയാണ് ഇന്നുണ്ടായത്. സ്വന്തം മകനെ കണ്ടാലേ ആശ്വാസമാകൂയെന്നും മരിക്കും മുമ്പേ റഹീമിനെ കാണണമെന്നും ഉമ്മ ഫാത്തിമ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സൗദി ജയിലിലെത്തി അബ്ദുല്‍ റഹീമിനെ ഉമ്മയെ നേരില്‍ കണ്ടിരുന്നു. അരമണിക്കൂറോളം അന്ന് സംസാരിക്കാനും കഴിഞ്ഞു. മകനെ കാണാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഉമ്മയും ബന്ധുക്കളും ജയിലിലെത്തിയിരുന്നെങ്കിലും റഹീം കാണാന്‍ നില്‍ക്കാതെ മടക്കി അയക്കുകയായിരുന്നു. മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ശേഷമാണ് ഫാത്തിമ മകനെ കാണാന്‍ റിയാദ് ജയിലെത്തിയത്. റഹീം കാണാന്‍ മനസ് കാണിക്കണേയെന്ന പ്രാര്‍ഥന ഫലം കണ്ടു. ആറ്റുനോറ്റിരുന്ന പതിനെട്ട് വര്‍ഷത്തിനൊടുവിലാണ് ഉമ്മയും മകനും പരസ്പരം കണ്ടത്.
അതേസമയം വിധി ആശ്വാസകരമാണെന്ന് നിയമസഹായ സമിതി പറഞ്ഞു. ഒരു വര്‍ഷത്തിനകം ജയില്‍ മോചനം ഉണ്ടാകും. വിധി പകര്‍പ്പ് വന്നാല്‍ മാത്രമേ ബാക്കി വിവരം ലഭിക്കൂ. സുപ്രീംകോടതിയില്‍ പോയി വിധി സ്റ്റാമ്പ് ചെയ്തു വരണം. അതിന് ഒരു മാസം സമയം എടുക്കും. പൊതുഅവകാശ (പബ്ലിക് റൈറ്റ്‌സ്) പ്രകാരം 20 വര്‍ഷത്തേക്കാണ് തടവുശിക്ഷ വിധിച്ചത്. റിയാദ് ക്രിമിനല്‍ കോടതിയില്‍ സൗദി സമയം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് തീര്‍പ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി. അതിനുശേഷം ജയില്‍ മോചനമുണ്ടാവും. 2026 ഡിസംബറില്‍ കേസിന് 20 വര്‍ഷം തികയും.
റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന റഹീമിന്റെ തടവുകാലം 19-ാം വര്‍ഷത്തിലാണ്. റഹീമിന് അടുത്ത വര്‍ഷം മോചനമുണ്ടാകും. ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ജയിലില്‍ നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധിയും റഹീം കുടംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു. ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിങ്.
ഒറിജിനല്‍ കേസ് ഡയറി പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണം എന്ന് പറഞ്ഞാണ് അന്ന് കേസ് മാറ്റിവെച്ചത്. സ്വകാര്യ അവാകാശത്തിന്റെ അടിസ്ഥാനത്തില്‍ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നല്‍കിയതോടെ ഒമ്പത് മാസം മുമ്പ് ഒഴിവായത്. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരം തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ ഇടയാക്കിയിരുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 13 സിറ്റിങ്ങാണ് നടന്നത്.