റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ സൗദി ജയിലിൽ നിന്നും മോചിപ്പിക്കാനുള്ള നടപടികൾ പുതിയ തലത്തിലേക്ക്. അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു. ഇതോടെ മോചനത്തിനുള്ള നടപടികൾ വേഗത്തിലാകും. ദിയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്ക് റഹീമിന് വേണ്ടി സൗദി ഗവർണറേറ്റിന് കൈമാറയിരുന്നു. ഇതിന് പിന്നാലെയാണ് അനസിന്റെ അനന്തരാവകാശികൾ അനുരഞ്ജന കരാറിൽ ഒപ്പ് വെച്ചത്. ഇരുവിഭാഗവും ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥർ സാക്ഷിയായി കരാറിൽ ഒപ്പ് വച്ചു.

അനുരഞ്ജന കരാറിൽ ഒപ്പിട്ട് കഴിഞ്ഞതിനാൽ ഇനി കോടതി നിർദ്ദേശം നിർണ്ണായകമാകും. ഒറിജിനൽ ചെക്ക് ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിലോ കോടതിയിലോ സമർപ്പിക്കും. ഇതോടെ രേഖാമൂലമുള്ള എല്ലാ ഇടപാടുകളും അവസാനിക്കും. തുടർന്ന് കോടതി നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനം. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് കൊല്ലപ്പെട്ട അനസിന്റെ കുടുംബത്തിന് നൽകാനുള്ള ദിയ ധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.

പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൽ റഹീമിന് ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബം അറിയിച്ചിരുന്നു. ഇക്കാര്യം വാദിഭാഗം അഭിഭാഷകൻ മുഖാന്തരം കുട്ടിയുടെ ഉമ്മയും ബന്ധുക്കളും സൗദിയിലെ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി ഇത് ഫയലിൽ സ്വീകരിക്കുകയും ചെയ്തു. ഇനി ദിയാധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽകുകയാണ് സൗദി കോടതിയിൽ നിന്നുണ്ടാവേണ്ട പരമപ്രധാന നടപടി. അതും സംഭവിച്ചു കഴിഞ്ഞു.

15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്ദുൽ റഹീം റിയാദിലെത്തി 28ാമത്തെ ദിവസമായിരുന്നു ഇത്. റഹീമിന്റെ സ്‌പോൺസറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്രിയുടെ മകനാണ് അനസ്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.

അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്‌നൽ ലംഘിച്ച് പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റേ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു. പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി.

ഏറെനേരെ അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണ് ചലനമില്ലാതെ കിടക്കുന്നത് കണ്ടത്. ഇതോടെ ഭയന്നുപോയ അബ്ദുറഹീം സൗദിയിൽത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ച് വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന വിചാരണയിലാണ് അബ്ദുൽ റഹീമിന് വധശിക്ഷയും നസീറിന് പത്തുവർഷം തടവും കോടതി വിധിച്ചത്.

ഏറെക്കാലത്തെ അപേക്ഷയ്ക്ക് ശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുറഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. പതിനെട്ട് വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.